പിഎച്ച്ഡി സ്കോളേഴ്സിന് റിസര്‍ച്ചിനൊപ്പം സ്റ്റാര്‍ട്ടപ്പും തുടങ്ങാന്‍ അവസരമൊരുക്കുകയാണ് ഡല്‍ഹി ഐഐടി. തിസീസ് സബ്ജക്ടില്‍ ഐഐടി സപ്പോര്‍ട്ടോടെ സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങാനാണ് സാധ്യത തെളിയുന്നത്. ഇതിനായി പ്രത്യേക ഇന്‍കുബേഷന്‍ ഫെസിലിറ്റിയും ഒരുക്കും. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലെ വലിയ മാറ്റത്തിനാണ് ഇതോടെ ഐഐടി തുടക്കമിടുന്നത്. കൂടുതല്‍ യുവസംരംഭകരെ സൃഷ്ടിക്കുന്നതിനപ്പുറം കാമ്പുളള സംരംഭങ്ങള്‍ക്ക് കൂടി ഇത് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
ഡല്‍ഹി ഐഐടി ഡയറക്ടര്‍ വി. രാംഗോപാല്‍ റാവുവാണ് പ്രോഗ്രാമിനെക്കുറിച്ച് വിശദമാക്കിയത്. രാജ്യത്തെ സെന്‍ട്രല്‍ ഫണ്ടഡ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഓരോ വര്‍ഷവും 25,000 പേരാണ് പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്യുന്നത്. ഗവേഷണകാലമായതിനാല് ഇന്‍കുബേഷന്‍ ലാബുകളില്‍ സമയം ചെലവഴിക്കാനും ഇവര്‍ക്ക് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎച്ച്ഡി സ്കോളേഴ്സിനെ കമ്പനികള്‍ റിക്രൂട്ട് ചെയ്യാന്‍ മടിക്കുന്നുണ്ട്. സ്വന്തം സംരംഭത്തിന് വഴിയൊരുങ്ങുന്നതോടെ ഈ പ്രശ്നത്തിനും പരിഹാരമാകുകയാണ്. മാത്രമല്ല കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ശേഷം സംരംഭങ്ങള്‍ തുടങ്ങാന്‍ യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്യും.
ഇത്തരത്തില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെടുന്ന സംരംഭകര്‍ക്ക് സൗജന്യ മെന്ററിംഗ് സേവനവും സീഡ് ക്യാപ്പിറ്റലും സാലറിയും നല്‍കുന്നതും പരിഗണിക്കുന്നുണ്ട്. ഡല്‍ഹി ഐഐടിയുടെ ലാബ് ഫെസിലിറ്റികള്‍ ഇവര്‍ക്ക് ഉപയോഗിക്കാനും അനുമതി നല്‍കും. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പുതുതലമുറയെ വളര്‍ത്തിക്കൊണ്ടുവരാന്‍ നിരവധി പദ്ധതികളാണ് ഡല്‍ഹി ഐഐടി ഒരുക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പിഎച്ച്ഡി സ്കോളേഴ്സിന് സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ അവസരം നല്‍കാനുളള തീരുമാനവും.