മുന്നില്‍ വരുന്ന അനുഭവങ്ങളാണ് ഏതൊരു എന്‍ട്രപ്രണര്‍ക്കും അതിജീവനത്തിനുളള ഊര്‍ജ്ജം നല്‍കുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അത്തരം അനുഭവങ്ങള്‍ പലപ്പോഴും ഒരു എന്‍ട്രപ്രണര്‍ക്ക് പാഠങ്ങളാണ്. ഒരു ബാങ്ക് ഗ്യാരണ്ടി അനുവദിക്കാത്തതുകൊണ്ട് മാത്രം വലിയ ഒരു ഓര്‍ഡര്‍ നഷ്ടപ്പെടുന്നതിന് സാക്ഷിയാകേണ്ടി വരിക ഏതൊരു എന്‍ട്രപ്രണറെ സംബന്ധിച്ചും നിരാശയും വേദനയും ഒക്കെ തോന്നുന്ന നിമിഷങ്ങളാണ്. അത്തരമൊരു സാഹചര്യം അതിജീവിച്ച അനുഭവമാണ് മഹിളാ അപ്പാരല്‍സ് എംഡി ഗ്രേസി തോമസ് പങ്കുവെയ്ക്കുന്നത്.
മഹിളാ അപ്പാരല്‍സിനെ തേടി ഓര്‍ഡറുകള്‍ എത്തിത്തുടങ്ങിയ കാലമായിരുന്നു അത്. പതിനായിരം ഷര്‍ട്ടിന്റെ ഓര്‍ഡര്‍ വന്നു. മെറ്റീരിയല്‍ പര്‍ച്ചേസിംഗിനും മറ്റുമായി പത്ത് ലക്ഷം രൂപയുടെ ഒഡിക്ക് ബാങ്കിനെ സമീപിച്ചു. പക്ഷെ പണം അനുവദിക്കാന്‍ ബാങ്ക് തയ്യാറായില്ല. കൃത്യസമയത്ത് ക്വട്ടേഷന്‍ കൊടുക്കാന്‍ കഴിയാത്തതുകൊണ്ടു തന്നെ ഓര്‍ഡര്‍ നഷ്ടപ്പെട്ടു. അന്ന് ഒഡി ആക്സസ് തരാന്‍ ബാങ്ക് തയ്യാറായിരുന്നുവെങ്കില്‍ തന്റെയും മഹിളാ അപ്പാരല്‍സിന്റെയും വളര്‍ച്ച ഇതാകുമായിരുന്നില്ലെന്ന് ഗ്രേസി തോമസ് പറയുന്നു.
ഗ്രേസിയുടെ സംരംഭക ജീവിതത്തിലെ ഒരു തിരിച്ചറിവ് കൂടിയായിരുന്നു അത്. അത്തരമൊരു സാഹചര്യം വീണ്ടും ഉണ്ടായാല്‍ നേരിടാനുളള മാര്‍ഗമൊരുക്കുകയാണ് പിന്നീട് ഗ്രേസി ആദ്യം ചെയ്തത്. 1997 ല്‍ തുറവൂരില്‍ ചെറിയ രീതിയില്‍ തുടങ്ങിയ അപ്പാരല്‍ യൂണിറ്റ് ഇന്ന് എക്സ്പോര്‍ട്ടിംഗ് ഉള്‍പ്പെടെ വലിയ സാദ്ധ്യതകളിലേക്ക് എത്തിച്ച എന്‍ട്രപ്രണറാണ് ഗ്രേസി തോമസ്. കേരളത്തിലെ നമ്പര്‍ വണ്‍ ഗാര്‍മെന്റ് അപ്പാരല്‍സ് എന്ന ബഹുമതി ഉള്‍പ്പെടെ മഹിളാ അപ്പാരല്‍സ് സ്വന്തമാക്കിയിട്ടുണ്ട്.