നീതി ആയോഗിന്റെ മൾട്ടി ഡയമെൻഷണൽ പോവർട്ടി ഇൻഡക്സ് 2023ൽ കേരളം മെച്ചപ്പെടുന്നു എന്നാണ് കണക്കുകൾ. രാജ്യത്തിന്റെ മൊത്തം ദാരിദ്ര്യനില പതിയെ മെച്ചപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2015-2016 കാലത്ത് ദാരിദ്ര്യസൂചികയുടെ ഏറ്റവും താഴ്ന്ന റാങ്കിലുണ്ടായിരുന്നത് കേരളവും തമിഴ്നാടും പശ്ചിമബംഗാളുമടക്കം പത്ത് സംസ്ഥാനങ്ങളായിരുന്നു. ഇത് 2019-21 കാലത്തെത്തിയപ്പോൾ 19 സംസ്ഥാനങ്ങളായി ഉയർന്നതായി നീതി ആയോഗ് പറയുന്നു. ഏറ്റവും മോശം നിലയിലുണ്ടായിരുന്ന ബിഹാർ നിലവിൽ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുമുണ്ട്. എങ്കിലും രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ, അസം, അരുണാചൽ, മണിപ്പൂർ, മിസോറം, നാഗാലാൻഡ്, സിക്കിം, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെ സ്ഥിതി മോശമായിത്തന്നെ തുടരുകയാണ്.

നീതി ആയോഗും യുഎൻ ഡവലപ്മെന്റ് പ്രോഗ്രാമും, ഓക്സ്ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് ഇനിഷ്യേറ്റീവും ചേർന്നാണ് ഇന്ത്യക്ക് പ്രത്യേകമായി ഒരു ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചകം (National Multidimensional Poverty Index) രൂപപ്പെടുത്തിയെടുത്തത്.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മൂന്ന് മുഖ്യ സൂചകങ്ങളാണ് പരിഗണനയ്ക്ക് എടുക്കുന്നത്. ഇതിൽ ഓരോന്നിനെയും പല ഘടകങ്ങളായി തിരിച്ച് കൂടുതൽ സൂക്ഷ്മമായ വിശകലനം നടത്തുന്നു. ആരോഗ്യം എന്ന സൂചകത്തിനു കീഴിൽ മൂന്ന് ഉപസൂചകങങൾ കൂടിയുണ്ട്. പോഷകം, ബാലമരണം, മാതാവിന്റെ ആരോഗ്യം എന്നിവയാണത്.

ആളോഹരി ദാരിദ്ര്യം കേരളത്തിൽ കുറവ്
കേരളത്തിൽ ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ ശതമാനം 0.55 ആണ്. രാജ്യത്തു തന്നെ ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്ക് കേരളത്തിലാണ്. ബിഹാറാണ് ആളോഹരി ബഹുമുഖ ദാരിദ്ര്യത്തിൽ ഇന്നും ഏറ്റവും മുമ്പിൽ നിൽക്കുന്നത്. 33.76 ശതമാനമാണ് (2019-21) ഇവിടുത്തെ ദാരിദ്ര്യ നിരക്ക്. പക്ഷെ ഇത് 2015-16 കാലത്തെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ടിട്ടുണ്ട്. പട്ടികയിൽ രണ്ടാമത് വരുന്ന ജാർഖണ്ഡിലെ ഇപ്പോഴത്തെ ആളോഹരി ദാരിദ്ര്യ നില 28.81 ശതമാനമാണ്. മേഘാലയയാണ് മൂന്നാമത് വരുന്നത്. ഈ സംസ്ഥാനത്തിന്റെ ആളോഹരി ദാരിദ്ര്യം 27.79 ശതമാനമാണ്. നാലാമത് വരുന്നത് ഉത്തർപ്രദേശാണ്. ഇവിടെ 27.79 ശതമാനം പേരും ബഹുമുഖമായ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആളോഹരി ദാരിദ്ര്യം കുറവാണ്. കർണാടകത്തിൽ 7.58 ശതമാനം പേരാണ് ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നത്. ആന്ധ്രയിൽ 6.06 ശതമാനം പേരാണ് ബഹുമുഖദാരിദ്ര്യ സൂചികയിൽ വരുന്നത്. തെലങ്കാന തൊട്ടുതാഴെ വരുന്നു. 5.88 ശതമാനം പേർ. തമിഴ്നാട് ഇക്കാര്യത്തിൽ വളരെയേറെ മുന്നേറിയ സംസ്ഥാനമാണ്. 2.20 ശതമാനം പേരാണ് ഇവിടെ ബഹുമുഖമായ ദാരിദ്ര്യം അനുഭവിക്കുന്നത്. തൊട്ടുതാഴെ ഗോവയും അതിനും താഴെ അവസാനമായി കേരളവും വരുന്നു.
കേരളം ‘അദൃശ്യ ദാരിദ്ര്യം’നേരിടുന്നു

കേരളത്തിൽ നിലവിലുള്ള അദൃശ്യ ദാരിദ്ര്യത്തെക്കുറിച്ചുള്ള സൂചനകളും നീതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചിക നൽകുന്നുണ്ട്. കേരളത്തിൽ ഭൂരിഭാഗം പേർക്കും ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും എല്ലാവർക്കും ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിൽ കേരളം ചെറിയ പ്രതിസന്ധി നേരിടുന്നുണ്ട്. കേരളത്തിൽ 16.44% പേർ പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. ഈ പട്ടികയിലും ഏറ്റവും മുമ്പിൽ ബിഹാറാണ്. 42.20% പേരാണ് ബിഹാറിൽ പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുന്നത്. രണ്ടാംസ്ഥാനത്ത് ജാർഖണ്ഡ് (40.32%) വരുന്നു. മൂന്നാമത് വരുന്ന, 38.09 ശതമാനം പേർ പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുന്ന, ഗുജറാത്തിൽ പോഷകാഹാരപ്രശ്നം ഗുരുതരമാണെന്ന് സൂചിക കാണിക്കുന്നു. ഉത്തർപ്രദേശാണ് നാലാമത് . പട്ടികയിൽ ഏറ്റവും താഴെ വരുന്നത് സിക്കിമാണ്. ഇവിടെ 10.36% പേരാണ് പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുന്നത്.

ശിശുമരണനിരക്കിലും മാതൃകയായി കേരളം
നീതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചികയിലെ ഒരു പ്രധാന സൂചകമായ ശിശുമരണ നിരക്കിൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കുള്ളത് കേരളത്തിലാണെന്ന് കണക്കുകൾ പറയുന്നു. 0.20% ആണ് കേരളത്തിലെ ശിശുമരണ നിരക്ക്. ബിഹാർ തന്നെയാണ് ഈ പട്ടികയിലും ഒന്നാമത് നിൽക്കുന്നത്. 4.14% ആണ് ഈ സംസ്ഥാനത്തെ ശിശുമരണ നിരക്ക്. ഉത്തർപ്രദേശ് രണ്ടാംസ്ഥാനത്ത് വരുന്നു. 3.54% ആണ് ഇവിടെത്തെ ശിശുമരണനിരക്ക്.

പാചക ഇന്ധനത്തിന്റെ ലഭ്യതയിൽ കേരളത്തിന്റെ നില അത്ര മെച്ചപ്പെട്ടതല്ല. പാചക ഇന്ധന ലഭ്യതയുടെ കാര്യത്തിൽ തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ മികച്ച നിലയിൽ നിൽക്കുമ്പോൾ കേരളം പിന്നാക്കമാണ്. 28.12% പേർക്ക് പാചക ഇന്ധനപരമായ ദാരിദ്ര്യം അനുഭവിക്കേണ്ടി വരുന്നുണ്ട് കേരളത്തിൽ. രാജ്യത്ത് ജാർഖണ്ഡാണ് പാചക ഇന്ധനദാരിദ്ര്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. ഈ സംസ്ഥാനത്ത് 69.12% പേർക്ക് പാചക ഇന്ധന ദാരിദ്ര്യമുണ്ട്.

ശൗചാലയങ്ങൾ, ബാത്ത്റൂമുകൾ തുടങ്ങിയ ശുചീകരണ സൗകര്യങ്ങളുടെ കാര്യത്തിലും കേരളം ഏറ്റവും മുന്നിൽത്തന്നെയാണ്. ഈ വിഷയത്തിൽ കേരളത്തിൽ ദാരിദ്ര്യം അനുഭവിക്കുന്നത് 1.27% പേർ മാത്രമാണ്. ഏറ്റവും പിന്നിലുള്ള സംസ്ഥാനം ബിഹാറാണ്. 50.78% പേർ ഈ നാട്ടിൽ ശൗചാലയങ്ങളും മറ്റ് ശുചീകരണ സൗകര്യങ്ങളും ഇല്ലാതെ കഴിയുന്നു.