ഇന്ത്യയിലെ ഏറ്റവും മികച്ച സംരംഭക സംസ്ഥാനമായി മാറാനുളള കഠിന പ്രയത്നത്തിലാണ് തെലങ്കാന. സംരംഭങ്ങള്‍ക്ക് ഏര്‍ളി സ്റ്റേജ് ഫണ്ടിംഗ് ഉറപ്പിക്കുന്നതിന് പുറമേ മോഹിപ്പിക്കുന്ന സൗകര്യങ്ങളും ഇവിടെ വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ മിസൈല്‍ നിര്‍മാണ യൂണിറ്റ് മുതല്‍ പ്രതിരോധ-എയ്റോസ്പേസ് മേഖലയില്‍ നിരവധി സംരംഭങ്ങളാണ് തെലങ്കാനയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെക്നോളജി ഇന്‍കുബേറ്റര്‍ റ്റി ഹബ്ബിന്റെ വിജയം തെലങ്കാനയ്ക്ക് നല്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.
അവിടെ നിന്നാണ് ടെക്നോളജിയില്‍ കൂടുതല്‍ സംരംഭങ്ങള്‍ക്കായി തെലങ്കാന ശ്രമം തുടങ്ങിയത്. സ്റ്റാര്‍ട്ടപ്പിനും ഇലക്ട്രോണിക്സ് ടെക്നോളജിക്കും ഒപ്പം മാനുഫാക്ചറിംഗിനും പ്രാധാന്യം നല്കിക്കൊണ്ടുളള പ്രവര്‍ത്തനമാണ് തെലങ്കാന നടത്തുന്നത്. ഇലക്ട്രോണിക് സിസ്റ്റം ഡിസൈന്‍ മാനുഫാക്ചറിംഗ് സെക്ടറില്‍ വരുന്ന കോടികളുടെ നിക്ഷേപത്തെ പ്രതീക്ഷയോടെയാണ് തെലങ്കാന കാത്തിരിക്കുന്നത്. 2020 ആകുമ്പോഴേക്കും 7.5 മില്യന്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ഐടി മന്ത്രി കെ.ടി രാമറാവു പറഞ്ഞു. രാജ്യത്തെ നിര്‍ദ്ദിഷ്ട 3500 ഏക്കര്‍ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററില്‍ 1000 ഏക്കറോളം ഹൈദരാബാദിലാണ്.
ആയിരത്തോളം സ്റ്റാര്‍ട്ടപ്പുകളെ ഒരുമിച്ച് അക്കൊമഡേറ്റ് ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഇന്‍കുബേഷന്‍ ഫെസിലിറ്റി തുടങ്ങാനുളള നീക്കത്തിലാണ് സംസ്ഥാനം. ഇതിന് പുറമേ പ്രതിരോധ നിര്‍മാണ മേഖലയില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കാന്‍ ഡിഫന്‍സ് ഇലക്ട്രോണിക്സ് ഫോക്കസ്ഡ് ഇന്‍കുബേറ്ററും ലക്ഷ്യം വെയ്ക്കുന്നു. ഇവിടുത്തെ യുവജനങ്ങളുടെ ശേഷി വിനിയോഗിക്കാന്‍ നമ്മള് കേപ്പബിളാണെന്ന് ബോധ്യപ്പെടുത്തുകയാണ് തെലങ്കാനയെന്ന് കെ.ടി രാമറാവു ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ചൊവ്വാദൗത്യത്തിന് ആവശ്യമായ ചെറിയ കംപോണന്റ്സ് 30 ശതമാനത്തിലധികം നിര്‍മിച്ചത് ഹൈദരാബാദിലെ എസ്എംഇകളാണ്. ചെറുകിട സംരംഭങ്ങളുടെ കരുത്താണ് ഇവിടെ തെളിയിക്കപ്പെടുന്നത്.
ഇന്ത്യയില്‍ നിന്നുളള സക്സസ് സ്റ്റോറീസ് നാളെ ലോകത്തിന് തന്നെ മാതൃകയാകണമെന്നും ആ ലക്ഷ്യത്തോടെയാണ് സംസ്ഥാനം നീങ്ങുന്നതെന്നും അദ്ദേഹം പറയുന്നു.