ഹ്യൂണ്ടായ മോട്ടറിന്റെ ആഡംബര ബ്രാൻഡായ ജെനസിസിനെ ഇന്ത്യൻ റോഡുകളിൽ കാണാൻ പറ്റുമോ? ഒന്ന് കാത്തിരുന്നാൽ പറ്റിയേക്കാമെന്ന് പറയുന്നത് ഹ്യൂണ്ടായ മോട്ടറിന്റെ എംഡിയും സിഇഒയുമായ ഉൻസോ കിം ആണ്. ജെനസിസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ മടിയൊന്നുമില്ല. ഇന്ത്യൻ വിപണിയെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ജെനസിസിനെ ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരണമെന്ന് ആലോചിക്കുകയാണെന്നും ഉൻസോ പറയുന്നു.
ആഡംബരത്തിന്റെ പുതിയ പേര്
ആഡംബര വാഹനങ്ങളെന്നാൽ ഇന്ത്യക്കാർക്ക് മെർസിഡസ് ബെൻസും ഔഡിയും ബിഎംഡബ്ല്യുയും മറ്റുമാണ്. ഇന്ത്യൻ മാർക്കറ്റിൽ ഏറ്റവും അധികം വിറ്റുപോകുന്ന ആഡംബര കാറുകളും ഇവ തന്നെ. ആഡംബര വണ്ടികളുടെ ശ്രേണിയിലേക്ക് വൈകാതെ ഹ്യൂണ്ടായി ജെനസിസിന്റെ പേരും ഉയർന്നു കേൾക്കും.
കോവിഡിന് ശേഷം ഇന്ത്യയിൽ കാറുകളുടെ വിൽപ്പനയിൽ വലിയ വളർച്ച രേഖപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച് പ്രീമിയം വിഭാഗത്തിൽപെടുന്ന വാഹനങ്ങളിൽ. മറ്റു ബ്രാൻഡുകളുടെ ആഡംബര കാർ വിൽപ്പനയുണ്ടായ അസൂയവാഹകമായ വളർച്ചയാണ് ഹ്യൂണ്ടായെ മാറ്റിചിന്തിപ്പിച്ചത്. തങ്ങളുടെ ജെനസിസിന് ഇന്ത്യയിൽ വിപണി കണ്ടെത്താൻ പറ്റുമെന്നാണ് ഹ്യൂണ്ടായി കരുതുന്നത്. ഹ്യൂണ്ടായുടെ ഓഹരി ഉടമകളിൽ നിന്നും ആവശ്യമുയർന്ന് കഴിഞ്ഞു.
ഇന്ത്യയിൽ ഫാക്ടറി
അതേസമയം ഇന്ത്യയിൽ വാഹനങ്ങൾക്ക് ഇറക്കുമതി തീരുവ കുറച്ചൊന്നുമല്ല കൊടുക്കേണ്ടി വരുന്നത്. ഇറക്കുമതിക്ക് വലിയ തുക നൽകേണ്ടി വന്നാൽ വിചാരിച്ച ലാഭം ജെനസിസിൽ നിന്ന് ലഭിക്കില്ല. അത്രയും വലിയ വില നൽകാൻ ഉപഭോക്താക്കൾ തയ്യാറാകുമോയെന്ന് ഹ്യൂണ്ടായിക്ക് പോലും ഉറപ്പില്ല. അതിനാൽ ഇവിടെ തന്നെ അസംബ്ലിങ് യൂണിറ്റ് തുടങ്ങാനാണ് ഹ്യൂണ്ടായി ആലോചിക്കുന്നത്. ഹ്യൂണ്ടായുടെ ഇന്ത്യയിലെ ഫാക്ടറികളിൽ നിന്ന് ജെനസിസിനെ അസംബിൾ ചെയ്യാനാണ് ഹ്യൂണ്ടായി ആലോചിക്കുന്നത്. ഹ്യൂണ്ടായുടെ എസ്‌യുവി വാഹനങ്ങൾ ഇത്തരത്തിൽ അസംബിൾ ചെയ്താണ് വിപണിയിലെത്തിക്കുന്നത്.
തമിഴ്നാട്ടിലെ ചെന്നൈയിലാണ് ഹ്യൂണ്ടായിക്ക് ഫാക്ടറിയുള്ളത്. 88 രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള വാഹനങ്ങൾ ഈ ഫാക്ടറിയിൽ നിർമിക്കുന്നുണ്ട്. പ്രവർത്തനം വിപുലപ്പെടുത്താൻ ജനറൽ മോട്ടോഴ്സ് ഇന്ത്യയുടെ മഹാരാഷ്ട്രയിലെ ഫാക്ടറി സ്വന്തമാക്കാനും ഇവർ ശ്രമിക്കുന്നുണ്ട്.
ആദ്യം വന്നത് ജി20യിൽ
ഹ്യൂണ്ടായി ആദ്യമായി ഇന്ത്യയിലേക്ക് ജെനസിസിന് കൊണ്ടുവരുന്നത് ജി20 ഉച്ചക്കോടി നടക്കുന്ന സമയത്താണ്. 68 കാറുകളാണ് ജി20യിൽ ഹ്യൂണ്ടായി കൊണ്ടുവന്നത്. ലോക നേതാക്കൾക്കും മന്ത്രിമാർക്കും ഉപയോഗിക്കാനായിരുന്നു അത്. ജി90 മോഡലിൽ 48 യൂണിറ്റുകളും ജി80 മോഡലിൽ 25 യൂണിറ്റുകളുമാണ് കൊണ്ടുവന്നത്. എല്ലാം പ്രതീക്ഷിച്ച പോലെ നടക്കുകയാണെങ്കിൽ അധികം വൈകാതെ കൂടുതൽ ജെനസിസ് കാറുകൾ ഇവിടെ ഓടും.
Hyundai Motor, a prominent South Korean automaker, has stated that if there is a demand, it will not hesitate to introduce its luxury brand Genesis into the nation and won’t delay if necessary. According to sources, Hyundai has long been considering introducing the Genesis brand to India.