ഹാര്ഡ്വെയര് മേഖലയില്‍ സംസ്ഥാനത്ത് നടക്കുന്ന ഇന്നവേഷനുകളുടെയും റിസര്‍ച്ച് ആക്ടിവിറ്റികളുടെയും നേര്‍ക്കാഴ്ചയായിരുന്നു കൊച്ചിയില്‍ നടന്ന ‘ഹാര്‍ഡ്ടെക് കൊച്ചി’ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്. ഹാര്ഡ്വെയര് മേഖലയിലെ വിദേശകമ്പനികളടക്കമുളള അന്താരാഷ്ട്ര ബ്രാന്‍ഡുകളെ അണിനിരത്തി നടത്തിയ കോണ്‍ക്ലേവ് ഇലക്ട്രോണിക്സ്, ഹാര്ഡ്വെയര് സംരംഭക മേഖലയില്‍ സംസ്ഥാനത്തിന് പുതിയ പ്രതീക്ഷകള്‍ നിറയ്ക്കുന്നതായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്ക്-ഹാര്‍ഡ് വെയര്‍ ഇന്‍ക്യുബേറ്ററായ മേക്കര്‍ വില്ലേജാണ് കൊച്ചിയില്‍ ഐഐഐടിഎംകെയുടെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും ഐടി ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹകരണത്തോടെ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇലക്ട്രോണിക്സ് ഹാര്ഡ്വെയര് മേഖലകളെ കോണ്‍സെന്‍ട്രേറ്റ് ചെയ്ത് വിപുലമായ കോണ്‍ക്ലേവ് നടക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇക്ട്രോണിക്സ്-ഹാര്‍ഡ് വെയര്‍ മേഖലകളില്‍ രാജ്യത്ത് ഉണ്ടാകാന്‍ പോകുന്ന സാധ്യതകളെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കാണ് കോണ്‍ക്ലേവില്‍ പ്രാമുഖ്യം നല്‍കിയത്. പ്രതിരോധമേഖലയിലെ ബഹുരാഷ്ട്രകമ്പനിയായ ലോക് ഹീഡ് മാര്ട്ടിന്, സീമെന്‍സ്, ബോഷ്, ക്വാല്‍ക്കം, ഇന്റല്‍, റാമ്പസ് തുടങ്ങി ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ രംഗത്തെ മുന്‍നിര കമ്പനികളിലെ പ്രതിനിധികളും പങ്കെടുത്ത ഹാര്ഡ്ടെക്കില് ഹോംങ്കോങ്ങ് ആസ്ഥാനമായുള്ള ആക്സിലേറ്റര്‍ -ബ്രിങ്കിന്റെ നേതൃത്വത്തില്‍ വര്‍ക്ക്ഷോപ്പും വണ്ടുവണ് ഇന്ട്രാക്ഷനും സംഘടിപ്പിച്ചിരുന്നു.
കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇല്ക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഡസോള്‍ട്ട് ഇന്ത്യ, മെന്റര്ഗ്രാഫിക്സ് എന്നിവരുമായി മേക്കര്‍ വില്ലേജ് ഒപ്പുവെച്ച ധാരണപത്രങ്ങളും ചടങ്ങില്‍ കൈമാറി. ഇലക്ട്രോണിക്സ്, ഹാര്ഡ്വെയര് സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ഹാര്ഡ്വെയര് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പരിശീലനം ലഭ്യമാക്കുന്നതിനുള്‍പ്പെടെ ലക്ഷ്യമിട്ടുളള ധാരണാപത്രങ്ങളാണ് കൈമാറിയത്.
ലോക് ഹീ്ഡ മാര്ട്ടിന് ചീഫ് എക്സിക്യൂട്ടീവ് ഫില്‍ ഷോ, ഐഐഐടിഎംകെ ചെയര്മാന് എം. മാധവന് നമ്പ്യാര്‍, സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍, ഐഐഐടിഎംകെ ഡയറക്ടറും കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒയുമായ ഡോ. സജി ഗോപിനാഥ് തുടങ്ങിയവര്‍ ഹാര്‍ഡ് ടെക് കൊച്ചിയില്‍ പങ്കെടുത്തു. ഇന്ത്യയിലെ വ്യോമയാന രംഗത്ത് നിരവധി അവസരങ്ങളാണ് ഉളളതെന്ന് ഫില്‍ഷോ ചൂണ്ടിക്കാട്ടി. ഇന്നവേഷനിലും സ്റ്റാര്‍ട്ടപ്പ് മേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങളുടെ ഷോക്കേസാണ് കോണ്‍ക്ലേവ് എന്ന് എം. മാധവന് നമ്പ്യാര്‍ ്അഭിപ്രായപ്പെട്ടു.
നാഷനല്‍-ഇന്റര്‍നാഷണല്‍ സ്പീക്കേഴ്സും ഇന്നവേറ്റേഴ്സുമായി സംവദിച്ച വേദിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇല്കട്രോണിക്ക്-ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകളുടെയും കമ്പനികളുടെയും സ്റ്റാളുകളും ഒരുക്കിയിരുന്നു. കോണ്‍ക്ലേവിന്റെ ഭാഗമായി ഒരുക്കിയ പിച്ചിംഗ് സെഷന് പിച്ച് പേര്ഫെക്ടിലും മികച്ച പ്രതികരണമാണ് ഉണ്ടായത്. ഐഐടി മഡ്രാസില് നിന്നെത്തിയ പ്രവീണ്‍ മികച്ച ആശയവുമായി പിച്ച് പേര്ഫെക്ടില് ഒന്നാമത് എത്തി.