വീണ്ടും ലോകത്തെ അമ്പരിപ്പിക്കാനൊരുങ്ങുകയാണ് ദുബായ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറും ദുബായിൽ വരുന്നു. നിർമാണം കഴിയുന്നതോടെ ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായി ഇത് മാറുമെന്നാണ് റിപ്പോർട്ട്. ദുബായ് ആസ്ഥാനമായുള്ള അസീസി ഡെവലപ്മെന്റ്സിന്റെ സിഇഒ ഫർഹാദ് അസീസി അടുത്തിടെ നടത്തിയ ട്വീറ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇപ്പോൾ രണ്ടാമതുളള മലേഷ്യയിലെ ക്വാലാലംപൂരിൽ സ്ഥിതി ചെയ്യുന്ന മെർദേക്ക 118-നെ മറികടക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി. തെക്കുകിഴക്കൻ ഏഷ്യയിലെ 118 നിലകളുള്ള അംബരചുംബിക്ക് 678.9 മീറ്ററാണ് ഉയരം. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കാൻ പര്യാപ്തമല്ലെങ്കിലും 632 മീറ്റർ ഉയരമുളള ഷാങ്ഹായ് ടവറിനെ പിന്തള്ളാൻ പര്യാപ്തമായിരിക്കും പുതിയ ടവർ.
ആഗോളതലത്തിൽ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന നിലയിൽ, ബുർജ് ഖലീഫ 828 മീറ്റർ (2,717 അടി) ഉയരത്തിൽ വിലസുന്നു. ചിക്കാഗോ ആസ്ഥാനമായുള്ള പ്രശസ്ത വാസ്തുവിദ്യാ സ്ഥാപനമായ Skidmore, Owings & Merrill (SOM) രൂപകൽപ്പന ചെയ്ത ബുർജ് ഖലീഫ ഇസ്ലാമികവും ആധുനികവുമായ വാസ്തുവിദ്യാ ഘടകങ്ങളുടെ അതിശയകരമായ സംയോജനം പ്രദർശിപ്പിക്കുന്നു.
- ആഡംബര വസതികൾ, കോർപ്പറേറ്റ് ഓഫീസുകൾ, അർമാനി ഹോട്ടൽ ദുബായ്, ഒബ്സർവേഷൻ ഡെക്കുകൾ എന്നിവയുൾപ്പെടെ 163 നിലകളിലായി ബുർജ് ഖലീഫയിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുണ്ട്.
- ലോകത്തിലെ ഏറ്റവും തിരിച്ചറിയാവുന്ന ലാൻഡ്മാർക്കുകളിൽ ഒന്നായ ബുർജ് ഖലീഫ പ്രതിവർഷം ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു.
- സന്ദർശിക്കുന്ന എല്ലാവർക്കും അവിസ്മരണീയമായ അനുഭവം പ്രദാനം ചെയ്യുന്ന ബുർജ് ഖലീഫ ദുബായുടെ ടൂറിസം വ്യവസായത്തിന്റെ ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു.
കൗൺസിൽ ഓൺ ടാൾ ബിൽഡിംഗ്സ് ആൻഡ് അർബൻ ഹാബിറ്റാറ്റിന്റെ (CTBUH) അഭിമാനകരമായ “ഗ്ലോബൽ ഐക്കൺ” പദവി ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ബുർജ് ഖലീഫ നേടിയിട്ടുണ്ട്. ഏറ്റവും ഉയർന്ന ഫ്ലോർ, ഏറ്റവും ഉയർന്ന ഔട്ട്ഡോർ ഒബ്സർവേഷൻ ഡെക്ക്, ഏറ്റവും ഉയരം കൂടിയ സർവീസ് എലിവേറ്റർ എന്നിവയുടെ റെക്കോർഡുകളും ഇതിനുണ്ട്.
അസീസി ഡെവലപ്മെന്റ്സ് ദുബായ് ആസ്ഥാനമായുള്ള ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ്. ഏകദേശം 100 പ്രോജക്റ്റുകൾ ഈ വർഷം കമ്പനി പൂർത്തീകരിക്കും. കൂടാതെ കൂടുതൽ പ്രോജക്റ്റുകളും കമ്പനിയുടെ മുമ്പിലുണ്ട്. കഴിഞ്ഞ വർഷം മൊത്തം 6,000 യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഇത് 5.6 ബില്യൺ ദിർഹം മൂല്യമുളളതാണ് ഈ പ്രോജക്ടുകൾ.