സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭക ഇക്കോ സിസ്റ്റത്തിന് നവോന്മേഷവും ഊര്‍ജ്ജവും പകരുന്നതായിരുന്നു അങ്കമാലിയില്‍ നടന്ന ഐഇഡിസി സമ്മിറ്റ്. സംസ്ഥാനത്തെ 193 ഐഇഡിസി യൂണിറ്റുകളില്‍ നിന്ന് മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സമ്മിറ്റ് സംസ്ഥാനത്തെ വൈബ്രന്റ് ഇക്കോസിസ്റ്റത്തിന്റെ നേര്‍ക്കാഴ്ചയായി മാറി. സംരംഭകരുടെ വിജയകഥകളും സ്റ്റാര്‍ട്ടപ്പ് പ്രൊഡക്ടുകളുടെ ഡിസ്‌പ്ലേയും പാനല്‍ ഡിസ്‌കഷനും നിറഞ്ഞ സമ്മിറ്റില്‍ പുതിയ സംരംഭക സാദ്ധ്യതകളിലേക്കുളള വാതില്‍ കൂടിയാണ് പുതുതലമുറയ്ക്ക് മുന്നില്‍ തുറന്നത്. യുവതയുടെ കര്‍മ്മശേഷി പ്രകടമാക്കാനുളള മേഖലയായി സ്റ്റാര്‍ട്ടപ്പ് മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യാതിഥിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുവസംരംഭകര്‍ക്കൊപ്പം എല്ലാകാര്യത്തിലും സര്‍ക്കാര്‍ ഉണ്ടാകുമെന്നും അവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ഇന്നവേഷനുകളിലൂടെയും എന്‍ട്രപ്രണര്‍ഷിപ്പിലൂടെയും കേരളത്തിന് മാതൃകയായ വിജയം നേടിയവരുടെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അറിവും ആവേശവും പകരുന്നതായി. ടെക്‌നോളജിയിലെ വിപ്ലവകരമായ ഇന്നവേഷനുകള്‍ ലോകജനതയുടെ ജീവിതരീതിയില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രമുഖര്‍ പങ്കുവെച്ചു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഇക്കോസിസ്റ്റം വളരെ മുന്നിലാണെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ് ചൂണ്ടിക്കാട്ടി. ആശയത്തെ പ്രൊഡക്ടാക്കി മാറ്റാനുളള സാഹചര്യമാണ് ഐഇഡിസികള്‍ ഒരുക്കുന്നത്. അതിനുളള ചട്ടക്കൂട് സര്‍ക്കാര്‍ സൃഷ്ടിച്ചു, എന്നാല്‍ അതിന് ജീവന്‍ നല്‍കുകയും മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യേണ്ടത് ഐഇഡിസി പോലുളള യൂണിറ്റുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ചിന്തകളും ആശയങ്ങളും ടെക്‌നോളജി ഉപയോഗപ്പെടുത്തി പരീക്ഷിക്കാനുളള അവസരവും വേദിയും ഒരുക്കുകയാണ് ഐഇഡിസികളെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സ്‌കൂള്‍തലം മുതല്‍ തന്നെ എന്‍ട്രപ്രണര്‍ഷിപ്പിന്റെ പാഠങ്ങളും പകര്‍ന്ന് നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(വീഡിയോ കാണുക)
രാജ്യത്ത് ഇതുവരെ നടന്നതില്‍ വെച്ചേറ്റവും ഊര്‍ജ്ജസ്വലമായ സമ്മിറ്റെന്നായിരുന്നു കേന്ദ്ര ഐടി സെക്രട്ടറി അരുണ സുന്ദര്‍ രാജിന്റെ വിലയിരുത്തല്‍. ഇന്ത്യയ്ക്ക് പുറത്തേക്ക് ഈ ആവേശം എത്തിക്കാനാകണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇന്നും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നില്ലെന്നും ഈ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് വലിയ സാദ്ധ്യതയാണ് ഇന്ത്യയില്‍ ഉളളതെന്നും ഗൂഗിള്‍ ഇന്ത്യ എംഡി രാജന്‍ ആനന്ദന്‍ പറഞ്ഞു. വിദ്യാഭ്യാസം, ഹെല്‍ത്ത് കെയര്‍, ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് തുടങ്ങിയ വിവിധ മേഖലകളില്‍ മികച്ച സേവനം നല്‍കാനാകും. ക്വാളിറ്റി എഡ്യുക്കേഷന്‍, കൃഷി, എനര്‍ജി തുടങ്ങിയ സെക്ടറുകളില്‍ ഇന്ത്യയില്‍ പുതിയ ആശയങ്ങള്‍ക്ക് ഒട്ടേറെ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(വീഡിയോ കാണുക)
ബിഗ് ഐഡിയയില്‍ കാര്യമില്ലെന്നും ഒരു പ്രോബ്ലം യഥാര്‍ത്ഥത്തില്‍ സോള്‍വ് ചെയ്യാന്‍ സഹായിക്കുമോയെന്നാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ പരിശോധിക്കേണ്ടതെന്ന് ഇന്ത്യയിലെ ഇ കൊമേഴ്‌സിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന കെ. വൈത്തീശ്വരന്‍ പറഞ്ഞു. എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക്, ഹ്യൂമെന്‍സ് കോ ഫൗണ്ടര്‍ സ്‌കോട്ട് ഒബ്രെയ്ന്‍, ഐസിഎഫ്ഒഎസ്എസ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ്, തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വിവിധ വിഷയങ്ങളില്‍ പാനല്‍ ഡിസ്‌കഷനുകളും നടന്നു. സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന ഇന്നവേഷനുകള്‍ക്കാകണം സ്റ്റാര്‍ട്ടപ്പുകള്‍ പ്രാധാന്യം നല്‍കേണ്ടതെന്നായിരുന്നു പാനല്‍ ഡിസ്‌കഷനില്‍ ഉയര്‍ന്ന അഭിപ്രായം.
ഇന്ത്യയിലെ ആദ്യ സോളാര്‍ പാസഞ്ചര്‍ ബോട്ടിന്റെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സന്ദിത് തണ്ടാശേരി, മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച ശേഷം ചക്ക ഉല്‍പ്പന്നങ്ങളുടെ ബിസിനസിലിറങ്ങി വിജയിച്ച ജെയിംസ് ജോസഫ്, പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഏഷ്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളിലൊന്ന് കെട്ടിപ്പടുത്ത ഡെന്റ്‌കെയര്‍ എംഡി ജോണ്‍ കുര്യാക്കോസ്, ചായ്പാനി ഫൗണ്ടര്‍ ശ്രുതി ചതുര്‍വേദി, കോര്‍പ്പറേറ്റ് 360 സിഇഒ വരുണ്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ അനുഭവ കഥകള്‍ പങ്കുവെച്ചു. ട്രാഫിക് തിരക്കുകളില്‍ പെടാതെ ആംബുലന്‍സുകളുടെ സഞ്ചാരം സുഗമമാക്കുന്ന ട്രാഫിറ്റൈസര്‍ ആപ്ലിക്കേഷനും സമ്മിറ്റില്‍ പുറത്തിറക്കി. സമ്മിറ്റിനോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച മികച്ച പ്രൊഡക്ടുകളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.