KTDC ക്കെന്താ തിരുവനന്തപുരം ടെക്‌നോ പാർക്കിലെ ടെക്കികൾക്കിടയിൽ കാര്യം എന്നല്ലേ. കാര്യമുണ്ട് കേട്ടോ. ടെക്കികളെ തങ്ങളുടെ സുന്ദര ടൂറിസം ഡെസ്റ്റിനേഷനുകളിലേക്ക് അവർ കൊണ്ട് പോകും.
ആതിഥേയ മര്യാദ കൊണ്ട് വീർപ്പു മുട്ടിക്കും. പകരം ടെക്കികൾ തങ്ങളുടെ ഐ ടി ജോലി അവിടെയും ചെയ്തുകൊള്ളണം എന്ന് മാത്രം. അതാണ് KTDC യും ടെക്‌നോപാർക്കും ചേർന്ന് വിഭാവനം ചെയ്യുന്ന വർക്കേഷൻ പദ്ധതി.
ഐ.ടി- ഐ.ടി. അനുബന്ധ മേഖലകളില്‍ ജോലിയെടുക്കുന്നവര്‍ക്കായി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വര്‍ക്കേഷന്‍ പദ്ധതിക്കായി കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനും ടെക്നോപാര്‍ക്കും തയ്യാറെടുക്കുന്നു.
അവധിക്കാല ആഘോഷങ്ങളെ തൊഴിലിടവുമായി സംയോജിപ്പിക്കുന്ന നൂതന പദ്ധതി കേരളത്തില്‍ പ്രാബല്യത്തിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള ധാരണാപത്രം കെടിഡിസിയും ടെക്നോപാര്‍ക്കും കൈമാറി.
ഇതോടൊപ്പം വിനോദസഞ്ചാരികൾക്കായി കെടിഡിസി തയ്യാറാക്കിയ പ്രത്യേക പാക്കേജുകളായ ‘അബ്സല്യൂട്ട് കേരള’യുടേയും, കെടിഡിസിയുടെ പാക്കേജുകളും ഹോട്ടലുകളില്‍ മുറികളും ബുക്കു ചെയ്യുന്നതിനായി ഏർപ്പെടുത്തിയ 18004250123 എന്ന ടോൾ ഫ്രീ നമ്പറിന്റെ പ്രവര്‍ത്തനോദ്ഘാടനവും പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കെടിഡിസി ചെയർമാൻ പി.കെ. ശശി, വര്‍ക്കേഷന്‍ ധാരണാപത്രം കെടിഡിസി എം.ഡി: ശിഖ സുരേന്ദ്രനും ഇലക്ട്രോണിക്സ് ടെക്നോളജി പാര്‍ക്സ്- കേരള (ടെക്‌നോപാർക്ക്) സിഇഒ: സഞ്ജീവ് നായരും കൈമാറി. ഐ.ടി. സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ പി.ബി. നൂഹ് എന്നിവർ പങ്കെടുത്തു.
ഐ.ടി മേഖലയിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ടൂറിസം ഡെസ്റ്റിനേഷനുകളില്‍ സമയം ചെലവഴിക്കുന്നതിനൊപ്പം ഓണ്‍ലൈനില്‍ ജോലിയും ചെയ്യാനാകുന്ന പദ്ധതിയാണ് വര്‍ക്കേഷന്‍.
വര്‍ക് ഫ്രം ഹോം, വര്‍ക് നിയര്‍ ഹോം പോലുള്ള പുതുയുഗ തൊഴില്‍ രീതികളുടെ മറ്റൊരു പതിപ്പാണിത്. ജീവനക്കാരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുന്നതിന് ആഗോള കമ്പനികള്‍ വര്‍ക്കേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.
കുടുംബവുമൊത്തോ സുഹൃത്തുക്കളുമൊത്തോ ഒറ്റയ്ക്കോ ഉള്ള വിനോദസഞ്ചാരത്തിനൊപ്പം ജോലി ചെയ്യേണ്ടി വരുന്നവര്‍ക്കായി ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ പ്രത്യേക ക്രമീകരണങ്ങള്‍ ഓരോ ടൂറിസം ഡെസ്റ്റിനേഷനുകളിലും ഒരുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കെടിഡിസി. ഇതിന്റെ ഭാഗമായി ടെക്നോപാര്‍ക്ക് കമ്പനികള്‍ക്ക് പ്രത്യേക പാക്കേജായി ഈ സൗകര്യം ലഭ്യമാക്കുന്നതിനാണ് ധാരണ.
കെടിഡിസി മൊമന്റസ്, കെടിഡിസി മാര്‍വല്‍സ്, കെടിഡിസി മാജിക് എന്നീ പുതിയ പാക്കേജുകളാണ് മറ്റ് സഞ്ചാരികള്‍ക്കായി ഇതോടൊപ്പം തയ്യാറാക്കിയിട്ടുള്ളത്.
കൊച്ചി- മൂന്നാര്‍- കുമരകം- കൊച്ചി (നാലു രാത്രിയും അഞ്ചു പകലും), കൊച്ചി- മൂന്നാര്‍- തേക്കടി- കുമരകം- കൊച്ചി (അഞ്ചു രാത്രിയും ആറു പകലും), കൊച്ചി- മൂന്നാര്‍- തേക്കടി- കുമരകം- കോവളം- തിരുവനന്തപുരം (ആറു രാത്രിയും ഏഴു പകലും) എന്നിങ്ങനെയാണ് അവ സജ്ജമാക്കിയിട്ടുള്ളത്.
സഞ്ചാരികള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം ഡെസ്റ്റിനേഷനുകള്‍ മാറ്റി ക്രമീകരിക്കാനുള്ള സൗകര്യവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ktdc.com
KTDC and Technopark have introduced “Workation,” enabling IT professionals to work remotely from Kerala’s tourist destinations. This innovative concept aims to merge work and leisure, offering techies a refreshing environment for their tasks. The partnership also includes attractive travel packages for diverse travelers, enhancing Kerala’s tourism offerings.