2022ൽ വിവിധ വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനായി രാജ്യം വിട്ട ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം നൂറോ ഇരുന്നൂറോ ഒന്നുമല്ല, ഏഴര ലക്ഷത്തിലധികം.
ഇനി മുതിർന്ന മാധ്യമപ്രവർത്തകനായ എസ് രാധാകൃഷ്ണൻ കുറിച്ചിട്ട ഈ വരികൾ കൂടി ശ്രദ്ധിക്കാം.
ഈയിടെ ഒരു പ്രവേശന പരീക്ഷയിൽ ചോദ്യമുണ്ടാക്കിയപ്പോൾ വെറുതെ ഒരു ചോദ്യം നൽകി.
“ഇന്ത്യയിൽനിന്ന് വിദ്യാർഥികൾ ഉപരിപഠനാർഥം കൂട്ടത്തോടെ വിദേശത്തേയ്ക്ക് പോകുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതുക.”
കേരളത്തിനു പുറത്തുള്ള വിദ്യാർഥികൾ എഴുതുന്ന പരീക്ഷയായതുകൊണ്ടാണ് ഇന്ത്യയിൽ എന്നു ചോദിച്ചത്.
പല ചോദ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കാൻ അവസരം നൽകിയിരുന്നതുകൊണ്ടായിരിക്കണം മലയാളി വിദ്യാർഥികളാണ് ഈ ചോദ്യത്തിന് കൂടുതലായി ഉത്തരം നൽകിയത്. 20-23 പ്രായപരിധിയിലുള്ളവരായിരുന്നു അവർ.
ഉത്തരങ്ങളിലെ പ്രധാന പത്തു പോയ്ൻറുകൾ ഇങ്ങനെയായിരുന്നു:
1.പഠിക്കുമ്പോൾ തന്നെ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ ജോലി ചെയ്ത് ചെലവിനുള്ള വക കണ്ടെത്തണം.ആ പണമുപയോഗിച്ച് ഇഷ്ടമുള്ളതെന്തും പഠിക്കണം.
2. പഠിച്ചുകഴിഞ്ഞാൽ ജോലി ലഭിക്കണം.
3.ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം.
4. ഇഷ്ടമുള്ള വസ്ത്രം ധരിക്കണം, തുറിച്ചുനോട്ടം ഒഴിവാക്കണം
5. ഏതു സമയത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വേണം.
6. ശരീരം, അതിന് എന്തു കുഴപ്പമുണ്ടെങ്കിലും ബഹുമാനം വേണം.
7. കല്യാണം, കുടുംബം എന്നിവയ്ക്ക് സമയം വേണം.സമയപരിധി വേണ്ട
8.മറ്റുള്ളവരുമായി താരതമ്യം ഇല്ലാത്ത അവസ്ഥയോട് ഇഷ്ടം.
9. സർക്കാർ ജോലി, വെള്ളക്കോളർ ജോലി എന്നിങ്ങനെ ജോലികൾക്ക് തരംതിരിവ് ഇഷ്ടമല്ല.
10.എന്തു നിലപാടും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം വേണം, ഒരു നിലപാടും സ്വീകരിക്കാതിരിക്കാനുള്ള സാഹചര്യവും.
ഇതാണ് ഇന്നത്തെ ഇന്ത്യൻ യുവത്വത്തിന്റെ, പ്രത്യേകിച്ച് കേരളത്തിലെ യുവത്വത്തിന്റെ അവസ്ഥ.
ഇനി ജോസ് കെ മാണി എം പിയിലേക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിലേക്കും വരാം. ജോസ് കെ മാണി രാജ്യസഭയിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് കേന്ദ്രമന്ത്രിയുടെ മറുപടി ഇങ്ങനെ.
2022ൽ വിവിധ വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനായി രാജ്യം വിട്ട ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഏഴര ലക്ഷത്തിലധികം.
മുൻവർഷത്തെ അപേക്ഷിച്ച് 2022ൽ വിദേശ ഉപരിപഠനത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 69% വർദ്ധനവുണ്ട്.
അതാണ് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖലയെ ഞെട്ടിക്കുന്നതും.
7,50,365 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് തലങ്ങളിലെ പഠനങ്ങൾക്കും മറ്റ് ഉപരിപഠനങ്ങൾക്കുമായി വിവിധ ലോകരാജ്യങ്ങളിലേക്ക് ചേക്കേറിയത്. ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ ലക്ഷ്യസ്ഥാനം യുഎസ് ആണ്. 1,90,512 ഇന്ത്യൻ വിദ്യാർത്ഥികൾ കഴിഞ്ഞവർഷം യുഎസ് യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനെത്തി. 1,85,955 ഇന്ത്യൻ വിദ്യാർത്ഥികൾ എത്തിയ കാനഡ തൊട്ടുപിന്നിലുണ്ട്. യുകെയിൽ ഉപരിപഠനത്തിനെത്തിയ വിദ്യാർത്ഥികളുടെ എണ്ണം 1,32,709 ആണ്. 59,044 പേർ ഓസ്ട്രേലിയയിലും 20,684 പേർ ജർമനിയിലും കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് ഉപരിപഠനത്തിനെത്തി. രാജ്യസഭയിൽ കേന്ദ്രവിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാനാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്.
വിദേശ സർവ കലാശാലകൾ വാഗ്ദാനം ചെയ്യുന്ന STEM (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്) വിഷയങ്ങൾക്ക് പുറമെ ബിസിനസ് മാനേജ്മെന്റ് വിഷയങ്ങളും ഇന്ത്യൻ വിദ്യാർത്ഥികളുടെ പരിഗണനയിൽ മുന്നിലുണ്ട്. പുതിയ മേഖലകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ് & ബിഗ് ഡാറ്റ, ബിസിനസ് ഇന്റലിജൻസ് & അനലിറ്റിക്സ് എന്നിവയ്ക്കും ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ ഉയർന്ന ഡിമാൻഡുണ്ട്.
4,44,553 പേരാണ് 2021ൽ ഇന്ത്യയിൽ നിന്ന് ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിൽ എത്തിയത്. 2020ൽ ഇത് 2,59,655 പേർ മാത്രമായിരുന്നു. യുഎസും കാനഡയും യുകെയും തന്നെയായിരുന്നു ഇന്ത്യൻ വിദ്യാർത്ഥികൾ വർഷങ്ങളായി തിരഞ്ഞെടുത്തിരുന്നത്. അതേസമയം 2022 ൽ ഓസ്ട്രേലിയയും ജർമനിയും ഇന്ത്യൻ വിദ്യാർത്ഥികളുടെ ശ്രദ്ധ ആകർഷിക്കുന്ന കാര്യത്തിൽ വൻമുന്നേറ്റം കൈവരിച്ചു. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈയിനിലേക്ക് ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെഎണ്ണത്തിലാകട്ടെ, 2022ൽ വൻ ഇടിവ് സംഭവിക്കുകയും ചെയ്തു. എന്നിട്ടും ഇന്ത്യൻ വിദ്യാർഥികൾ വെറുതെയിരുന്നില്ല. ഉസ്ബെക്കിസ്ഥാൻ അടക്കം സമാന്തര രാജ്യങ്ങളെ അവർ മെഡിക്കൽ വിദ്യാഭ്യാസത്തിനടക്കം പിന്തുടർന്നു.
യുഎസ്,യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് നിലവിൽ ഇന്ത്യൻ വിദ്യാർത്ഥികൾ മുഖ്യമായും ഉപരിപഠനത്തിന് എത്തുന്നത്. ഓസ്ട്രേലിയ, യുകെ, യുഎസ് രാജ്യങ്ങളിലെ സർക്കാരുകൾ അടുത്തിടെ ഇന്ത്യയുമായി വ്യാപാര, വിദ്യാഭ്യാസ, ശാസ്ത്രസാങ്കേതിക രംഗങ്ങളിലും മറ്റു തന്ത്രപ്രധാന മേഖലകളിലും ഒട്ടേറെ കരാറുകൾ ഒപ്പുവെച്ചിരുന്നു.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണവും 2019 മുതൽ പൊതുവെ കുറയുകയാണെന്നതും ശ്രദ്ധേയമാണ്. ജർമനിയൊഴികെ മുൻനിര രാജ്യങ്ങളായ ഫ്രാൻസ്, നെതർലാൻഡ്സ്, നോർവെ എന്നിവിടങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ സാരമായ കുറവ് സംഭവിച്ചിട്ടുണ്ട്.