കേന്ദ്ര ഇൻകം ടാക്സ് വകുപ്പിന്റെ അക്കൗണ്ടിൽ കോടികൾ അധികം കിടപ്പുണ്ട്. ഒന്നും രണ്ടുമല്ല 1150 കോടി രൂപ.
അതാരുടേതാണെന്നു ചോദിച്ചപ്പോൾ ആദ്യം ഉത്തരമില്ല. സമർത്ഥനായൊരു IPS ഓഫീസർ കണക്കുകൾ നിരത്തി ചോദിച്ചപ്പോൾ മറുപടി കിട്ടി. അത് കേരളത്തിന്റേതാണ്. കേരളത്തിന് അവകാശപ്പെട്ടതാണ്.
നമ്മുടെ ബിവറേജസ് കോര്പറേഷന് അവകാശപ്പെട്ട തുകയാണത്. ആ IPS ഓഫീസർ തന്റെ ഓഡിറ്റ് യുദ്ധം തുടർന്നപ്പോൾ ഇൻകം ടാക്സ് വകുപ്പ് അധികം ഈടാക്കിയ ആ തുക കേരളത്തിന് തിരികെ നൽകാൻ തീരുമാനിച്ചു. ആ സമർത്ഥനായ ഓഫീസർ ആരാണെന്നല്ലേ ചാർട്ടേർഡ് അക്കൗണ്ടന്റായി പരിശീലനം പൂർത്തിയാക്കിയ കോർപ്പറേഷൻ സിഎംഡി യോഗേഷ് ഗുപ്ത IPS . ഇക്കാര്യം അറിയിച്ചതാരാണെന്നല്ലേ കേരളത്തിന്റെ എക്സൈസ് മന്ത്രി എം ബി രാജേഷും.
2014-15 മുതൽ ബിവറേജ്സ് കോർപ്പറേഷനെ പ്രതിസന്ധിയിലാക്കിയ ഇൻകം ടാക്സ് പ്രശ്നങ്ങൾ പരിഹരിച്ച് 1150 കോടി രൂപ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് തിരിച്ചു ലഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. നടപടിക്ക് നേതൃത്വം നൽകിയ സി എം ഡി യോഗേഷ് ഗുപ്തയേയും മാനേജ്മെന്റിനെയും മന്ത്രി അഭിനന്ദിച്ചു. ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ മികവുറ്റതും കാര്യക്ഷമതയോടെയുമുള്ള ഇടപെടലാണ് ഇത്രയും വലിയ തുക തിരിച്ചുലഭിക്കാൻ കാരണമായതെന്നും മന്ത്രി പറഞ്ഞു. നടപടിയിലൂടെ കോർപറേഷനും സർക്കാരിനും വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ഒൻപത് വർഷമായി സ്ഥാപനത്തിന് വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ ഒരു പ്രശ്നമാണ് പരിഹരിക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു
കോർപറേഷനിൽ നിന്ന് 2019 ൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് 1015 കോടി രൂപ നികുതിയായി ഈടാക്കിയിരുന്നു. KSBC യുടെ ബാങ്ക് അക്കൗണ്ടുകൾ അറ്റാച്ച് ചെയ്താണ് 668 കോടി ഈടാക്കിയത്. ബാങ്ക് അക്കൗണ്ടുകൾ അൺഫ്രീസ് ചെയ്ത് ബിസിനസ് നടപടികൾ സുഗമമാക്കാൻ മറ്റൊരു 347 കോടി രൂപ കൂടി KSBC നൽകി. 2014-15 മുതൽ 2018-19 വരെയുള്ള കാലത്തെ ഇൻകം ടാക്സ് ഡിപ്പാർട്ടുമെന്റിന്റെ കണക്കുകൂട്ടൽ പ്രകാരമാണ് ഈ നടപടിയെടുത്തത്. ഇത് KSBC യുടെ പ്രവർത്തനത്തിന് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കി. പല ബാങ്കുകളിൽ നിന്നും കടമെടുത്ത് ബിസിനസിനുള്ള പണലഭ്യത ഉറപ്പുവരുത്തേണ്ടിവന്നു. നിയമാനുസൃതമായി അടയ്ക്കേണ്ട നികുതികൾ അടയ്ക്കുന്നതിലും ഇതുമൂലം കാലതാമസമുണ്ടായി.
ടേൺ ഓവർ ടാക്സ്, സർചാർജ് എന്നിവ ചെലവായി കണക്കാക്കാൻ കഴിയില്ലെന്നും അവയെ വരുമാനമായിത്തന്നെ കണക്കാക്കണമെന്നുമുള്ള നിലപാടിൽ നിന്നാണ് ഇൻകം ടാക്സ് ഡിപ്പാർട്ടുമെന്റ് ഇത്തരത്തിൽ ഒരു കടുത്ത നടപടി സ്വീകരിച്ചത്. 2014-15 , 2015-16 വർഷങ്ങളിലേക്കുള്ള ഇൻകം ടാക്സ് ഉത്തരവിനെതിരെ KSBCക്ക് സുപ്രീം കോടതി വരെയെത്തി നിയമ പോരാട്ടം നടത്തേണ്ടിവന്നു. കേരളത്തിന്റെ വാദമുഖങ്ങൾ പരിഗണിച്ചും സ്വീകരിച്ച നടപടികളും സ്ഥാപനത്തിന്റെ പൊതുമേഖലാ സ്വഭാവവും കണക്കിലെടുത്തും മേല്പറഞ്ഞ രണ്ട് വർഷങ്ങളിൽ സർചാർജ്, ടേൺ ഓവർ ടാക്സ് എന്നിവ അംഗീകരിക്കണമെന്ന KSBC യുടെ ആവശ്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
ഇതോടൊപ്പം ഇൻകം ടാക്സ് പിടിച്ചുവെച്ച തുക വിട്ടുനൽകാനും KSBC ശ്രമങ്ങൾ തുടർന്നു. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും പുതിയ സാമ്പത്തിക പരിഷ്കാരങ്ങളും കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും KSBC യും ഈ രംഗത്ത് പൊതുജനങ്ങൾക്കായി നടത്തുന്ന സുതാര്യ ഇടപാടുകൾ അവരെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ പിടിച്ചുവെച്ച തുക പലിശസഹിതം വിട്ടുനൽകാൻ ഇൻകം ടാക്സ് കമീഷണർ ഉത്തരവിട്ടു. 748 കോടി രൂപ വിട്ടുനൽകാനാണ് ഉത്തരവായിരിക്കുന്നത്. ഇതിൽ 344 കോടി രൂപ ഇതിനകം ലഭിച്ചു. 404 കോടി രൂപ KSBC യുടെ അക്കൗണ്ടിൽ ലഭ്യമാക്കാനുള്ള നടപടികൾ തുടരുകയാണ്. പലിശയടക്കം മറ്റൊരു 400 കോടി രൂപ നൽകാനുള്ള നടപടികളും തുടരുകയാണ്. ഇതോടെ കോർപറേഷനും സംസ്ഥാന സർക്കാരിനും കഴിഞ്ഞ അഞ്ചു വർഷമായി നഷ്ടപ്പെട്ടിരുന്ന 1150 കോടി രൂപയാണ് തിരിച്ചുകിട്ടുക.
A thorough inquiry by an IPS officer uncovered over 1150 crore rupees in Kerala State Beverages Corporation’s account, highlighting financial mismanagement. This recovery, achieved over nine years, showcases joint efforts between the IPS officer and the state government to address irregularities and promote financial transparency. This incident underscores the need for diligent financial oversight in public organizations.