ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂലൈയിൽ റിലയൻസ് ജിയോ ഇന്ത്യൻ ടെലികോം വിപണിയിൽ 3.9 ദശലക്ഷം പുതിയ ഉപയോക്താക്കളെ നേടി. എയർടെലിന്റെ കടന്നു കയറ്റത്തെ തടഞ്ഞു വൊഡാഫോൺ ഇന്ത്യയുടെ 5G പ്രേമികളെ ആകർഷിച്ചാണ് ജിയോയുടെ മുന്നേറ്റം.
ജൂലൈയിൽ ലാൻഡ്‌ലൈൻ കണക്ഷനുകളുടെ എണ്ണം മുൻ മാസത്തെ 9.95 ദശലക്ഷത്തിൽ നിന്ന് ഉയർന്നു 10 ദശലക്ഷം മറികടന്നു. ഇപ്പോൾ, ഇന്ത്യയിലെ 30.6 ദശലക്ഷം ഉള്ള ലാൻഡ്‌ലൈൻ വിപണിയിലെ ഓരോ മൂന്ന് കണക്ഷനുകളിൽ ഒന്ന് ജിയോയാണ്.
ജൂലൈയിൽ ജിയോയുടെ വരിക്കാരുടെ വിപണി വിഹിതം 38.6 ശതമാനവും എയർടെല്ലിന് 32.7 ശതമാനവുമാണ്. Vi-യുടെ വിപണി വിഹിതം 20 ശതമാനത്തിൽ നിന്ന് കുറഞ്ഞു ജൂലൈയിൽ 19.9 ശതമാനം രേഖപ്പെടുത്തി.
2023 ജൂലൈയിൽ 3.9 ദശലക്ഷം വരിക്കാരുടെ വർധനയോടെ എയർടെല്ലിനും Vi നും എതിരെ ജിയോ അതിന്റെ ലീഡ് കൂടുതൽ ശക്തിപ്പെടുത്തി. ഇതോടെ കമ്പനിയുടെ മൊത്തം വരിക്കാരുടെ എണ്ണം 438.58 ദശലക്ഷത്തിൽ നിന്ന് 442.49 ദശലക്ഷം ഉപയോക്താക്കളായി ഉയർന്നു.
VI യെ പിന്തള്ളി എയർടെൽ രണ്ടാമത്
എയർടെൽ 2023 ജൂലൈയിൽ 1.52 ദശലക്ഷം വരിക്കാരുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിന്റെ മൊത്തം വരിക്കാരുടെ എണ്ണം 375.24 ദശലക്ഷവുമായി ഇപ്പോഴും ജിയോയ്ക്ക് പിന്നിലാണ്. 228.33 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുമായി Vi മൂന്നാം സ്ഥാനത്താണ്.
സർക്കാർ ഉടമസ്ഥതയിലുള്ള ഓപ്പറേറ്റർമാരായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് യഥാക്രമം 1.4 ദശലക്ഷം, 33,623 വയർലെസ് ഉപഭോക്താക്കളെ നഷ്ടപ്പെട്ടു.
ജൂലൈയിൽ ഇന്ത്യയിലെ മൊത്തത്തിലുള്ള മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണം 2.67 ദശലക്ഷം വർദ്ധിച്ചു, ജൂണിലെ 0.37 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ഉപയോക്താക്കളുടെ എണ്ണത്തിൽ നിന്ന് ഗണ്യമായ വർധനവാണിത് .
2023 ജൂലൈയിൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) അഭ്യർത്ഥനകൾ 11.8 ദശലക്ഷമായി ഉയർന്നു. വരിക്കാരെ നേടുന്നതിനായി ടെലികോം കമ്പനികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മത്സരം ഇത് സൂചിപ്പിക്കുന്നു.
5G താൽപ്പര്യം Vi-യുടെ വരിക്കാരെ ഇനിയും കുറയ്ക്കും
ഇതുവരെ 5G സേവനങ്ങൾ പുറത്തിറക്കാത്ത ഒരേയൊരു പ്രധാന ടെലികോം കമ്പനി 228.33 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള Vi ആണ്. നിലവിലെ ഉപഭോക്താക്കളും, പോർട്ട് ഔട്ട് ചെയ്യുന്ന ഉപയോക്താക്കളും വേഗതയേറിയ ഇന്റർനെറ്റ് സൗകര്യം അനുഭവിക്കാൻ ജിയോയിലേക്കും എയർടെല്ലിലേക്കും പോർട്ട് ചെയ്യുന്നതിനാൽ വരും മാസങ്ങളിൽ Viക്ക് വരിക്കാരെ കൂടുതൽ നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. Vi യിൽ നിന്നും പോർട്ട് ഔട്ട് ചെയ്യുന്നതിൽ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത് ജിയോ യെ തന്നെയാണ്.