ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥം പൂർത്തിയാക്കി ഇപ്പോൾ ചന്ദ്രനിലേക്ക് നീങ്ങുകയാണ്. ദൗത്യത്തിന്റെ മൂന്നിൽ രണ്ട് ഘട്ടങ്ങളും പിന്നിട്ട ചന്ദ്രയാൻ-3 പേടകം അവസാന ഘട്ടത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്.
ലൂണാർ ഓർബിറ്റ് ഇഞ്ചക്ഷൻ (LOI) പൂർത്തിയാകുന്ന മുറയ്ക്ക് ചന്ദ്രയാൻ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ തന്റെ സാന്നിധ്യമറിയിക്കും. ചന്ദ്രഉപരിതലത്തിലേക്ക് യാത്ര തുടങ്ങുന്ന പേടകം ഇനി ദിവസങ്ങൾക്കുള്ളിൽ ചന്ദ്രോപരിതലത്തെ തൊടും.
പേടകത്തിന്റെ പ്രവർത്തന നില സാധാരണ നിലയിലാണെന്നും ഓഗസ്റ്റ് 23 ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നും ISRO നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രനിൽ പേടകത്തിൽ നിന്നുള്ള ലാൻഡർ ലാൻഡ് ചെയ്തു കഴിഞ്ഞാൽ അതിനുള്ളിലെ റോവർ പരീക്ഷണ നിരീക്ഷണ പഠനങ്ങൾ തുടങ്ങും.
പിനീട് റോവറിന്റെ ചന്ദ്രയാൻ ദൗത്യം ഇവയാണ്.
- ചന്ദ്രന്റെ ഉപരിതലത്തിനടുത്തുള്ള പ്ലാസ്മ (അയോണുകളും ഇലക്ട്രോണുകളും) സാന്ദ്രത അളക്കും.
- ധ്രുവപ്രദേശത്തിനടുത്തുള്ള ചന്ദ്രോപരിതലത്തിന്റെ താപഗുണങ്ങളുടെ അളവുകൾ രേഖപ്പെടുത്തും.
- ചന്ദ്രയാൻ-3 ലാൻഡിംഗ് സൈറ്റിന് ചുറ്റുമുള്ള ലാൻഡ് ചെയ്യുമ്പോഴുള്ള പ്രകമ്പനം അളക്കുകയും ചന്ദ്രന്റെ പുറംതോടിന്റെയും ആവരണത്തിന്റെയും ഘടനയെ നിർവചിക്കുകയും ചെയ്യും.
- ചന്ദ്രന്റെ മണ്ണിന്റെ മൂലകഘടന പഠിക്കും.
- ചന്ദ്രയാൻ-3 ചന്ദ്രവ്യവസ്ഥയുടെ ചലനാത്മകത മനസ്സിലാക്കുന്നതിനുള്ള, ലോക ശാസ്ത്ര മേഖല ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പരീക്ഷണമാണ്.
- ജൂലൈ 14 ന് ചന്ദ്രയാൻ -3 ചന്ദ്രനിലേക്കുള്ള ദൗത്യം വിക്ഷേപിച്ചതിന് ശേഷം പേടകത്തിന്റെ ഭ്രമണപഥം ക്രമാനുഗതമായി അഞ്ച് മടങ്ങ് വർദ്ധിച്ചു.
ആഗസ്റ്റ് ഒന്നിന് സുപ്രധാന നീക്കം
ഓഗസ്റ്റ് 1 ന്, ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ ബഹിരാകാശ പേടകത്തിന്റെ സ്ലിംഗ്ഷോട്ട് നീക്കം രേഖപ്പെടുത്തി. ഈ ട്രാൻസ്-ലൂണാർ ഇൻജെക്ഷൻ വിജയകരമായതോടെ ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ഭൂമിയെ പരിക്രമണം ചെയ്യുന്നതിൽ നിന്ന് രക്ഷപ്പെട്ട് ചന്ദ്രനിലേക്കുള്ള പാത പിന്തുടരാൻ തുടങ്ങി.
തൊട്ടു പിന്നാലെയാണ് നിർണായകമായ ചന്ദ്രയാൻ 3 ബഹിരാകാശ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടത്തി വിടുന്ന ലൂണാർ ഓർബിറ്റ് ഇഞ്ചക്ഷൻ (LOI) നടക്കുന്നത്. മൂന്നാഴ്ചയ്ക്കിടെ ചന്ദ്രയാൻ-3 പേടകത്തിന്റെ നിരവധി മുന്നേറ്റങ്ങൾ രേഖപ്പെടുത്തിയതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) അറിയിച്ചു.
ചന്ദ്രന് പിന്നാലെ സൂര്യൻ
ചന്ദ്രന്റെ ദൗത്യത്തിന് ശേഷം, സൂര്യനെ കുറിച്ച് പഠിക്കാൻ ഐഎസ്ആർഒ പദ്ധതിയിടുന്നു. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ-എൽ1 ദൗത്യത്തിന് ബഹിരാകാശ ഏജൻസി തയ്യാറെടുക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ സോമനാഥ് എസ് നേരത്തെ പറഞ്ഞിരുന്നു. സൗരയൂഥേതര ഗ്രഹങ്ങളെ (എക്സോപ്ലാനറ്റുകൾ) പറ്റി പഠിക്കാൻ ഒരു എക്സ്-റേ പോളാരിമീറ്റർ ഉപഗ്രഹം തയ്യാറാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഐഎസ്ആർഒ മേധാവി കൂട്ടിച്ചേർത്തു.
“ഈ ആദിത്യ-എൽ 1 ദൗത്യത്തിലൂടെ സൂര്യനെ മനസിലാക്കാനും പഠിക്കാനുമുള്ള ദൗത്യത്തിനും ഞങ്ങൾ തയ്യാറെടുക്കുകയാണ്, എക്സ്-റേ പോളാരിമീറ്റർ ഉപഗ്രഹം ഏകദേശം തയ്യാറായിക്കഴിഞ്ഞു, നക്ഷത്രങ്ങളെ നന്നായി മനസ്സിലാക്കാൻ അതിന്റെ വിക്ഷേപണം പ്രതീക്ഷിക്കുന്നു,” സോമനാഥ് പറഞ്ഞു.