ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍ കോര്‍ത്തിണക്കി സ്മാര്‍ട്ടായിരിക്കുകയാണ് ഗൂഗിളിന്റെ ഇ-മെയില്‍ സര്‍വ്വീസായ ജി മെയില്‍. യൂസര്‍ ഫ്രണ്ട്ലിയായ അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍ക്ക് പുറമേ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയാണ് ജി മെയിലിന്റെ മാറ്റങ്ങള്‍. റെസ്പോണ്ട് ചെയ്യാന്‍ വിട്ടുപോകുന്ന ഇ മെയിലുകളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതും
ഫോളോഅപ്പ് മെയിലുകളെക്കുറിച്ചും അലര്‍ട്ട് മെസേജുകള്‍ നല്കുന്നതുമുള്പ്പെടെയുളള ഫീച്ചറുകളാണ് എടുത്തുപറയേണ്ട പ്രത്യേകതകള്‍.
നേരത്തെ മൊബൈല്‍ വേര്‍ഷനില്‍ മാത്രമുണ്ടായിരുന്ന സ്മാര്‍ട്ട് റിപ്ലെ സംവിധാനം വെബ് വേര്‍ഷനിലും ഉള്‍പ്പെടുത്തി. പ്രീ ടെക്സ്റ്റുകളിലൂടെ വേഗത്തില്‍ മറുപടി അയയ്ക്കാവുന്ന ഫീച്ചറാണിത്. പ്രധാന ഇ മെയിലുകള്‍ക്ക് ‘ഹൈ പ്രയോറിറ്റി നോട്ടിഫിക്കേഷന്‍’ ഓണ്‍ ചെയ്യാം. ഈ അഡ്രസില്‍ നിന്ന് വരുന്ന പുതിയ ഇ മെയിലുകളെക്കുറിച്ച് നോട്ടിഫിക്കേഷന്‍ നല്കി നിങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. ആവശ്യമില്ലാത്ത ഇ മെയിലുകള്‍ അയയ്ക്കുന്ന സോഴ്സുകളെ അണ് സബ്സക്രൈബ് ചെയ്യാനും ഓപ്ഷന് ഉണ്ട്.
കോണ്‍ഫിഡന്‍ഷ്യല്‍ മോഡ് മെസേജുകളാണ് മറ്റൊരു പ്രത്യേകത. രഹസ്യസ്വഭാവമുളള ഇ മെയിലുകള്‍ കൂടുതല്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. ഇതിലെ കണ്ടെന്റുകള് കോപ്പി ചെയ്യാനോ ഫോര്‍വേഡ് ചെയ്യാനോ ഡൗണ്‍ലോഡ് ചെയ്യാനോ ഉളള ഓപ്ഷനുകള്‍ നമുക്ക് ഒഴിവാക്കാം. ബിസിനസ് ക്ലാസ് കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍ ജി മെയില്‍ ഏര്‍പ്പെടുത്തിയത്.
സൈബര്‍ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉയരുന്ന കാലത്ത് സെക്യൂരിറ്റി ഭീഷണിയുളള ഇ മെയിലുകളെക്കുറിച്ച് അലെര്‍ട്ട് നല്കുന്ന ഫീച്ചറും ജി മെയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ബോക്സില്‍ നിന്ന് മാറാതെ കൂടുതല്‍ ഓപ്ഷനുകള്‍ ഉപയോഗിക്കാനും സൗകര്യമുണ്ട്.