രാജ രവി വർമയുടെ ചിത്രങ്ങൾ എവിടെയാണ് ഹിറ്റാകാത്തത്. അങ്ങ് ജയ്പൂരിൽ വരെ രവിവർമ ചിത്രങ്ങൾ ഇന്നും വീടുകളിലും ഓഫീസുകളിലും കേരളത്തിന്റെ അഭിമാനമായി ചുമരുകളിലും ഡെസ്ക്ടോപ്പിലുമായി സ്ഥാനം പിടിച്ചിട്ടുണ്ടെന്നത് നമുക്ക് പുതിയ വാർത്തയാകാം. രവിവർമ ചിത്രങ്ങളുടെ ജയ്പൂരിലെ ഈ കടുത്ത ആരാധകനും, അതുവഴിയുള്ള ഒരു സംരംഭകനും ഒരു വാച്ച് കമ്പനി ഉടമയാണെങ്കിലോ? വിശ്വസിക്കുമോ? സത്യമാണ്.
രാജാ രവിവർമ ചിത്രങ്ങൾ കൊണ്ട് ഹിറ്റായതു ജെയ്പൂർ വാച്ച് കമ്പനി എന്ന് അറിയപ്പെടുന്ന JWC ആണ്. അത് മാത്രമല്ല നമ്മുടെ ഇന്ത്യൻ പൈതൃകം വിളിച്ചു പറയുന്ന ഒരു ബ്രാൻഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ?
ഈ ബ്രാൻഡ് കൂടിയാണിത്. ഈയൊരു സംരംഭത്തിന്റെ സ്ഥാപകൻ ഗൗരവ് മെഹ്ത്ത എന്ന എംബിഎക്കാരനാണ്. സംരംഭത്തിന്റെ ആസ്ഥാനം ജയ്പൂർ ആണ്. മറ്റെങ്ങും കാണാൻ കഴിയാത്ത പ്രീമിയം ഡിസൈനർ വാച്ചുകളുടെ ഗംഭീര കളക്ഷൻ തന്നെ ജയ്പൂർ വാച്ച് കമ്പനിക്കുണ്ട്.
രാജാ രവിവർമ ഹിറ്റാക്കിയ JWC
രാജാ രവിവർമ്മ കളക്ഷനുകളാണ് ജെ.ഡബ്ല്യു.സിയിലെ ഏറ്റവും ഹിറ്റായി മാറിയത്. ഇതിഹാസ ചിത്രകാരനായ രവിവർമ്മയോടുള്ള ബഹുമാന സൂചകമായാണ് ഗൗരവ് ഈ കളക്ഷൻ അവതരിപ്പിച്ചത്. പ്രശസ്തമായ രവിവർമ്മ ചിത്രങ്ങൾ ആലേഖനം ചെയ്താണ് ക്ലോക്കും, വാച്ചും ഇവിടെ നിർമ്മിക്കുന്നത്. ഇതിനു വേണ്ടി ഇന്ത്യയിൽ ആദ്യമായി ഒരു ലിത്തോഗ്രാഫിക് പ്രസ്സ് സ്ഥാപിച്ചതും ഗൗരവാണ്.
2013 ലാണ് ഗൗരവ് മെഹ്ത്ത എന്ന എംബിഎക്കാരൻ ജെ.ഡബ്ല്യു.സി ആരംഭിച്ചത്. കുട്ടിക്കാലത്തു വാച്ചിൽ പരീക്ഷണങ്ങൾ നടത്തുക, അത് തുറന്നു പരിശോധിക്കുക എന്നിവയൊക്കെയായിരുന്നു ഗൗരവിന്റെ ഹോബി. പില്കാലത് തമാശക്കായി ഒരു പൈസ നാണയം വാച്ചിൽ ഒട്ടിച്ച് വിജയമായതോടെയാണ് വാച്ച് കമ്പനി എന്ന ആശയത്തിലേക്ക് എത്താൻ കാരണം. നാണയവാച്ച് കണ്ട് പലരും എവിടെ നിന്നാണ് വാങ്ങിയതെന്നും, ഇതുപോലൊന്ന് ഉണ്ടാക്കുന്നതിന് എത്രരൂപയാകുമെന്നുമുള്ള ചോദ്യവുമായി ഗൗരവിനെ സമീപിച്ച് തുടങ്ങി. അവിടെയാണ് ഈ എംബിഎക്കാരന്റെ ബുദ്ധിയിൽ വാച്ച് കമ്പനി എന്ന ആശയം ഉരുത്തിരിഞ്ഞത്.
30 ലക്ഷം രൂപ നിക്ഷേപത്തിലാണ് ജെ.ഡബ്ല്യു.സിയുടെ തുടക്കം. ഒരു രൂപ കോയിൻ മാതൃക അടിസ്ഥാനമാക്കിയുള്ള വാച്ചുകളാണ് ആദ്യം നിർമ്മിച്ചത്. ഇംരിയൽ കളക്ഷൻ എന്ന പേരാണ് ഇവയ്ക്ക് നൽകിയത്.
“ഓർഡർ നൽകുന്നതിനനുസരിച്ച് കസ്റ്റമൈസ്ഡ് വാച്ചുകൾ ജെ.ഡബ്ല്യു.സി നിർമ്മിച്ചു നൽകാറുണ്ട്. സ്വർണത്തിലും, വെള്ളിയിലും, സ്റ്റൈൻലെസ്സ് സ്റ്റീലിലുമൊക്കെ കസ്റ്റമൈസ്ഡ് വാച്ചുകൾ നിർമിച്ചു നൽകും ഇത്തരത്തിൽ കസ്റ്റമൈസ്ഡ് വാച്ചുകൾ നിർമമിക്കുന്നതിന് 3 മുതൽ 6 മാസം വരെ സമയം വേണ്ടി വരും”ഗൗരവ് മെഹ്ത്ത പറയുന്നു.
ഓൺലൈൻ വഴിയാണിപ്പോളത്തെ വാച്ച് വ്യാപാരത്തിന്റെ നല്ലൊരു ഭാഗവും നടക്കുന്നത്.
ഡൽഹി, കൊൽക്കത്ത, ഗുരുഗ്രാം, ഉദയ്പൂർ, ഷിംല, പൂനെ, മുംബയ്, ബാംഗ്ളൂർ എന്നിവിടങ്ങളിലും ജയ്പൂർ വാച്ച് കമ്പനിക്ക് ഷോറൂമുകളുണ്ട്.