ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങൾ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള പിന്തുണ തുടരുമ്പോൾ, അവർക്കു പിന്നാലെ ലോകത്തിലെ ശതകോടീശ്വരനും, ടെസ്‌ല സിഇഒയുമായ ഇലോൺ മസ്‌ക് ഇന്ത്യക്ക് തന്റെ പിന്തുണ അറിയിച്ചു ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു.
“ഭൂമിയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിട്ടും ഇന്ത്യക്ക് സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗം ഇല്ലെന്നത് അസംബന്ധമാണ്,” എന്നാണ് ഇലോൺ മസ്‌ക് എക്‌സിലെ ഒരു പോസ്റ്റിൽ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയോടുള്ള മസ്കിന്റെ ആരാധനക്കും, നിക്ഷേപ താല്പര്യങ്ങൾക്കും തെളിവാണീ പിന്തുണ. ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നതിനു പിന്നാലെയാണീ മസ്കിന്റെ ഇന്ത്യാപിന്തുണ എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ ഒരു ഗിഗാ ഫാക്ടറി ആരംഭിക്കുന്നതിനും, ഇ.വി കാർ നിർമാണ കേന്ദ്രം ആരംഭിക്കുന്നതിനും ഇന്ത്യാ സർക്കാരിന്റെ അന്തിമ അനുമതി കാത്തിരിക്കുകയാണ് ഇലോൺ മസ്‌ക്. ഇന്ത്യയെ യു എൻ സ്ഥിര അംഗത്വത്തിൽ നിന്നും സ്ഥിരമായി എതിർക്കുന്ന ചൈനയുടെ താല്പര്യങ്ങൾ വക വൈക്കാതെയാണ് മസ്കിന്റെ ഈ നിലപാട് എന്നതും ശ്രദ്ധേയം.
സ്റ്റാർലിങ്കിന് പച്ചക്കൊടി
ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്ക് ഇന്ത്യൻ സർക്കാരിൽ നിന്ന് അംഗീകാരം നേടുന്നതിന്റെ വക്കിലാണ്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അടുത്ത ആഴ്‌ച ആദ്യം തന്നെ അനുമതി ഉണ്ടാകുമെന്നാണ്. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) സ്റ്റാർലിങ്കിന്റെ ഷെയർഹോൾഡിംഗ് പാറ്റേണിൽ സംതൃപ്തരാണെന്ന് സൂചനയുണ്ട്.
ഇന്ത്യയിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ ലൈസൻസുകൾ നേടുന്നതിനായി ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിനും വൺവെബിനും പിന്നാലെ മൂന്നാമത്തെ കമ്പനിയാകാൻ സ്റ്റാർലിങ്ക് ഒരുങ്ങുകയാണ്.
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ന്റെ ലെറ്റർ ഓഫ് ഇന്റന്റ് (LoI) കാത്തിരിക്കുകയാണ് സ്റ്റാർലിങ്ക്. ഇന്ത്യയിൽ ഒരു ഗിഗാ ഫാക്ടറി സ്ഥാപിക്കുന്നതിനും, ഏറ്റവും വിലയേറിയ, ഇടത്തരം ഇലക്ട്രിക്ക് കാറുകൾ ഇന്ത്യയിൽ നിർമിച്ചു കയറ്റുമതി ചെയ്യുന്നതിന് ഒരു അസ്സെംബ്ളിങ് – നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിനും ടെസ്‌ല ഇന്ത്യൻ ഉദ്യോഗസ്ഥരുമായി നിരന്തരം ചർച്ചകളിലാണ്. ഇന്ത്യയിൽ നടത്തുന്ന വൻകിട നിക്ഷേപത്തിന് നികുതി ഇളവ് വേണമെന്ന ടെസ്ലയുടെ ആവശ്യത്തിന്മേലാണ് ചർച്ചകൾ ഇപ്പോൾ തുടരുന്നത്.
ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ ചന്ദ്രയാൻ-2 വിജയത്തെ പ്രശംസിച്ച മസ്‌ക് തന്റെ ബഹിരാകാശ യാത്രാ കമ്പനിയായ സ്‌പേസ് എക്‌സ്, ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് 4.7 ടൺ ഭാരമുള്ള ആശയവിനിമയ ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആർഒയെ സഹായിക്കുമെന്ന് ജനുവരിയിൽ പ്രഖ്യാപിച്ചു.
2023 ജൂണിൽ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, മസ്‌കുമായി ഒരിക്കൽ കൂടി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് മസ്‌ക് പറഞ്ഞതിങ്ങനെ. “ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഞാൻ അവിശ്വസനീയമാംവിധം ആവേശത്തിലാണ്. ലോകത്തിലെ ഏതൊരു വലിയ രാജ്യത്തേക്കാളും കൂടുതൽ വാഗ്ദാനങ്ങൾ ഇന്ത്യയ്ക്കുണ്ട്. കാര്യമായ നിക്ഷേപം നടത്താൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതിനാൽ മോദി ഇന്ത്യയെക്കുറിച്ച് ശരിക്കും ശ്രദ്ധിക്കുന്നു.
ഞാൻ മോദിയുടെ ആരാധകനാണ്, എക്‌സിൽ മോദിയെ ഫോളോ ചെയ്യുന്നു ‘ എന്ന് പറഞ്ഞാണ് മസ്‌ക് അവസാനിപ്പിച്ചത്.
Elon Musk, the world’s billionaire and CEO of Tesla, has grabbed the world’s attention by expressing his support for India’s Permanent Membership in the UN Security Council. France, Russia, the UK and the US continue to support the move.