ആഗോളതലത്തില്‍ ബിസിനസ് ഇടപാടുകളുടെ കേന്ദ്രമായി മാറുമ്പോഴും പേമെന്റുകള്‍ക്കായി സ്വന്തമായ ഒരു കറന്‍സി സംവിധാനം ഇല്ലാത്തത് ഇന്റര്‍നെറ്റിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ബിറ്റ്കോയിനും ക്രിപ്റ്റോ കറന്‍സികളും ആ കുറവ് നികത്തുകയാണ്. ശക്തമായ സുരക്ഷാ നെറ്റ്വര്ക്കും ലാഭകരമായി എളുപ്പത്തില്‍ പണമിടപാട് സാധ്യമാകുമെന്നതും ബിറ്റ്കോയിന് ഇടപാടുകള്‍ക്ക് കൂടുതല്‍ പ്രചാരം നല്കുന്നു. ബ്ലാക്ക് മണി ഉള്‍പ്പെടെ നിലവിലെ സമ്പദ് വ്യവസ്ഥ നേരിടുന്ന പല ഭീഷണികളും ക്രിപ്റ്റോ കറന്‍സികളെ ബാധിക്കില്ലെന്നും ഇതിന്റെ ഗുണമായി ടെക് എക്സ്പേര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പണത്തിന്റെ ഉടമസ്ഥാവകാശം വ്യക്തമായി നിര്‍ണ്ണയിക്കാനാകാത്തതും, ഇടപാടുകള്‍ക്ക് അത്ര സുതാര്യത ആവശ്യമില്ലാത്തതും കാരണം ഭരണകൂടങ്ങള്‍ ബിറ്റ്കോയിനെ സംശയദൃഷ്ടിയില്‍ നിര്‍ത്തുകയാണ്. ഇന്ത്യയും തല്ക്കാലം ബിറ്റ്കോയിനെ അംഗീകിച്ചിട്ടില്ല.
സെബ് പേ പോലെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ബിറ്റ് കോയിൻ – ഇന്ത്യൻ കറൻസി വിനിമയ സാധ്യതകൾ തുറന്നിട്ടുണ്ടങ്കിലും ആർ ബി ഐ നയം വ്യക്തമാക്കും വരെ ഇന്ത്യയിൽ ഇതിന്റെ നിയമ സാധുത ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. പൂര്‍ണമായും ടെക്നോളജിയില്‍ അധിഷ്ഠിതമായ കറന്‍സി സംവിധാനമെന്ന ലേബലാണ് ക്രിപ്റ്റോ കറന്‍സികളെ ഭാവിയുടെ നാണയസമ്പത്താക്കി മാറ്റുന്നത്. നിലവിലെ നാണയ സംവിധാനങ്ങളില്‍ കറന്‍സിയുടെ മൂല്യം ഒരു കേന്ദ്രീകൃത സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണെങ്കില്‍ ക്രിപ്റ്റോ കറന്‍സികളില്‍ മൂല്യം നിയന്ത്രിക്കാന്‍ കേന്ദ്രീകൃത സ്ഥാപനമോ വ്യക്തിയോ ഇല്ല. ഇടപാടു വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ബ്ലോക്ക്ചെയിന്‍ എന്ന ഡിജിറ്റല്‍ ലഡ്ജറിനെ അടിസ്ഥാനമാക്കിയാണ് ബിറ്റ്കോയിന് ഉള്‍പ്പെടുന്ന ക്രിപ്റ്റോ കറന്‍സികളുടെ നിലനില്‍പ്പ്. വിനിമയത്തിനും ഓഡിറ്റിംഗിനും അക്കൗണ്ടിംഗിനുമൊക്കെ ഇരട്ടിവേഗം നല്‍കുമെന്നതുകൊണ്ടു തന്നെ ക്രിപ്റ്റോ കറന്‍സികള്‍ ഇന്ന് കൂടുതല്‍ സ്വീകാര്യമായിക്കൊണ്ടിരിക്കുകയാണ്.
ഇടനിലക്കാരായ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും പണം നല്‍കാതെ വിനിമയം നടത്താമെന്നതും രാജ്യത്തിന്റെ അതിര്‍ത്തികള്‍ വകവയ്ക്കാതെ ലോകത്തെവിടെയും നേരിട്ട് ഇടപാടുകള്‍ നടത്താമെന്നതും ക്രിപ്റ്റോ കറന്‍സികളുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയില്‍ ബിറ്റ്കോയിന് ഉപയോഗിക്കുന്നവരുടെ എണ്ണം എട്ട് മുതല്‍ പത്ത് ലക്ഷം വരെ വരുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍. വന്‍ശക്തികളായ ലോകരാജ്യങ്ങള്‍ ക്രിപ്റ്റോ കറന്‍സികളെ അംഗീകരിക്കണമോയെന്ന ആശയക്കുഴപ്പത്തില്‍ തുടരുമ്പോഴും ബിറ്റ്കോയിന് ഇടപാടുകള്‍ക്ക് ലൈസന്‍സ് ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ജപ്പാന് ഉള്‍പ്പെടെയുളള രാജ്യങ്ങള്‍. യുഎസും ചൈനയുമായിരുന്നു മുന്നില്‍ നിന്നതെങ്കിലും ദക്ഷിണ കൊറിയയും ഫിലിപ്പീന്‍സും ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ബിറ്റ് കോയിന് ഇടപാടുകള്‍ സജീവമായിക്കഴിഞ്ഞു.
ചൈനയുടെ യുവാനും യുഎസ് ഡോളറും ഉപയോഗിക്കുന്ന നിക്ഷേപകരെ അടിസ്ഥാനമാക്കിയായിരുന്നു ബിറ്റ്കോയിന്റെ മൂല്യം ഇരുന്നതെങ്കില്‍ ഇന്ന് കഥ മാറുകയാണ്. ജപ്പാനില്‍ നിക്ഷേപകര്‍ കയറ്റുമതിക്കുളള പ്രധാന മാര്‍ഗമായി ബിറ്റ്കോയിനെ കണ്ടുതുടങ്ങി. നിലവില്‍ എണ്ണയും ധാന്യവും ലോഹവുമൊക്കെ ട്രേഡ് ചെയ്യപ്പെടുന്നതുപോലെ ക്രിപ്റ്റോ കറന്‍സികള്‍ വ്യാപകമാകുന്നതോടെ സ്റ്റോറേജും ബാന്‍ഡ്വിഡ്ത്തും കംപ്യൂട്ടിംഗ് പവറും ട്രേഡ് ചെയ്യപ്പെടുന്ന കാലമാണ് വരാന്‍ പോകുന്നതെന്ന് ടെക്നോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. വ്യവസായ, സാമ്പത്തിക, ജീവിതമേഖലകളില്‍ ഇന്റര്‍നെറ്റ് വരുത്തിയ പോലുള്ള അതി വിപ്ലവകരമായ മാറ്റമാകും ബിറ്റ് കോയിന് പ്രതിനിധാനം ചെയ്യുന്ന ക്രിപ്റ്റോ കറന്‍സികള്‍ വരുത്താന്‍ പോകുന്നത്.