മലയാളി ശീലിച്ച ചില പൊതുബോധങ്ങളെ പൊളിച്ചെഴുതാന്‍ കെല്‍പ്പുള്ള സോഷ്യല്‍ എന്‍ജിനീയറിംഗിന് തുടക്കമിട്ടുവെന്നതാണ് കൊച്ചി മെട്രോ വരുത്തിയ വലിയ മാറ്റം. മെട്രോ നിര്‍മ്മിക്കുകയും ഓടിക്കുകയും മാത്രമേ ചെയ്യാനുളളൂവെന്നാണ് തുടക്കത്തില്‍ കരുതിയത്. എന്നാല്‍ ക്രമേണ ഒരു സംവിധാനത്തെ ഉടച്ചുവാര്‍ക്കാന്‍ മെട്രോ പോലുളള പദ്ധതിക്ക് കഴിയുമെന്ന് ബോധ്യപ്പെടുകയായിരുന്നുവെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. കൊച്ചിയില്‍ ടൈകേരള മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോ നിര്‍മ്മാണത്തേക്കാള്‍ പൊതുഗതാഗത സംവിധാനത്തെ റീ എഞ്ചിനീയറിംഗ് ചെയ്യുന്നതിലായിരുന്നു ഏറെ സങ്കീര്‍ണ്ണതയെന്നും ഏലിയാസ് ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
ഇ.ശ്രീധരന്റെ ദീര്‍ഘവീക്ഷണവും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ലഭിച്ചതും കൊണ്ടാണ് കൊച്ചി മെട്രോ വേഗത്തില്‍ യാഥാര്‍ത്ഥ്യമായത്. കൊച്ചിക്ക് മെട്രോ ആവശ്യമാണെന്ന നിലപാടില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉറച്ചുനിന്നു. അതുകൊണ്ട് തന്നെ തടസമുണ്ടാക്കാന്‍ ഒരു ഘടകത്തിനും കഴിഞ്ഞില്ല. ഇന്ന് മെട്രോ കമ്പനികളുടെ പ്രധാന മാര്‍ക്കറ്റായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. സിഡ്നി മെട്രോയുടെ കോച്ചുകള്‍ ചെന്നൈയിലാണ് ഉണ്ടാക്കുന്നത്. യൂറോപ്യന്‍ നാടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് വളരെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാണെന്നും വലിയ സാദ്ധ്യതയാണ് ഇതു തുറന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നല്ല ഭൗതികസാഹചര്യങ്ങള്‍ ഒരുക്കിയാല്‍ നന്നായി പെരുമാറാനുളള സൈക്കോളജിക്കല്‍ ടെന്‍ഡന്‍സി ആളുകള്‍ക്ക് ഉണ്ടാകും. കൊച്ചി മെട്രോയുടെ ആദ്യ ദിനങ്ങളിലും ഇതുപോലെ നിരവധി സംഭവങ്ങള്‍ ഉണ്ടായി. ടിക്കറ്റുകളും മറ്റും സ്റ്റേഷന്റെ എന്ട്രന്സില് കീറിയിട്ടവരോട് അരുതെന്ന് ആളുകള്‍ പറയുന്ന സാഹചര്യം ഉണ്ടായിരുന്നു. അതില്‍ അഭിമാനമാണ് തോന്നിയത്.
മെട്രോ വന്നതോടെ നഗരത്തിനും വലിയ മാറ്റമാണ് സംഭവിച്ചത്. സിറ്റിയില്‍ സര്‍വ്വീസ് നടത്തുന്ന നാനൂറോളം ബസുകളുടെ വരുമാനത്തെ മെട്രോ സര്‍വ്വീസ് ബാധിക്കുമായിരുന്നു. എന്നാല്‍ ഒരുമിച്ചിരുന്ന് അതിന് പരിഹാരം കാണാന്‍ കഴിഞ്ഞു. നിലവിലുണ്ടായിരുന്ന സംവിധാനങ്ങളുടെ പരിഷ്കാരത്തിന് കൂടിയാണ് ഈ മാറ്റം വഴിയൊരുക്കിയത്. യാത്രയുടെ സുരക്ഷിതത്വമാണ് മെട്രോയുടെ ഏറ്റവും വലിയ പ്രത്യേകത. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രിയില്‍ പോലും സുരക്ഷിതയാത്ര ഒരുക്കാന്‍ മെട്രോയ്ക്ക് കഴിയും. നഗരവാസികളുടെ ജീവിതത്തിലും മെട്രോ മാറ്റം വരുത്തി. മെട്രോയെ ആശ്രയിക്കുന്നവര്‍ക്ക് ബസ് യാത്രയ്ക്കും മറ്റുമായി ചെലവഴിച്ചിരുന്ന സമയം പ്രൊഡക്ടീവായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കഴിയുന്നുണ്ടെന്ന് ഏലിയാസ് ജോര്‍ജ് ചൂണ്ടിക്കാട്ടി. ക്രിയേറ്റീവ് ഡിസ്ട്രക്ഷന്‍
ആണ് മെട്രോയിലൂടെ സംഭവിക്കാന്‍ പോകുന്നത്.
ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ചന്ദ്രശേഖര്‍, വൈസ് പ്രസിഡന്റ് അജിത് മൂപ്പന് തുടങ്ങിയവര്‍ നേതൃത്വം നല്കി. ബിസിനസ് രംഗത്തെ പ്രമുഖരും സംബന്ധിച്ചു.