‘യാശോഭൂമി’ അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ വിശ്വകര്‍മ്മര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ സമ്മാനം. പരമ്പരാഗത കൈത്തൊഴിലാളി, കരകൗശല വിദഗ്ധരെ മുന്നോട്ടുകൊണ്ടുവരാന്‍ 13,000 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
സൗജന്യ വായ്പ, നൈപുണ്യ വികസനത്തിനായി പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതിയാണ് ഡല്‍ഹിയില്‍ നടന്ന ഇന്ത്യ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ എക്‌സ്‌പോ സെന്ററില്‍ ഉദ്ഘാടനം ചെയ്തത്. ‘സാധാരണക്കാരന്റെ ശബ്ദ’മാകുന്ന തരത്തില്‍ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ലോകത്ത് കൈത്തൊഴിലിന്റെ ആവശ്യകത വര്‍ധിക്കുകയാണെന്നും കോർപ്പറേറ്റ് കമ്പനികള്‍ ചെറിയ സ്ഥാപനങ്ങളെ ഉത്പന്ന നിര്‍മാണത്തിന് സമീപിക്കുന്നുണ്ടെന്നും പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വിശ്വകര്‍മ വിഭാഗത്തില്‍പെടുന്നവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കണം. ആധുനിക യുഗത്തിലേക്ക് വിശ്വ കര്‍മ വിഭാഗത്തിനെ പരിശീലനം നല്‍കി പ്രാപ്തരാക്കുന്നത് വഴി ആഗോളവിപണിയില്‍ അവരും ഭാഗമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ നൈപുണ്യ വികസനകാര്യ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ സ്റ്റാംപും പദ്ധതിയെ കുറിച്ച് വിവിധ ഭാഷയില്‍ എഴുതിയ കൈപ്പുസ്തകവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. കൈത്തൊഴില്‍ മേഖലയില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്ക് ചടങ്ങില്‍ പിഎം വിശ്വകര്‍മ്മ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഒരു ലക്ഷം വരെ പലിശയില്ലാ വായ്പ
പി.എം. വിശ്വകര്‍മ പദ്ധതിയില്‍ നൈപുണ്യ വികസനത്തിന് കൈത്തൊഴിലാളികള്‍ക്ക് അഞ്ചു ദിവസത്തെ പരിശീലനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ 15,000 രൂപയുടെ വൗച്ചര്‍ നല്‍കും. കൂടാതെ കൈത്തൊഴിലാളികള്‍ക്ക് മൂന്ന് ലക്ഷം വരെ ഗാരന്റിയില്ലാതെ ലോണിന് അപേക്ഷിക്കാനും പദ്ധതിയില്‍ അവസരമുണ്ട്. വിശ്വകര്‍മ്മയില്‍ ഉള്‍പ്പെടുന്ന 18 വിഭാഗങ്ങള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. നെയ്ത്തുകാര്‍, കൊല്ലപണിക്കാര്‍, ശില്പികള്‍, മരപ്പണിക്കാര്‍, ഉരുപണിക്കാര്‍, സ്വര്‍ണപണിക്കാര്‍, ബാര്‍ബര്‍മാര്‍, അലക്കുകാര്‍ തുടങ്ങി കരകൗശല-കൈത്തൊഴില്‍ മേഖലയിലെ 18 വിഭാഗങ്ങള്‍ മൈക്രോ-സ്‌മോള്‍-മീഡിയം എന്റര്‍പ്രൈസ് മന്ത്രാലയത്തിന്റെ കീഴിലുള്ള പിഎം വിശ്വകര്‍മ പദ്ധതിയുടെ ഗുണം ലഭിക്കും. നൈപുണ്യ വികസന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദിവസേന 500 രൂപയാണ് സഹായധനം നല്‍കുന്നത്.
ആദ്യ ഘട്ടത്തില്‍ പലിശയില്ലാതെ ഒരു ലക്ഷം രൂപ വരെയാണ് പിഎം വിശ്വകര്‍മ്മ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 18 മാസം കൊണ്ട് വായ്പ തിരിച്ചടച്ചാല്‍ മതിയാകും. ഗ്രാമപഞ്ചായത്ത്, ജില്ലാ കളക്ടര്‍ എന്നിവരാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. സംസ്ഥാന തലത്തില്‍ നടക്കുന്ന പരിശോധനയ്ക്ക് ശേഷമായിരിക്കും അര്‍ഹരെ തിരഞ്ഞെടുക്കുക. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. എടുത്ത വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ രണ്ടു ലക്ഷത്തിന്റെ രണ്ടാംഘട്ട വായ്പയ്ക്ക് അര്‍ഹരാകും. രണ്ടാംഘട്ട വായ്പയ്ക്ക് അഞ്ചു ശതമാനം പലിശ നല്‍കണം. പലിശയുടെ എട്ടു ശതമാനം ഗുണഭോക്താക്കള്‍ക്ക് സബ്‌സിഡിയായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. 30 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. പരമ്പരാഗത കൈത്തൊഴിലാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയില്‍ കാര്‍ഡും നല്‍കും.
പദ്ധതിയെ കുറിച്ച് 77-ാമത് സ്വതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി സൂചിപ്പിക്കുന്നത്. പിന്നാലെ പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തിക വിഭാഗത്തിന്റെ കാബിനറ്റ് കമ്മിറ്റി പദ്ധതി അംഗീകരിക്കുകയായിരുന്നു. പരമ്പരാഗത കരകൗശല വിദഗ്ധരുടെയും കൈത്തൊഴിലാളികളുടെയും ഉന്നമനത്തിന് വേണ്ടി 2023-24 ബജറ്റിൽ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പിഎം വിശ്വകര്‍മ കൗശല്‍ സമ്മാന്‍ യോജന പ്രഖ്യാപിച്ചിരുന്നു. കൈത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം, കൂടാതെ ആധുനിക സാങ്കേതിക സഹായത്തോടെ നൈപുണ്യ വികസനവും, നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ വിപണി സാധ്യതയും ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. പിന്നാക്ക-ഗോത്ര വിഭാഗങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം
പരമ്പരാഗത കരകൗശല നിര്‍മാണ-കൈത്തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പിഎം വിശ്വകര്‍മ്മ യോജനയില്‍ അപേക്ഷിക്കാന്‍ അവസരമുള്ളത്. നിലവില്‍ കരകൗശല-കൈത്തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. പിഎംഇജിപി, പിഎം സ്വനിധി, മുദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെയും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുന്നവരെയും പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുടുംബ വാര്‍ഷിക വരുമാനം ഓരോ വിഭാഗത്തിനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നതില്‍ കൂടിയവര്‍ അപേക്ഷിക്കേണ്ടതില്ല. ഒരു കുടുംബത്തില്‍ ഒരാള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
https://pmvishwakarma.gov.inഎന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. സൈറ്റില്‍ അക്കൗണ്ട് ഉണ്ടാക്കിയതിന് ശേഷം ‘സി.എസ്.സി.-രജിസ്റ്റര്‍ ആര്‍ട്ടിസന്‍സില്‍’ രജിസ്റ്റര്‍ ചെയ്യാം. മൊബൈല്‍ നമ്പറും ആധാര്‍ കാര്‍ഡ് നമ്പറും നല്‍കിയതിന് ശേഷം ഒടിപി ലഭിക്കും. ആധാര്‍ വെരിഫിക്കേഷന് ശേഷം ലഭിക്കുന്ന ഫോം പൂരിപ്പിക്കാം. ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചുണ്ടെങ്കില്‍ കുടുംബ വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ പ്രത്യേകമായി ചേര്‍ക്കേണ്ടതില്ല. ആധാര്‍, തിരിച്ചറയില്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, ജോലിയുമായി ബന്ധപ്പെട്ട രേഖകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ അപേക്ഷയോടൊപ്പം നല്‍കണം.
17 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ലേബര്‍ കമ്മിഷനറേറ്റുമായി ബന്ധപ്പെടാം.
ഫോണ്‍: 9810177618. ഇമെയില്‍: [email protected]