സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിക്ക് മികച്ച പ്രതികരണം. പരമ്പരാഗത എംഎസ്എംഇ, ബിസിനസ്, എംഐഎസ്, ഹെല്‍ത്ത് കെയര്‍, ഐടി, ഹാര്‍ഡ് വെയര്‍, ഐഒടി, ഡാറ്റ അനലിറ്റിക്സ് പ്രോജക്റ്റ് , കൃഷി, ഭക്ഷ്യ സംസ്കരണ മേഖല തുടങ്ങിയ കേരളത്തിൽ വിജയകരമായ പ്രധാന സ്റ്റാർട്ടപ്പ് മേഖലകളിലെ സംരംഭകരാണ് പരിശീലനത്തിനായി എത്തുന്നത്.
സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയുടെ ആദ്യ ബാച്ചിലേക്ക് ഇതുവരെ 188 അപേക്ഷകള്‍ ലഭിച്ചു.
ഏതെങ്കിലും മേഖലയില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഉന്നതിയും സംയുക്തമായി മൂന്നുമാസം മുന്‍പ് ആരംഭിച്ചതാണ് സ്റ്റാർട്ടപ്പ് സിറ്റി പദ്ധതി. ഇവർക്കായുള്ള സാങ്കേതിക പിന്തുണയും, തൊഴിലിടം ഒരുക്കലും KSUM നിർവഹിക്കും.
എംഎസ്എംഇ, ബിസിനസ്, എംഐഎസ്, ഹെല്‍ത്ത് കെയര്‍, ഐടി, ഹാര്‍ഡ് വെയര്‍, ഐഒടി, ഡാറ്റ അനലിറ്റിക്സ് പ്രോജക്റ്റ് തുടങ്ങിയ പ്രധാന മേഖലകളിലെ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുവാനാണ് അപേക്ഷകരിൽ താല്പര്യം കൂടുതൽ. ഇവര്‍ക്ക് വേണ്ടിയുള്ള ഓറിയന്‍റേഷന്‍ പ്രോഗ്രാം കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഉന്നതിയും ഉടന്‍ ആരംഭിക്കും.
സ്റ്റാർട്ടപ്പ് സിറ്റി പദ്ധതി
എസ്.സി.-എസ്.ടി വിഭാഗത്തിലെ സ്റ്റാര്‍ട്ടപ്പുകളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്കരിക്കുക, മികച്ച സംരംഭകരെ കണ്ടെത്തുക, സാങ്കേതിക സേവനങ്ങള്‍ പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ മെച്ചപ്പെടുത്തുക, സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ താത്പര്യമുള്ളവര്‍ക്ക് സഹായം ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.
സംരംഭകര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം, വിദഗ്‌ധോപദേശം, പരിശീലനം തുടങ്ങിയവ പദ്ധതിയിലൂടെ ഉറപ്പാക്കും. ഐ.ടി., ഇലക്ട്രോണിക്സ്, കൃഷി, വിനോദസഞ്ചാരം, പൊതുസേവനം തുടങ്ങിയ മേഖലകളിലെ സംരംഭകര്‍ക്ക് ഇന്‍കുബേഷന്‍ സൗകര്യങ്ങളും പിന്തുണയും നല്‍കും. മികച്ച തൊഴില്‍ ഇടങ്ങള്‍, അതിവേഗ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി, ഉത്പ്പാദനക്ഷമമായ തൊഴില്‍ അന്തരീക്ഷത്തിനായുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് സിറ്റി സഹായകരമാകും.
മികച്ച പ്രവര്‍ത്തനം, ഏകീകൃത ബ്രാന്‍ഡിംഗ്, വിപണനം, വില്‍പ്പന എന്നിവക്കായി സംരംഭകരുടെയും സഹകരണ സംഘങ്ങളുടെയും ഏകീകരണം, സഹകരണം, സംയോജനം എന്നിവയ്ക്ക് സ്റ്റാര്‍ട്ടപ്പ് സിറ്റി പ്രയോജനപ്പെടുത്താം. സ്റ്റാര്‍ട്ടപ്പ് സിറ്റിയിലൂടെ ബിസിനസിന്‍റെ കാര്യക്ഷമതയും വ്യാപ്തിയും വര്‍ധിപ്പിക്കാന്‍ സാധിക്കും. നൈപുണ്യ-സംരംഭകത്വ വികസന പരിപാടികള്‍, നേതൃത്വ ശില്‍പശാലകള്‍, മെന്‍റര്‍ഷിപ്പ്, നിക്ഷേപക സംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായുണ്ട്.
പട്ടികജാതി,പട്ടിക വര്‍ഗ വിഭാഗത്തിലെ യുവജനങ്ങളെ സംരംഭകരും തൊഴില്‍ദാതാക്കളുമായി മാറ്റാന്‍ സ്റ്റാര്‍ട്ടപ്പ്സിറ്റി പദ്ധതിയിലൂടെ സാധിക്കുമെന്ന് എസ്.സി-എസ്.ടി, പിന്നാക്കക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് നായര്‍ പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയുടെ ഭാഗമായി മികച്ച തൊഴിലിടങ്ങള്‍ ഒരുക്കുന്നതിനൊപ്പം സംരംഭകര്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങളും സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്കുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു.
സ്റ്റാർട്ട് അപ്പ് സിറ്റിയുടെ ഭാഗമായി ഏതെങ്കിലും മേഖലയിൽ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് bit.ly/ksumstartupcity -ൽ രജിസ്റ്റർ ചെയ്യാം.കൂടുതൽ വിവരങ്ങൾക്ക്: 0471 2518274