ബാഴ്സലോണ ഫുട്ബോൾ ക്ലബ്ബിലും മെറ്റ്ഗാല ഇവെന്റിലും വൈറ്റ് ഹൗസ്, ബക്കിങ്ങ് ഹാം പാലസ് തുടങ്ങിയ കേന്ദ്രങ്ങളിലും തിളങ്ങിയ കേരളത്തിന്റെ കയറുല്പന്നങ്ങൾക്ക് പുതുമോടി നൽകാൻ കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ.
കയർ കൊണ്ടുണ്ടാക്കുന്ന ആകർഷകമായ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താൻ പുതിയ ഡിസൈൻ ഒരുക്കാൻ കോർപ്പറേഷൻ ധാരണാ പത്രം ഒപ്പിട്ടു. ഒപ്പം കയർ കൊണ്ടുള്ള പരിസ്ഥിതി സൗഹൃദ റോഡ് ഡിവൈഡറുകൾ, വീടുകളിലും, വാഹനങ്ങളിലുമൊക്കെ സുഗന്ധം പരത്താൻ സംരംഭകർക്ക് വിപണിയിലെത്തിക്കാവുന്ന കൊക്കോ ഔറയും വരുന്നു.
അന്താരാഷ്ട്ര ശ്രദ്ധയും വിപണിയും നേടിയ കേരളത്തിന്റെ കയർ-ടെക്സ്റ്റൈൽ പെരുമയ്ക്ക് മാറ്റ് കൂട്ടാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി കയർ മേഖലയിൽ ഏറ്റവും ആകർഷകമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി പുതിയ ഡിസൈനുകൾ ഒരുക്കുന്നതിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഭോപ്പാലുമായി കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ധാരണാപത്രം ഒപ്പിട്ടു.
ധാരണാപത്രത്തിന്റെ ഭാഗമായി കയർ രംഗത്ത് ആവശ്യമായ വൈവിധ്യവത്ക്കരണം കൊണ്ടു വരുന്നതിനും, പുതിയ ഉൽപ്പന്നങ്ങളുടെ ഡിസൈനും, കയറും മറ്റ് അനുബന്ധ വസ്തുക്കളുമായി ചേർത്തുള്ള പുതിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും ആവശ്യമായ സാങ്കേതികമായ എല്ലാ സഹായവും നാഷണൽ ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ഡിസൈൻ ഭോപ്പാലിൽ നിന്നും ലഭ്യമാകും. ഇത് പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് വലിയ സഹായകരമാകും. അതോടൊപ്പം കയർ കോർപ്പറേഷൻ നടത്തി വരുന്ന ട്രെയ്നിംഗ് പ്രോഗ്രാമിൻറെ കരിക്കുലവുമായി ബന്ധപ്പെട്ടിട്ടുള്ള മാറ്റങ്ങൾക്കും, ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമുള്ള സഹകരണങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടാകും.
ധാരണാപത്രത്തിന്റെ ഭാഗമായി എൻ.ഐ.ഡി ഭോപ്പാലിൽ നിന്നും രണ്ട് ഇന്റേൺസിനെ മുഴുവൻ സമയവും കയർ കോർപ്പറേഷനിൽ ലഭ്യമാക്കും. ഇവർ ഡിസൈനുമായും പുതിയ പ്രൊഡക്ടുമായും ബന്ധപ്പെട്ട് ആവശ്യമായ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കും. കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളികൾക്കും അതുപോലെതന്നെ സ്വകാര്യമേഖലയിൽ ഉൾപ്പെടെയുള്ള ആളുകൾക്കും ആവശ്യമായ സഹായം നൽകുന്നതിന് ഈ സംവിധാനം പ്രയോജനകരമാകും.
കയർ രംഗത്ത് നൂതനമായ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും, കയർ അനുബന്ധ വസ്തുക്കൾ ചേർത്തിട്ടുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും ധാരണാപത്രം സഹായകരമാകും. ഇതുവഴി കയർ രംഗത്ത് കേരളത്തിന് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുവാൻ സാധിക്കും.
കയർ ഡിവൈഡർ
നമ്മുടെ റോഡുകൾ സുരക്ഷിതവും മനോഹരവുമാക്കുന്നതിനായി കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തതാണ് കയർ ഡിവൈഡർ. കയർ ഉപയോഗിച്ചാണ് ഈ ഡിവൈഡർ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു പരിസ്ഥിതി സൗഹൃദ ഉത്പന്നമാണ്. കയർ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ ചിലവും കുറവാണ്. റോഡിന്റെ സ്വഭാവമനുസരിച്ച് ആവശ്യമുള്ള വലിപ്പത്തിൽ ഈ ഡിവൈഡർ ക്രമീകരിക്കാനാകും. കുറഞ്ഞ ചെലവിൽ ഗതാഗത ക്രമീകരണം നടത്തുവാൻ സാധിക്കും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വാഹനങ്ങൾ ഡിവൈഡറുകളിൽ തട്ടിയുള്ള അപകടങ്ങളുടെ ആഘാതം ഗണ്യമായി കുറക്കുവാനും ഇത് സഹായകരമാകും. ഇപ്പോൾ ഉള്ള ഡിവൈഡറുകളിൽ തൈകൾ നട്ട് പരിപാലിക്കാൻ അവയോടൊപ്പം ഉപയോഗിക്കാം.
മണ്ണിന്റെ ലഭ്യത കുറവുള്ള പ്രദേശങ്ങളിൽ ഈ ഡിവൈഡറുകൾ നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും. സസ്യങ്ങൾ വച്ച് പിടിപ്പിച്ച് സൗന്ദര്യവല്ക്കരണം നടത്താം. വെള്ളം ആഗിരണം ചെയ്ത് സൂക്ഷിക്കുവാൻ കഴിയുന്നതിനാൽ വേനൽകാലത്തെ ജലസേചന തോത് കുറക്കാനും കയർ ഡിവൈഡർ സഹായകരമാണ്.
സുഗന്ധം പരത്താൻ കൊക്കോ ഔറ, സാങ്കേതിക വിദ്യ സംരംഭകർക്ക്
ഇനി മുതൽ നമ്മുടെ വീടുകളിലും വാഹനങ്ങളിലും സുഗന്ധം പരത്താൻ കൊക്കോ ഔറയുണ്ടാകും. കയർ റിസർച്ച് & മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത, കെമിക്കൽ എയർ ഫ്രഷ്നറിനുളള ഒരു ബദൽ പരിസ്ഥിതി സൗഹാർദ്ദ ഉത്പ്പന്നമാണ് കൊക്കോ ഔറ. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് താൽപര്യമുള്ള സംരംഭകർക്ക് ഉൽപന്നം വിപണിയിലിറക്കാനാകും.
ചകിരി ചോറും സസ്യങ്ങളിൽനിന്നും ലഭിക്കുന്ന എസ്സൻഷ്യൽ ഓയിലും കൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാൽ പരിസ്ഥിതി സൗഹാർദ്ദവും ആരോഗ്യകരവുമാണിത്.
വീടിന്റെ അകത്തളങ്ങളും കാറുകളും ഒരുപോലെ സുഗന്ധപൂരിതമാക്കുവാൻ കൊക്കോ ഔറ പല രൂപത്തിലും ആകൃതിയിലും വ്യത്യസ്ത തരം സുഗന്ധങ്ങളിലും ലഭ്യമാണ്. വിഷരഹിതവുമാണ്. പ്രകൃതിക്കും ആരോഗ്യത്തിനും ഹാനികരമായ കെമിക്കലുകൾ ഒന്നും തന്നെയില്ല എന്ന് ലബോറട്ടറിയിൽ പരീക്ഷിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷമാണ് പുറത്തിറക്കുന്നത്.
നിയന്ത്രിത റിലീസ് ഡിഫ്യൂഷനിൽ അധിഷ്ഠിതമായി നിർമ്മിച്ചിരിക്കുന്നതിനാൽ ഇതിന്റെ സുഗന്ധം വളരെക്കാലം നിലനിൽക്കും. കൊക്കോ ഔറ ഗ്രാനുലേറ്റ്സ്, കൊക്കോ ഔറ ജെൽ, കൊക്കോ ഔറ ഫൈബേഴ്സ്, കാറുകളിൽ ഘടിപ്പിക്കാവുന്ന വെൻറ്റ് ക്ലിപ്സ്, കൊക്കോ ഔറ സാഷേയ്സ് എന്നീ അഞ്ച് വ്യത്യസ്ത രൂപത്തിൽ ഈ ഉൽപന്നം ലഭിക്കും.
Kerala State Coir Corporation formulating plans to reshape Kerala’s coir products, having caught the attention of Barcelona Football Club, Met Gala event, White House and Buckingham Palace. The corporation has signed a memorandum of understanding to develop a new design to find an International market for attractive products made out of coir.