കാൻസർ രോഗ ചികിത്സക്കുള്ള മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാവുക എന്ന ലക്ഷ്യത്തോടെ അവശ്യ കാൻസർ മരുന്നുകളുടെ നിർമാണത്തിലേക്കു കടക്കുകയാണ് കേരളാ പൊതു മേഖലയിലെ മരുന്ന് നിർമാണ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (KSDP). പേറ്റന്റ് ഇല്ലാത്ത അവശ്യ മരുന്നുകളുടെ ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാൻസർ മരുന്നുകളുടെ ലഭ്യത സംസ്ഥാനത്തു വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന സംരംഭത്തിനാണ് ആലപ്പുഴ ആസ്ഥാനമാക്കിയ KSDP ഒരുങ്ങുന്നത്.
കെ.എസ്.ഡി.പി ഇതിനായി ആലപ്പുഴ കലവൂരിലെ ഓങ്കോളജി ഫാർമ പാർക്കിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുകയാണ്. പ്രാരംഭ ഘട്ടത്തിൽ ഉയർന്ന ഡിമാൻഡുള്ള ഓങ്കോളജി ഡ്രഗ് ഫോർമുലേഷനുകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഗണ്യമായ ഡിമാൻഡുള്ള 20 ഓങ്കോളജി മരുന്നുകൾ KSDP കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്ന മരുന്നുകളുടെ ഉത്പാദനത്തിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെയും -ICMR, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെയും – CDSCO – കമ്പനി സമീപിച്ചിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്ത ഓങ്കോളജിസ്റ്റുകളുമായി കമ്പനി നിരവധി റൗണ്ട് ചർച്ചകൾ നടത്തുകയും ചെയ്തു. അവശ്യ മരുന്നുകൾ തിരിച്ചറിയുന്നതിനും അവയുടെ ഉൽപ്പാദനം സുഗമമാക്കുന്നതിനും റീജിയണൽ കാൻസർ സെന്ററുമായും മലബാർ കാൻസർ സെന്ററുമായും KSDP സജീവമായി സഹകരിക്കുന്നുണ്ട്.
പ്രാരംഭ ഘട്ടത്തിൽ സാമൂഹിക നേട്ടങ്ങൾക്ക് ഊന്നൽ നൽകി ഉയർന്ന ഡിമാൻഡുള്ള ഓങ്കോളജി ഡ്രഗ് ഫോർമുലേഷനുകൾ ഉൽപ്പാദിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കെഎസ്ഡിപി ചെയർമാൻ സി.ബി ചന്ദ്രബാബു പറഞ്ഞു.
“കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഗണ്യമായ ഡിമാൻഡുള്ള 20 ഓങ്കോളജി മരുന്നുകൾ കണ്ടെത്തി. താങ്ങാനാവുന്ന മരുന്നുകളുടെ ഉത്പാദനം സാധാരണക്കാർക്ക് ആശ്വാസകരമാകും.” അദ്ദേഹം പറഞ്ഞു.
100 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് കെഎസ്ഡിപി
കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് മുഖേനയുള്ള ഫണ്ട് ഉപയോഗിച്ച് ഏകദേശം 231 കോടി രൂപയുടെ മൊത്തം നിക്ഷേപത്തിൽ കലവൂരിലെ 6.38 ഏക്കർ സ്ഥലത്താണ് കാൻസർ മരുന്ന് ഉൽപ്പാദന കേന്ദ്രം ആരംഭിക്കുന്നത്. ഉൽപ്പാദന കേന്ദ്രത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ടിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകുകയും ചെയ്തു.
ഓങ്കോളജി ഫാർമ പാർക്കിൽ പുതിയ പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നതോടെ, പ്രതിവർഷം ആറ് കോടി ഗുളികകളും 4.5 കോടി ക്യാപ്സ്യൂളുകളും 37 ലക്ഷം ഇൻട്രാവണസ് മരുന്നുകളും നിർമ്മിക്കാനുള്ള സൗകര്യമാണ് ആലപ്പുഴയിൽ ഒരുങ്ങുന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ 122 കോടി രൂപയുടെ വരുമാനം കമ്പനി നേടിയിരുന്നു. പ്രധാനമായും കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് സാനിറ്റൈസർ നിർമ്മാണത്തിലൂടെയാണ് കമ്പനി നേട്ടം കൈവരിച്ചത്. വെല്ലുവിളികൾക്കിടയിലും ഈ സാമ്പത്തിക വർഷം 100 കോടി രൂപയുടെ വിറ്റുവരവാണ് കെഎസ്ഡിപി ലക്ഷ്യമിടുന്നത്.
കേരള സർക്കാരിന് മരുന്നുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1971-ൽ സ്ഥാപിതമായ കെഎസ്ഡിപി, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലേക്കും സ്ഥാപനങ്ങളിലേക്കും മരുന്നുകൾ എത്തിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത് .
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ക്യാൻസർ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് സാംക്രമികേതര രോഗങ്ങളെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി കൂടുതലാണ് കാൻസർ പരിചരണത്തിന്റെ ചെലവ്.