കുറഞ്ഞ ചിലവിൽ ചന്ദ്രയാന്‍ 3 ദൗത്യ വിക്ഷേപണം സാധ്യമാക്കിയത് ഇന്ത്യയുടെ ബഹിരാകാശ വാണിജ്യ വിക്ഷേപണ രംഗത്ത് ഉണ്ടാക്കുന്ന മാറ്റങ്ങൾ അനവധിയാണ്. ചന്ദ്രനിലെത്തി ഗവേഷണങ്ങൾ നടത്തുന്ന, ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി പട്ടികയിൽ ഇന്ത്യയും ഇടം നേടും. ഇന്ത്യയുടെ ഭാവി ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങൾക്കിതു ശക്തിയും ലോക നേതൃത്വവും നൽകും.
നേരത്തെ പരാജയപ്പെട്ട ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ തുടര്‍ച്ചയായ ചന്ദ്രയാന്‍ 3 വിക്ഷേപണം വിജയകരമായതോടെ ഇനി ഇന്ത്യ കാത്തിരിക്കുന്നത് പേടകം വിജയകരമായി ചന്ദ്രനില്‍ ഇറങ്ങാനുള്ള സമയത്തിനാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-നാണ് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ എല്‍.വി.എം. 3 (ലോഞ്ച് വെഹിക്കില്‍ മാര്‍ക്ക് 3) റോക്കറ്റിലേറി ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നത്. 22 മിനിറ്റിനകം റോക്കറ്റ് പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള താല്‍ക്കാലിക ഭ്രമണപഥത്തില്‍ (പാര്‍ക്കിങ് ഓര്‍ബിറ്റ്) എത്തിച്ചു. ഇനി 40 ദിവസത്തെ കാത്തിരിപ്പ്.
ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍ 3 പേടകത്തെ ഓഗസ്റ്റ് 23-നോ 24-നോ ചന്ദ്രനില്‍ ഇറക്കാനാണ് ഇസ്‌റോ ലക്ഷ്യമിടുന്നത്. ചന്ദ്രനിലെ സൂര്യോദയത്തെ ആശ്രയിച്ചായിരിക്കും ഇത്. ലാന്‍ഡര്‍, റോവര്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നീ മൂന്ന് ഘടകങ്ങളാണ് ചന്ദ്രയാന്‍ 3-ലുള്ളത്. ലാൻഡറും റോവറും ചന്ദ്രനിൽ ലഭിക്കുന്ന സൗരോർജം ഉപയോഗിച്ചാകും പ്രവർത്തിക്കുക.
ഇതില്‍ ലാന്‍ഡറാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക. റോക്കറ്റില്‍നിന്ന് വേര്‍പെടുന്ന ലാന്‍ഡറിനെ ചാന്ദ്രപ്രതലത്തിന് 100 കിലോ മീറ്റര്‍ അടുത്തെത്തിക്കുന്ന ചുമതലയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനുള്ളത്. തുടര്‍ന്ന് ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രനിലേക്ക് കുതിക്കും. പിന്നീട് ലാന്‍ഡറും ഭൂമിയുമായുള്ള ആശയവിനിമയത്തിനുള്ള ഇടനിലക്കാരനായും പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ പ്രവര്‍ത്തിക്കും. റോവർ ആകും ചന്ദ്രന്റെ പ്രതലത്തിൽ പര്യവേക്ഷണം നടത്താനിറങ്ങുക.
വെറും 615 കോടി രൂപയ്ക്കാണ് ഇന്ത്യ ചന്ദ്രയാൻ 3 മിഷൻ യാഥാർത്ഥ്യമാക്കിയത്. ചന്ദ്രനിലെ ഹെർമോഫിസിക്കൽ സ്വഭാവം, ലൂണാർ സെയ്മിസിറ്റി അഥവാ ചന്ദ്രോപരിതലത്തിനടിയിൽ സംഭവിക്കുന്ന പ്രകമ്പങ്ങൾ, പ്ലാസ്മ എൻവയോൺമെന്റ്, ഹൈഡ്രജൻ, ഹീലിയം ഉൾപ്പെടെയുള്ളവയുടെ സാനിധ്യം പഠിക്കുന്ന elemental composition ടെസ്റ്റുകൾ എന്നിവയും മൂന്നാം ചാന്ദ്രദൗത്യത്തിലെ പ്രധാന ലക്ഷ്യങ്ങളാണ്. ഭാവിയിൽ വളരെ പ്രാധാന്യമർഹിക്കുന്ന തന്ത്രപരമായ മേഖലകളാണിത്.
ചന്ദ്രനിൽ താരമാകുക വിക്രമിലെ പ്രജ്ഞാൻ.
വിക്രം എന്ന് പേരുള്ള ലാന്‍ഡറും പ്രജ്ഞാന്‍ എന്ന റോവറുമാണ് മൂന്നാം ചാന്ദ്ര ദൗത്യത്തില്‍ ഇന്ത്യ ചന്ദ്രനില്‍ ഇറക്കുന്നത്. ചന്ദ്രയാൻ 2ലും അത് തന്നെയായിരുന്നു ഇരുവരുടെയും പേരുകൾ. 14 ദിവസമാണ് ലാൻഡറിന്റെയും റോവറിൻെറയും ആയുസായി ISRO കണക്കാക്കിയിരിക്കുന്നത്. അതിനുള്ളിൽ ദൗത്യം പൂർത്തിയാക്കണം.
ലാന്‍ഡറിനകത്താണ് റോവറിന്റെ സ്ഥാനം. ലാന്‍ഡിങ് കഴിഞ്ഞാല്‍ പിന്നുള്ള റോൾ റോവറിനാണ്., ലാന്‍ഡറിനുള്ളില്‍നിന്ന് വാതില്‍ തുറന്ന് പുറത്തേക്ക് ഉരുണ്ട് നീങ്ങുന്ന റോവര്‍ ചന്ദ്രോപരിതലത്തില്‍ പര്യവേക്ഷണം നടത്തും. പൂര്‍ണമായും സൗരോര്‍ജനത്തിലാണ് ലാന്‍ഡറും റോവറും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഒരു ചാന്ദ്രദിനം മാത്രമാണ് ഇതിന്റെ ആയുസ്. ഭൂമിയിലെ കണക്കുവെച്ചു നോക്കിയാല്‍ ഇത് 14 ദിവസമാണ്. 14 ദിവസം റോവര്‍ ചന്ദ്രനില്‍ പര്യവേക്ഷണ നടത്തി സുപ്രധാനമായ പല വിവരങ്ങളും ശേഖരിക്കും. ചന്ദ്രന്റെ പ്രതലത്തിൽ സൂര്യപ്രകാശമുള്ള 14 ദിവസം പിന്നിട്ടു കഴിഞ്ഞാല്‍ ആവശ്യത്തിന് ഊര്‍ജം റോവറിനും ലാന്‍ഡറിനും കിട്ടില്ല എന്നാണ് വിലയിരുത്തൽ. ഇതോടെ ദൗത്യം അവസാനിക്കും.
പിഴവ് തിരുത്തിയ ദൗത്യം ഇത്തവണ
അവസാന നിമിഷം പരാജയപ്പെട്ട ചന്ദ്രയാന്‍ 2 ല്‍ നിന്നു ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത് തിരിച്ചടികളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ചന്ദ്രയാന്‍ 3 പേടകത്തെ ഇസ്‌റോ ചന്ദ്രനിലേക്ക് അയച്ചത്. അവസാന നിമിഷം വിക്രം ലാന്‍ഡറുമായുള്ള ഭൂമിയിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായതാണ് കഴിഞ്ഞ തവണ ദൗത്യം പരാജയപ്പെടാന്‍ കാരണം. സോഫ്റ്റ്‌വെയറിലുള്ള പ്രശ്‌നമായിരുന്നു അന്ന് തിരിച്ചടിയായത്. ഇതെല്ലാം പരിഹരിച്ച് സാങ്കേതികമായി കൂടുതല്‍ മികവുറ്റതാണ് ഇത്തവണ അയച്ചിരിക്കുന്നു പുതിയ വിക്രം ലാന്‍ഡര്‍.
റോവറും ലാൻഡറും കൈകോർക്കുന്ന പര്യവേക്ഷണം
ഭൂമിയില്‍നിന്ന് കാണാന്‍ സാധിക്കാത്ത ചന്ദ്രന്റെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ ഇറങ്ങുക. ഐസ് രൂപത്തില്‍ ജലനിക്ഷേപമുണ്ടെന്ന് കരുതുന്ന മേഖലയാണിത്. സൗരയൂഥത്തിന്റെ പുരാതന കാലത്തെക്കുറിച്ചുള്ള തെളിവുകള്‍ ഇവിടെ മറഞ്ഞിരിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഈ മേഖലയില്‍ ആദ്യമായി ഗവേഷണത്തിന് ശ്രമിക്കുന്നതും ഇന്ത്യയാണ്.
അല്പം ക്ഷമയുണ്ടാകണം റോവറിനും ലാൻഡറിനും. ലാൻഡ് ചെയ്താലും സമയമെടുക്കും പര്യവേക്ഷണം തുടങ്ങാൻ. എന്നാൽ നിശ്ചിത 14 ദിവസത്തിനകം പര്യവേക്ഷണം പൂർത്തിയാക്കുകയും വേണം. അതിനാൽ തികച്ചും സമയബന്ധിതമായ ഷെഡ്യൂൾ ആണ് ഇരുവർക്കും നിശ്ചയിച്ചിരിക്കുന്നത്.
ചന്ദ്രന്റെ ഭ്രമണപഥം വിട്ട് ലാന്‍ഡര്‍ താഴേക്ക് പതിച്ച് തുടങ്ങിയാല്‍ ത്രസ്റ്ററുകള്‍ കത്തിച്ച് എതിർ വേഗത നൽകി താഴേക്കുള്ള വരവ് നിയന്ത്രിച്ചാണ് ലാന്‍ഡ് ചെയ്യിക്കുക. ഇതിനായി നാല് പ്രധാന ത്രസ്റ്ററുകളും എട്ട് ചെറു ത്രസ്റ്ററുകളുമാണ് ലാന്‍ഡറിലുള്ളത്. അടിയന്തര ഘട്ടത്തില്‍ ഇടിച്ചിറങ്ങിയാലും ആഘാതം കുറക്കുന്ന രീതിയിലാണ് ലാന്‍ഡറിന്റെ കാലുകളുടെ രൂപകല്‍പന. പ്രൊപ്പല്‍ഷന്‍ സംവിധാനവും ലാന്‍ഡറിന്റെ സോഫ്റ്റ് വെയറും അല്‍ഗോരിതവും പരിഷ്‌കരിച്ചിട്ടുണ്ട്. കൂടുതല്‍ ഇന്ധന ക്ഷമതയും ഉറപ്പുവരുത്തി. സോഫ്റ്റ് ലാന്‍ഡിങ്ങിലെ ദിശയും വേഗതയും മനസിലാക്കി നിയന്ത്രിക്കാൻ കൂടുതല്‍ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അധികം ഊർജം ലഭിക്കാന്‍ സോളാര്‍ പാനലിന്റെ വിസ്തൃതി കൂട്ടി.
ചന്ദ്രേപരിതലത്തില്‍ അഞ്ചു മുതല്‍ 10 മീറ്റര്‍ വരെ പൊടിയും പാറക്കഷണങ്ങളും ചേര്‍ന്ന പ്രതലമുണ്ട്. കഴിഞ്ഞ ലാൻഡിങ്ങിൽ ISRO ക്ക് അത് സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ലഭിച്ചിരുന്നു. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിൽ ലാന്‍ഡ് ചെയ്യുമ്പോള്‍ വലിയതോതില്‍ പൊടിപലങ്ങള്‍ ഉയരാം. പൊടി താഴുന്നതുവരെ കാത്തിരുന്ന ശേഷമാണ് ലാന്‍ഡറിനുള്ളില്‍നിന്ന് റോവര്‍ പുറത്തേക്കിറങ്ങുക. തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍നിന്ന് ശേഖരിക്കുന്ന വസ്തുക്കളുടെ സാംപിള്‍ എടുത്ത് അതില്‍ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്ന വിവരം റോവര്‍ ലാന്‍ഡറിന് കൈമാറും. ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ വഴി ഈ വിവരം ഭൂമിയിലേക്ക് എത്തിക്കും.
അത്ര സോഫ്റ്റല്ല ലാൻഡിംഗ്, അതി സങ്കീർണം
ലാൻഡിംഗ് സങ്കീർണമാക്കുന്നതിന് കാരണം ചന്ദ്രനിലെ പ്രതികൂല സാഹചര്യമാണ്. ഭൂമിയിൽ നിന്നുള്ള കമാന്റുകൾക്കനുസരിച്ച് ലാൻഡറിന്റെ നിയന്ത്രണത്തിലാണ് ചാന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്യുന്നത്. സെന്‍സറുകളുടെയും മറ്റു ഉപകരണങ്ങളുടെയും സഹായത്തോടെ ലാന്‍ഡര്‍ സ്വയമാണ് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറങ്ങുന്നത്.
നിരവധി പാറകളും അഗാധമായ ഗര്‍ത്തങ്ങളും നിറഞ്ഞതാണ് ഉപരിതലം. ദുർബലമായ ഗുരുത്വാകര്‍ഷണവും വെല്ലുവിളിയാണ്. ഗുരുത്വാകര്‍ഷണത്തില്‍ മാറ്റമുള്ളതിനാല്‍ പേടകത്തിന്റെ ഭൂമിയിലെ ഭാരത്തെക്കാൾ അവിടെ ആറ് മടങ്ങോളം കുറയും. ഇത്രയേറെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമുള്ള ഒരിടത്ത് പേടകം ഇറക്കുക എന്നത് ദുഷ്‌കരമാണ്.
അതീവ ഹൈടെക്ക് ലാൻഡർ
പാറയും ഗര്‍ത്തങ്ങളും ഒഴിവാക്കി നിരപ്പായ സ്ഥലത്ത് ലാന്‍ഡിങ്ങിന് സാധിച്ചാല്‍ മാത്രമേ ചന്ദ്രയാന്‍ 3-ന് ആയുസുള്ളു. ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനും ലാന്‍ഡറില്‍ സംവിധാനമുണ്ട്. ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റെക്ഷന്‍ ക്യാമറ, ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ക്യാമറ, ലാന്‍ഡര്‍ ഹൊറിസോണ്ടര്‍ വെലോസിറ്റി ക്യാമറ എന്നിങ്ങനെ മൂന്ന് ക്യമാറകള്‍ ഉള്‍പ്പെടെ ഒമ്പത് സെന്‍സറുകള്‍ ലാന്‍ഡറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചന്ദ്രോപരിതലത്തിലേക്ക് അടുത്തുകൊണ്ടിരിക്കേ ഉയരവും വേഗവും കൃത്യമായി അറിയാനും അപകടങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനും ഈ സെന്‍സറുകള്‍ സഹായിക്കും. സെന്‍സറുകളില്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലാന്‍ഡിങ് നിയന്ത്രിക്കുക പേടകത്തില്‍ നേരത്തെ പ്രോഗ്രാം ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയറാണ്.
ഇത്തവണത്തെ വിക്ഷേപണത്തിൽ ചന്ദ്രയാന്‍ മൂന്നില്‍ ഓര്‍ബിറ്റര്‍ ഇല്ല. ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തന സജ്ജമായതിനാല്‍ അവശ്യഘട്ടത്തില്‍ അതുതന്നെ ചന്ദ്രയാന്‍ 3-ലും ഉപയോഗപ്പെടുത്തും.
ദൗത്യം ഏറ്റെടുത്തു ബാഹുബലി
ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമാണ് ബാഹുബലി എന്ന് വിളിക്കുന്ന തിരുവനന്തപുരം വിഎസ്എസ്സി വികസിപ്പിച്ചു നൽകിയ എല്‍വിഎം 3. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. ഇതിലേറിയാണ് ചന്ദ്രയാന്‍ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്. നാലോ അഞ്ചോ ടണ്‍ ഭാരമുള്ള ഉപഗ്രഹത്തെ 36000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലേക്ക് ഉയര്‍ത്താന്‍ കഴിവുള്ള റോക്കറ്റാണിത്.
ഗഗൻ യാനിലും LVM 3
മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള ISRO യുടെ ഭാവി ഗഗന്‍യാന്‍ ദൗത്യത്തിലും ഇതേ എല്‍വിഎം റോക്കറ്റ് ആണ് ഉപയോഗിക്കുന്നത്. എല്‍വിഎം 3 റോക്കറ്റിന്റെ ഏഴാമത്തെ ദൗത്യമാണ് ചന്ദ്രയാന്‍ 3. ഇതുവരെ എല്‍വിഎം ബഹിരാകാശത്തേക്ക് നടത്തിയ ദൗത്യമെല്ലാം വിജയകരം. അതിനാല്‍ ഇസ്‌റോയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനവും ഇതുതന്നെ.
ചന്ദ്രയാന്‍ 3 പേടകം
കഴിഞ്ഞ തവണ സംഭവിച്ച പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്രിമ ചന്ദ്രോപരിതലം തന്നെ സൃഷ്ടിച്ച് ആയിരുന്നു ISRO പരീക്ഷണങ്ങള്‍ നടത്തിയത്. അതൊക്കെ വിജയകരമെന്ന് വിലയിരുത്തിയ ശേഷമാണ് ദൗത്യ വിക്ഷേപണത്തിലേക്കു തിരിഞ്ഞത്.
കഴിഞ്ഞആറു പതിറ്റാണ്ടിനിടെ നടന്ന വിവിധ രാജ്യങ്ങളുടെ ചാന്ദ്ര ദൗത്യത്തില്‍ മൂന്നിലൊന്നും പരാജയപ്പെട്ടിരുന്നു. അത് തന്നെയാണ് ദൗത്യം വിജയകരമാക്കുന്നതിൽ ISRO നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.
ചന്ദ്രനില്‍ ഇന്ത്യ തേടുന്ന രഹസ്യങ്ങള്‍
ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ഭാവിദൗത്യങ്ങള്‍ക്കുള്ള വിവരശേഖരണം കൂടിയാണ് ഈ ദൗത്യം. ചന്ദ്രനില്‍ ലാന്‍ഡറിനെ സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കാനുള്ള ശേഷി ശാസ്ത്രജ്ഞർക്കും, സാങ്കേതിക സംവിധാനങ്ങൾക്കും ലഭ്യമാകുക, ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും അവ ഭൂമിയിലേക്ക് അയക്കാനുമുള്ള ISRO തയാറാക്കിയ റോവറിന്റെ ശേഷി പരിശോധിക്കുക, ചന്ദ്രോപരിതലത്തില്‍ ചന്ദ്രനിലെ ജലസാന്നിധ്യം, മണ്ണിന്റെ ഘടന, സ്വാഭാവിക മൂലകങ്ങളുടെ അളവും വിന്യാസവും തുടങ്ങിയവ അടക്കം ശാസ്ത്രീയ പരീക്ഷങ്ങള്‍ നടത്തുക തുടങ്ങിയവയാണ് മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ചന്ദ്രനില്‍ അടിക്കടിയുണ്ടാകുന്ന ചലനപ്രതിഭാസങ്ങൾ, താപനില എന്നിവയും വിശകലനം ചെയ്യും. .
ചന്ദ്രോപരിതലത്തിലെ ഹീലിയം 3, മഗ്നീഷ്യം, അലുമിനിയം, സിലിക്കണ്‍, പൊട്ടാസ്യം, കാത്സ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കുന്നതും ചന്ദ്രയാന്‍ 3-ന്റെ ലക്ഷ്യമാണ്. ഇത് ലോകരാജ്യങ്ങളും താൽപര്യത്തോടെ കാത്തിരിക്കുകയാണ്.
ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്നത് ഉള്‍പ്പെടെ നിര്‍ണായകമായ കണ്ടെത്തലുകള്‍ ആദ്യ ചാന്ദ്ര ദൗത്യത്തിലൂടെ ഇസ്‌റോ ശാസ്ത്രലോകത്തിന് നല്‍കിയിരുന്നു. രണ്ടാം ചാന്ദ്ര ദൗത്യത്തിലൂടെ ചന്ദ്രനില്‍ വലിയ അളവില്‍ സോഡിയം ഉണ്ടെന്ന സുപ്രധാന കണ്ടെത്തലും ISRo ശാസ്ത്രജ്ഞർ നടത്തി.
2008-ല്‍ തുടങ്ങിയ ചാന്ദ്ര പര്യവേക്ഷണം
ചന്ദ്രയാന്‍ 1
2000-ത്തിലാണ് ചാന്ദ്രയാത്ര എന്ന ആശയം ഐഎസ്ആര്‍ഒ തുടങ്ങി വയ്ക്കുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2008 ഒക്ടോബര്‍ 22-നാണ് ചന്ദ്രനിലേക്കുള്ള ഇസ്‌റോയുടെ ആദ്യ ദൗത്യം നടന്നത്. ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ ഇടിച്ചറക്കിയ മൂണ്‍ ഇംപാക്റ്റ് പ്രോബ് എന്നിവയാണ് ചന്ദ്രയാന്‍ 1-ന്റെ പ്രധാന ഭാഗങ്ങള്‍. ഓര്‍ബിറ്ററിന് ഇസ്‌റോ ലക്ഷ്യമിട്ട ദൗത്യകാലാവധി രണ്ട് വര്‍ഷമായിരുന്നു. എന്നാല്‍, ഏകദേശം 10 മാസം മാത്രമേ ചന്ദ്രയാന്‍ 1 പ്രവര്‍ത്തിച്ചുള്ളു. പിന്നീട് ഭൂമിയുമായുള്ള ബന്ധം നഷ്ടമായി. ഇതിനുള്ളില്‍ പ്രധാന ലക്ഷ്യങ്ങളെല്ലാം ചന്ദ്രയാന്‍ 1 നിറവേറ്റിയിരുന്നു.
ചന്ദ്രയാന്‍ 2
2019 ജൂലായ് 22ന് ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചു. എന്നാല്‍ സോഫ്റ്റ് ലാന്‍ഡിങ് ലക്ഷ്യമിട്ട വിക്രം ലാന്‍ഡറിന് അവസാന നിമിഷം പിഴച്ചു. ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രവുമായുള്ള ബന്ധം നഷ്ടമായ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങി അങ്ങനെ ദൗത്യം ഭാഗികമായി പരാജയപെട്ടു .
ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍
ചന്ദ്രയാന്‍ 2 ദൗത്യം ഭാഗികമായി പരാജയപ്പെട്ടെങ്കിലും ചന്ദ്രനെക്കുറിച്ചുള്ള ഗവേഷണത്തിന് സഹായകരമായ വിവരങ്ങള്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഭൂമിയിലേക്ക് അയച്ചു. ഇപ്പോഴും പ്രവർത്തിക്കുന്ന ഓര്‍ബിറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ ഇസ്റോ ശാസ്ത്രജ്ഞര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.
അന്നുമുതൽ ഓര്‍ബിറ്ററിലെ ടെറൈന്‍ മാപ്പിങ് ക്യാമറ ചന്ദ്രന്റെ പ്രതലത്തെക്കുറിച്ച് കൂടുതല്‍ കൃത്യതയാര്‍ന്ന ചിത്രങ്ങള്‍ അയച്ചു. ചന്ദ്രോപരിതലത്തിലെ ധ്രുവങ്ങളിലെ ജല സാന്നിധ്യം, ധാതുക്കള്‍, വാതകത്തിന്റെ സാന്നിധ്യം തുടങ്ങി ഭാവിയിലെ ഗവേഷണത്തിന് സഹായിക്കുന്ന ശാസ്ത്രീയ വിവരങ്ങള്‍ ഓര്‍ബിറ്ററില്‍നിന്ന് ലഭിച്ചു.