സംഗീതത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഏറ്റവുമധികം പരീക്ഷിച്ചിട്ടുള്ളത് സംഗീത സാമ്രാട്ട് എആർ റഹ്മാൻ ആയിരിക്കും. 2016ൽ ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ സംഗീത ഉപകരണങ്ങൾ ഒന്നു പോലും ഉപയോഗിക്കാതെ ഇന്റലിന്റെ ക്യൂറി (Curie) മാത്രം ഉപയോഗിച്ച് റഹ്മാൻ സംഗീതം സൃഷ്ടിച്ചു. ഇപ്പോൾ ഇതാ ഒരു പടി കൂടി കടന്ന് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്തരിച്ച ഗായകരുടെ ശബ്ദം പുനഃസൃഷ്ടിച്ചിരിക്കുന്നു,
സിനിമയിൽ പാട്ടു പാടിക്കുകയും ചെയ്തു.
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിലാണ് പ്രശസ്ത പിന്നണി ഗായകരായ അന്തരിച്ച ബംബാ ബാക്കിയ, ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ചത്. ചിത്രത്തിലെ തിമിരി എഴുദാ എന്ന ഗാനമാണ് ഇരുവരുടെയും ശബ്ദത്തിൽ പുറത്തു വന്നത്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് എആർ റഹ്മാനാണ്.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടക്കുന്നത്. പ്രശസ്ത ഗായികരുടെ ശബ്ദം എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംരക്ഷിക്കുന്ന, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൈംലെസ് വോയ്സസ് എഐ (Timesless Voices AI) ആണ് ഇതിന് റഹ്മാനെ സഹായിച്ചത്. ബംബാ ബാക്കിയയുടെയും ഷാഹുൽ ഹമീദിന്റെയും ശബ്ദം ഇവർ സൂക്ഷിച്ചിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് ശബ്ദം ഉപയോഗപ്പെടുത്തിയതെന്ന് റഹ്മാൻ എക്സിൽ കുറിച്ചു. ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ സാങ്കേതിക വിദ്യ ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു.
രജനീകാന്ത് അഭിനയിച്ച ലാൽ സലാമിലെ പാട്ടിന് വരികളെഴുതിയത് സ്നേഹനാണ്. ദീപ്തി സുരേഷ്, അക്ഷയ ശിവകുമാർ എന്നിവരും പാട്ടിയിട്ടുണ്ട്. ക്രിക്കറ്റിന്റെ പശ്ചാത്തലിലാണ് ചിത്രം ഒരുക്കിയത്. വിഷ്ണു വിശാലും വിക്രാന്തും നായകരായ ചിത്രത്തിൽ അതിഥി വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
റഹ്മാന് വേണ്ടി നിരവധി ഗാനങ്ങൾ പാടിയ ബംബാ ബാക്കിയ 2022ലാണ് അന്തരിച്ചത്. പൊന്നിയൻ സെൽവനിലാണ് അവസാനമായി പാടിയത്. 1998ൽ അന്തരിച്ച ഷാഹുൽ ഹമീദ് ജെന്റിൽമാൻ, തിരുടാ തിരുടി, കാതലൻ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിരുന്നു.
Renowned music composer AR Rahman, known for his innovation in music production, has once again embraced technology to create something extraordinary. In a groundbreaking move, Rahman has utilised Artificial Intelligence (AI) to resurrect the voices of legendary playback singers Bamba Bakya and Shahul Hameed, who passed away in 2022 and 1998, respectively.