ചെന്നൈയിൽ നടന്ന രണ്ട് ദിവസത്തെ തമിഴ്നാട് ആഗോള നിക്ഷേപക സംഗമത്തിൽ 6.64 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ ആകർഷിക്കാൻ സാധിച്ചിട്ടുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.
ഡിഎംകെ സർക്കാർ ആതിഥേയരായ സംഗമം തമിഴ്നാടിനെ 2030ഓടെ 1 ട്രില്യൺ സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനമായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്. സംഗമത്തിൽ 5 ലക്ഷം കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പിടാൻ സാധിക്കുമെന്നായിരുന്നു സർക്കാർ കരുതിയിരുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ നിക്ഷേപക സംഗമം വിജയം കൈവരിച്ചു. കാര്യങ്ങൾ ഉദ്ദേശിച്ച പോലെ നടക്കുകയാണെങ്കിൽ 26,90,657 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിൽ 14,54,712 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.
സംഗമത്തിൽ ലഭിച്ച നിക്ഷേപക വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കുന്നതിന് തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിനും വ്യവസായ മന്ത്രി ടിആർബി രാജയും പറഞ്ഞു. കമ്പനികൾക്ക് ഫാക്ടറികൾ തുടങ്ങുന്നതിനുള്ള സൗകര്യങ്ങൾ ഏകജാലക സംവിധാനത്തിലൂടെ ഉറപ്പാക്കും. ഫാക്ടറികൾ സ്ഥാപിക്കുന്നതിലും ഉത്പദാനത്തിലും സർക്കാരിന്റെ സഹായവും ഉണ്ടാകും.
ഹരിത ഊർജത്തിന് ടാറ്റ
തമിഴ്നാട്ടിൽ നിക്ഷേപം നടത്തിയവരിൽ ടാറ്റ, ബ്രിഗേഡ്, ഹ്യൂണ്ടായ്, കാപ്ലിൻ പോയന്റ് ലബോറട്ടറി തുടങ്ങിയ വമ്പന്മാരും ഉൾപ്പെടുന്നു. ടാറ്റ മാത്രം 70,000 കോടി രൂപയുടെ നിക്ഷേപം തമിഴ്നാട്ടിൽ നടത്തി. തമിഴ്നാട്ടിൽ സൗരോർജ, കാറ്റാടി യൂണിറ്റുകൾ സ്ഥാപിക്കാനാണ് ടാറ്റയുടെ നിക്ഷേപം വരുന്നത്. ഹരിത ഊർജ നിർമാണത്തിലേക്കാണ് ടാറ്റ ശതകോടികളുടെ നിക്ഷേപം നടത്തിയത്.
ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ രണ്ടാമത്തെ കമ്പനി അദാനി ഗ്രൂപ്പാണ്. 42,700 കോടി രൂപയുടെ നിക്ഷേപക വാഗ്ദാനമാണ് അദാനി തമിഴ്നാട്ടിൽ നടത്തിയത്. ഇതിൽ 24,500 കോടി രൂപ അദാനി ഹരിത ഊർജത്തിന് വേണ്ടിയാണ് നീക്കിവെച്ചിരിക്കുന്നത്. അദാനി ഗ്രീൻ എനർജിയുടെ 24,500 കോടി രൂപയുടെ നിക്ഷേപം നടത്തും. അംബുജ സിമെന്റ് 3,500 കോടി രൂപയുടെ നിക്ഷേപവും നടത്തും.
ഇലക്ട്രിക് വാഹന നിർമാണത്തിന്
റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ബ്രിഗേഡ് എന്റർപ്രൈസ് 3,400 കോടി രൂപ നിക്ഷേപിക്കാനുള്ള രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പിട്ടു. 3-4 വർഷം കൊണ്ട് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ചെന്നൈ മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റിയുമായി ചേർന്നാണ് 2,000 കോടി രൂപയുടെ ആദ്യത്തെ പദ്ധതി നടപ്പാക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഡിജിറ്റൽ സർവീസ് ഡിപാർട്ട്മെന്റുമായി ചേർന്നാണ് 1,400 കോടി രൂപയുടെ രണ്ടാമത്തെ പദ്ധതി വരാൻ പോകുന്നത്.
തമിഴ്നാട്ടിൽ ഹ്യൂണ്ടായ് ഇന്ത്യ 6,000 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഇലക്ട്രിക് വാഹന നിർമാണ യൂണിറ്റ് ആരംഭിക്കാനും ഹ്യൂണ്ടായിക്ക് പദ്ധതിയുണ്ട്. പ്രകൃതി സൗഹാർദ്ദ വാഹന നിർമാണത്തിന് 20,000 കോടി രൂപയുടെ നിക്ഷേപം നേരത്തെ തന്നെ ഹ്യൂണ്ടായ് നടത്തിയിരുന്നു. ഇതിന് പുറമേയാണ് 6,000 കോടി രൂപ കൂടി നിക്ഷേപിക്കാൻ പോകുന്നത്.
കൂടാതെ കാപ്ലിൻ പോയന്റ് ലബോറട്ടറീസിന്റെ 700 കോടി രൂപയുടെ നിക്ഷേപം കൂടി തമിഴ്നാടിന് ലഭിച്ചു. അടുത്ത 5 വർഷം കൊണ്ട് 700 കോടി രൂപ നിക്ഷേപിക്കാനാണ് കാപ്ലിന്റെ പദ്ധതി.
ഇവരെ കൂടാതെ സെമ്പ്കോർപ്പ് 36,238 കോടി രൂപയുടെ നിക്ഷേപവും ലീപ് ഗ്രീൻ എനർജി 17,400 കോടി രൂപയുടെ നിക്ഷേപവും ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് 17,000 കോടി രൂപയുടെ നിക്ഷേപവും നടത്തിയിട്ടുണ്ട്.
It is raining investments for Tamil Nadu at the third edition of its two-day Global Investors Meet (GIM) in Chennai. Tamil Nadu Chief Minister M.K. Stalin has declared a significant achievement for the state, revealing that the Global Investors Meet held in Chennai over two days successfully garnered investments amounting to a substantial 6.64 lakh crore rupees.