താൻ കെട്ടിപ്പടുത്ത ഇൻഫോസിസിൽ ഭാര്യ സുധാ മൂർത്തിക്ക് ഇടം കൊടുക്കാത്തതിൽ ഇപ്പോൾ പശ്ചാത്താപമുണ്ടെന്ന് എൻആർ നാരായണ മൂർത്തി. നാല് പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച കമ്പനിയുടെ ഭാഗമാകാൻ കുടുംബാംഗങ്ങളെ അനുവദിച്ചിരുന്നില്ലെന്ന് നാരായണ മൂർത്തി പറഞ്ഞു. 1981ൽ സുധാ മൂർത്തിയിൽ നിന്ന് 10,000 രൂപ വാങ്ങിയാണ് നാരായണ മൂർത്തി ഇൻഫോസിസിന് തുടക്കമിടുന്നത്. ഇൻഫോസിസിന്റെ സ്ഥാപക പങ്കാളിയാകാൻ മറ്റാരെക്കാളും സുധാ മൂർത്തി യോഗ്യയാണെന്ന് വിശ്വസിച്ചിരുന്നെങ്കിലും സ്ഥാപനത്തിൽ ചേരാൻ താൻ അനുവദിച്ചില്ലെന്ന് മൂർത്തി പറയുന്നു.
കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഭരണ നിർവഹണത്തിലേക്ക് കുടുംബത്തെ കൊണ്ടുവരുന്നതിൽ വിശ്വസിച്ചിരുന്നില്ലെന്ന് നാരായണ മൂർത്തി പറയുന്നു. അന്നത്തെ കാലത്ത് പലരും ബിസിനസുകൾ മക്കളെ ഏൽപ്പിച്ചിരുന്നെന്നും അവയിൽ പലതും വിജയിച്ചില്ലെന്നും മൂർത്തി പറയുന്നു. അതുകൊണ്ടാണ് കുടുംബത്തെ ഇൻഫോസിസിന്റെ ഭാഗമാക്കാതെയിരുന്നത്. എന്നാൽ പിന്നീട് വിദഗ്ധരുമായി സംസാരിച്ചപ്പോൾ തീരുമാനം തെറ്റായിരുന്നെന്ന് മനസിലായി. ആ കാലഘട്ടത്തിന്റെ സ്വാധീനം തെറ്റായ ആദർശവാദിയാക്കി. ഒരു മാധ്യമ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നാരായണ മൂർത്തി ഇക്കാര്യം പറഞ്ഞത്. അതേസമയം മകൻ രോഹൻ മൂർത്തി തന്നെക്കാളും കണിശക്കാരനാണെന്നും ഇൻഫോസിസിൽ ചേരണമെന്ന് ഒരിക്കലും ആവശ്യപ്പെടില്ലെന്നും മൂർത്തി പറഞ്ഞു.
നാരായണ മൂർത്തി, നന്ദൻ നിലകേനി, എസ് ഗോപാലകൃഷ്ണൻ, എസ്ഡി ഷിബുലാൽ, കെ ദിനേശ്, എൻഎസ് രാഘവൻ, അശോക് അറോറ എന്നിവരാണ് ഇൻഫോസിസിന് തുടക്കമിടുന്നത്. 1981 മുതൽ 2002 വരെ ഇൻഫോസിസിന്റെ സിഇഒ ആയി മൂർത്തി പ്രവർത്തിച്ചിരുന്നു. 2011ൽ മൂർത്തി കമ്പനിയിൽ നിന്ന് പിരിയുകയും പിന്നീട് എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
Infosys co-founder Narayana Murthy expresses regret for not allowing his wife, Sudha Murthy, to be a part of Infosys when it was established. Sudha had purchased INR 10,000 worth of Infosys shares in 1981, initiating its foundation. Narayana Murthy, despite believing in Sudha’s capabilities, did not permit family members to join the company at that time.