മൂന്ന് ദിവസം ഗാന്ധിനഗറിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ 26.33 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഗുജറാത്തിന് ലഭിച്ചെന്ന് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ പറഞ്ഞു. 41,299 പദ്ധതികളുടെ ധാരണാപത്രത്തിൽ ഒപ്പിട്ടു.
റിലയൻസ് ഇൻഡസ്ട്രീസ്, അദാനി ഗ്രൂപ്പ്, സുസുക്കി മോട്ടോർസ് തുടങ്ങിയ വൻകിട കമ്പനികൾ സമ്മിറ്റിൽ പങ്കെടുത്തിരുന്നു. 2022ൽ നടക്കേണ്ടിയിരുന്ന ഉച്ചകോടി കോവിഡ് സാഹചര്യത്തിൽ നീട്ടിവെച്ചിരുന്നു. ഇക്കാലയളവിൽ 57,241 പ്രൊജക്ടുകളിൽ നിന്നായി 18.87 ലക്ഷം കോടി രൂപ സമാഹരിച്ചിരുന്നു. ഇരു സമ്മിറ്റുകളിൽ നിന്നുമായി ഗുജറാത്തിന് 45 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിൽ വൈബ്രന്റ് ഗുജറാത്ത് പുതിയ റെക്കോർഡ് സ്ഥാപിച്ചെന്ന് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ എക്സിൽ കുറിച്ചു.
സെമി കണ്ടക്ടർ, ഇ-മൊബിലിറ്റി, ഗ്രീൻ ഹൈഡ്രജൻ, പുനരുപയോഗ ഊർജം എന്നീ മേഖലകളിലേക്കാണ് ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ ലഭിച്ചത്.
മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ 140 രാജ്യങ്ങളിൽ നിന്നായി 61,000 ഡെലിഗേറ്റുകൾ പങ്കെടുത്തു. 35 രാജ്യങ്ങളുടെ പങ്കാളിത്തതോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. 1.32 ലക്ഷം പേരാണ് വൈബ്രന്റ് ഗുജറാത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത്.