സാമ്പത്തിക ലാഭത്തിനൊപ്പം സമൂഹത്തോടുളള ഉത്തരവാദിത്വമാണ് സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പുകളെ വ്യത്യസ്തമാക്കുന്നത്. ടെക്നോളജിയിലെ വളര്‍ച്ച ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് ഉപയോഗിക്കുന്നതോടെ താഴെക്കിടയിലുളളവര്‍ പോലും സംരംഭകത്വത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സോഷ്യല്‍ എന്റര്‍പ്രൈസ് നെറ്റ്വര്ക്കുകളിലൊന്നായ വില്‍ഗ്രോ, സ്റ്റാര്‍ട്ടപ്പ് മിഷനും ടൈ കേരളയ്ക്കുമൊപ്പം സംഘടിപ്പിച്ച സെമിനാറില്‍ ചര്‍ച്ചയായതും സമൂഹത്തിന്റെ നന്മ ലക്ഷ്യമിട്ടുളള ഇത്തരം സംരംഭക ആശയങ്ങളാണ്.
നാട്ടിലെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പ്രായോഗിക തലത്തില്‍ അനുയോജ്യമായ പരിഹാരം കണ്ടെത്തുമ്പോഴാണ് ടെക്നോളജി അര്‍ത്ഥവത്താകുന്നത്. അടിസ്ഥാന വികസനത്തില്‍ ഏറെ മുന്നോട്ടുപോകാനുളള കേരളത്തില്‍ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് മൂവ്മെന്റ് ഏറെ പ്രതീക്ഷ ഉണര്‍ത്തുന്നു. കേരളത്തില്‍ നിന്നും പുറംനാടുകളില്‍ പോയി പഠനവും ജോലിയും ചെയ്ത് മടങ്ങിയെത്തിയ തലമുറയാണ് സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് എന്ന ആശയത്തെ കൂടുതലും ഏറ്റെടുത്തിരിക്കുന്നതെന്ന് വില്‍ഗ്രോ ഇന്നവേഷന്‍ ഫൗണ്ടേഷന് സ്കൗട്ടിംഗ് ആന്‍ഡ് ഇന്സ്പിരേഷന് ഹെഡ് ഉല്ലാസ് മാരാര്‍ പറയുന്നു. കേരളീയര്‍ക്ക് പൊതുവേ സാമൂഹ്യപ്രശ്നങ്ങളില്‍ അവബോധം കൂടുതലാണ്. അതുകൊണ്ടുതന്നെ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍ കൂടുതല്‍ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പുകള്‍ പുതിയ ആശയങ്ങളുമായി പിറവിയെടുക്കുമെന്നും ഉല്ലസ് മാരാര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
സമൂഹത്തിന് നന്മയുണ്ടാകുന്ന എന്‍ട്രപ്രണര്‍ഷിപ്പുകള്‍ വളര്‍ത്തിയെടുക്കുമ്പോള്‍ അത് സാമ്പത്തികലാഭത്തിനൊപ്പം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് കൂടിയുളള പരിഹാരമാകുകയാണ്. സംരംഭങ്ങള്‍ക്ക് ഒരു മാനുഷികതലം കൂടിയാണ് ഇത് പകരുന്നത്.