ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തൽ അത്ര ദൂരം അകലെയല്ല. പടിപടിയായി രാജ്യം വളരുകയാണെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ. 2023 സാമ്പത്തിക വര്‍ഷം അവസാനിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാലന്‍സ് ഷീറ്റ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം വ്യക്തമാക്കുന്നു.
എന്നാൽ പണലഭ്യത കുറവ് 2024 നടപ്പു സാമ്പത്തിക വർഷത്തിന്റെ തുടക്കം ദുർബലപ്പെടുത്തിയിരിക്കുന്നു. ആദ്യ പാദത്തിലെ സാമ്പത്തിക രംഗത്തിന്റെ പ്രകടനം ആശ്വാസകരമാണോ എന്ന് ഇനി കണ്ടറിയണം. എന്നാൽ ഒരു വികസിത രാഷ്ട്രമാകുന്നതിന് ഇന്ത്യ 7.6 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തണമെന്ന് അടുത്തിടെ ഇറങ്ങിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിമാസ ബുള്ളറ്റിന്‍ മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ 7.2% ആണ് വാർഷിക വളർച്ചാ നിരക്ക്. ഇന്ത്യ ആ നിരക്ക് നിലനിർത്തുമെന്ന പ്രതീക്ഷയും ബുള്ളറ്റിൻ പങ്കുവയ്ക്കുന്നുണ്ട്. അതേമയം നടപ്പ് സാമ്പത്തികവര്‍ഷം വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായി കുറഞ്ഞേക്കും. ആഗോള സാമ്പത്തിക മാന്ദ്യം കാരണമാണിത്. വിവിധ സാമ്പത്തിക സർവേകളും ഈ കണക്കാണ് പ്രവചിക്കുന്നതും. ഇന്ത്യയുടെ നില തിളക്കമാർന്നതാണെന്നും പണപ്പെരുപ്പം ആഗോളതലത്തിൽ കുറച്ചു കൊണ്ട് വരണമെന്നുമാണ് IMF നിലപാട്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ പൊതുവെ സാധാരണ നിലയിലായെന്ന സൂചനയാണ് പക്ഷെ RBI നൽകുന്നത്. ഏകോപിത ധന-സാമ്പത്തിക ചുവടുവെപ്പുകള്‍ വിജയമായെന്നാണ് കണക്കുകള്‍.
ആശങ്ക തുടരുന്ന 2024
2024 സാമ്പത്തികവര്‍ഷം, ദുര്‍ബലത പ്രകടമാക്കുകയാണ്. ഒന്നാം പാദത്തെ കണക്കുകള്‍ പുറത്തുവരുന്നതോടെ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. പണലഭ്യതക്കുറവാണ് കടുത്ത വെല്ലുവിളി. വായ്പകളുടെ വര്‍ദ്ധനവിനനുസരിച്ച് ഡെപോസിറ്റ് ഉയരുന്നില്ല. കൂടാതെ വ്യവസ്ഥാപിതമായ ലിക്വിഡിറ്റി കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് നാലിലൊന്ന് മാത്രമാണ്. ചെറുകിട വാണിജ്യബാങ്കുകളെയാണ് പണക്കുറവ് കൂടുതല്‍ അലട്ടുന്നത്. ചെലവ് കുറഞ്ഞ, കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (സിഎഎസ്എ) നിക്ഷേപങ്ങള്‍ കുറഞ്ഞതും തിരിച്ചടിയാണ്.
റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക ഗവേഷണ വിഭാഗം നടത്തിയ പഠനമനുസരിച്ച്, ഒരു വികസിത രാജ്യമാകുന്നതിന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2023-24 മുതല്‍ 2047-48 വരെ 7.6 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) കൈവരിക്കേണ്ടതുണ്ട്. നിലവില്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2,500 ഡോളറാണ്. വികസിത രാഷ്ട്രമാകാന്‍ 2047 ഓടെ ഇത് 21,664 ഡോളര്‍ കവിയണം.
തുടര്‍ച്ചയായ ആഘാതങ്ങള്‍ക്കിടയില്‍ ആഗോള വളര്‍ച്ച ‘വീണ്ടെടുക്കല്‍’ പാതയിലാണ്. എങ്കിലും സാധ്യതകള്‍ പ്രോത്സാഹനജനകമല്ല എന്നാണ് അന്താരാഷ്ട്ര നാണയ നിധി (IMF) മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ G20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ പറഞ്ഞത്.
“ഇടത്തരം വളര്‍ച്ചാ സാധ്യതകള്‍ ദുര്‍ബലമായി തുടരുന്നു. രാജ്യങ്ങളിലുടനീളമുള്ള സാമ്പത്തിക വ്യതിയാനങ്ങള്‍ ആശങ്ക പരത്തുന്നവയാണ്. ദുർബലമായ രാജ്യങ്ങള്‍ കൂടുതല്‍ പിറകിലാണ്. സമീപ മാസങ്ങളില്‍ പണപ്പെരുപ്പത്തിൽ കണ്ട ഇടിവ് പ്രോത്സാഹജനകമാണ്. ഭാവി വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും, പണപ്പെരുപ്പം സുസ്ഥിരമായ അടിസ്ഥാനത്തില്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയുടെ സ്ഥാനം തിളക്കമാര്‍ന്നതാണ്”,ജോര്‍ജിയേവ പറയുന്നു.