റോബസ്റ്റയ്ക്ക് (Robusta) നല്ലകാലം വരുന്നു, ഇനി കാപ്പിയില്‍ മാത്രമായി റോബസ്റ്റയെ ഒതുക്കാന്‍ പറ്റില്ല.
എനര്‍ജി ഡ്രിങ്ക് മുതല്‍ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ വരെ കാപ്പി കലര്‍ത്തുമ്പോള്‍ സ്റ്റാറാവുക റോബസ്റ്റയായിരിക്കും. കേരളത്തിലെ കാപ്പിക്കര്‍ഷകര്‍ക്ക് ഇത് കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ? കേരളത്തില്‍ കൃഷി ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന കാപ്പി ഇനം റോബസ്റ്റയാണ്. അന്താരാഷ്ട്ര വിപണിയില്‍ റോബസ്റ്റയ്ക്ക് ആവശ്യം കൂടിയാല്‍ രക്ഷപ്പെടുക കേരളത്തിലെ കാപ്പി കര്‍ഷകരായിരിക്കും.
വരും വര്‍ഷങ്ങളില്‍ ആഗോളവിപണിയില്‍ റോബസ്റ്റയ്ക്ക് ആവശ്യക്കാരേറുമെന്ന് വിദഗ്ധര്‍ പറയുന്നു. വിവിധ ഉത്പന്നങ്ങളില്‍ കാപ്പി ചേര്‍ക്കുന്നത് റോബസ്റ്റയ്ക്കായിരിക്കും നേട്ടമുണ്ടാക്കുകയെന്ന് സുക്കാഫിന ഇന്ത്യ (Sucafina India)യുടെ മാനേജിങ് ഡയറക്ടര്‍ കൈലാഷ് നദാനി (Kailash Nathani) പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന ലോക കോഫീ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു. വിവിധ ഉത്പന്നങ്ങളില്‍ റോബസ്റ്റ ബ്ലെന്‍ഡ് ചെയ്ത് ചേര്‍ക്കുന്ന പ്രവണത കുറച്ച് വര്‍ഷങ്ങള്‍ കൊണ്ടാണ് കൂടിയത്. ഉത്പന്നങ്ങളില്‍ റോബസ്റ്റ ബ്ലെന്‍ഡ് ചെയ്യുന്നത് നാല്‍പത് വര്‍ഷം കൊണ്ടാണ് 10 % നിന്ന് 40-45 % ആയി കൂടിയത്. എന്നാല്‍ അതിനേക്കാള്‍ വേഗത്തിലുള്ള വളര്‍ച്ച ഇപ്പോള്‍ പ്രതീക്ഷിക്കാം. വരുന്ന വര്‍ഷങ്ങളില്‍ റോബസ്റ്റ ചേര്‍ത്ത കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തും.
കടുപ്പമുള്ള കാപ്പി, ഇഷ്ടമുള്ളതും
ലോകത്തെ കാപ്പിക്കുടിയന്മാര്‍ ഇഷ്ടപ്പെടുന്ന ‘കടുപ്പമുള്ള ഇനമാണ്’ റോബസ്റ്റ. അതുകൊണ്ട് തന്നെ കഫീന്‍ (Caffeine) ചേര്‍ത്ത് വിപണിയിലെത്തുന്ന ഉത്പന്നങ്ങളിലെ പ്രധാന ചേരുവ റോബസ്റ്റയാണ്. കാപ്പിയുടെ സ്വാദിലെത്തുന്ന സോഫ്റ്റ് ഡ്രിങ്ക്, സോഡ, ജ്യൂസ്, ചോക്ലേറ്റ് എന്നിവയിലെല്ലാം റോബസ്റ്റയാണ് ചേര്‍ക്കുന്നത്.
റോബസ്റ്റയ്ക്ക് ആവശ്യക്കാരേറുന്നത് ഇന്ത്യന്‍ കാപ്പിക്കൃഷി മേഖലയെ സംബന്ധിച്ച് സന്തോഷവാര്‍ത്തയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന കാപ്പി ഇനം റോബസ്റ്റയാണ്. ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്ത കാപ്പിയുടെ 52 % റോബസ്റ്റ കാപ്പിയാണ്. ഇന്ത്യയില്‍ തന്നെ റോബസ്റ്റയുടെ ഏറ്റവും വലിയ ഉത്പാദകര്‍ കേരളവും കര്‍ണാടകയുമാണ്. അതിനാല്‍ ആഗോളവിപണിയില്‍ റോബസ്റ്റയ്ക്ക് ആവശ്യക്കാര്‍ കൂടുന്നതിന്റെ നേട്ടം കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കും. കേരളത്തില്‍ റോബസ്റ്റ കൃഷി ചെയ്യുന്നവരില്‍ വലിയൊരു പങ്കും ചെറുകിട-ഇടത്തരം കര്‍ഷകരാണ്.
2021-22 വര്‍ഷത്തില്‍ 342,000 ടണ്ണിന്റെ കാപ്പിയാണ് ഇന്ത്യയില്‍ ഉത്പാദിപ്പിച്ചത്. ഇതില്‍ 70 % റോബസ്റ്റ ഇനമാണ്. ഉത്പാദനത്തിന്റെ 70 % കയറ്റുമതി ചെയ്യുന്നത് കൊണ്ട് റോബസ്റ്റ കര്‍ഷകര്‍ക്കാണ് നേട്ടമുണ്ടാകുന്നത്.
മറ്റൊരു ഇനമായ അറബിക്കയുമായി തട്ടിച്ചു നോക്കുമ്പോള്‍ കൃഷി ചെയ്യാനുള്ള എളുപ്പം റോബസ്റ്റയെ കര്‍ഷകരുടെ ഇടയിലും പ്രിയങ്കരമാക്കുന്നു. നിലവില്‍ അറബിക്കയ്ക്കാണ് ലോക വിപണിയില്‍ മാര്‍ക്കറ്റ് കൂടുതല്‍. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ പിടിച്ചു നില്‍ക്കാന്‍ അറബിക്കയ്ക്ക് കഴിയില്ല എന്നത് റോബസ്റ്റയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.
2050-ഓടെ അറബിക്ക കൃഷി സുസ്ഥിരമായിരിക്കില്ലെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കഴിഞ്ഞ തവണ നീണ്ടു പോയ മണ്‍സൂണ്‍ കാപ്പി ഉത്പാദനത്തെ ബാധിച്ചിരുന്നു. മണ്‍സൂണ്‍ അധികവും ബാധിച്ചത് അറബിക്ക കൃഷിയാണ്. ഇതോടെ കൂടുതല്‍ കര്‍ഷകര്‍ റോബസ്റ്റയിലേക്ക് മാറാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.