ടെക്നോളജി പൊതുജനങ്ങള്‍ക്കായി കൂടുതല്‍ പ്രയോജനപ്പെടുത്തുകയാണ് കേരളം. റോഡ് അപകടങ്ങളില്‍ പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലെത്തിക്കാന്‍ ഒറ്റ നമ്പരില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് നെറ്റ് വര്‍ക്ക് സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമായി. ആയിരത്തോളം ആംബുലന്‍സുകളെ ഓണ്‍ലൈന്‍ നെറ്റ് വര്ക്കിലാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 9188100100 എന്ന നമ്പരിലേക്ക് വിളിച്ചാല്‍ അപകട സ്ഥലത്തിന് തൊട്ടടുത്തുളള ആംബുലന്‍സുകളുടെ സേവനം എളുപ്പം ലഭ്യമാക്കുന്ന രീതിയിലാണ് ഓപ്പറേഷന്.
അപകടത്തില്‍പെടുന്നവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനാകാതെ നിരവധി ജീവനുകള്‍ പൊലിയുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മുന്‍കൈയ്യെടുത്ത് പദ്ധതി നടപ്പിലാക്കുന്നത്. കേരള പൊലീസിന്റെ സഹകരണത്തോടെയാണ് പ്രൊജക്ട് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ പൊലീസ് കണ്ട്രോള് റൂമിലാണു ഫോണ്‍കോളുകള്‍ എത്തുക. പ്രത്യേക പരിശീലനം ലഭിച്ച ടീം അപകടമുണ്ടായ സ്ഥലം മനസിലാക്കി മാപ്പില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള ആംബുലന്‍സിലെ ജീവനക്കാര്‍ക്ക് വിവരം കൈമാറും.
കണ്ട്രോള് റൂമില്‍ നിന്ന് ഏറ്റവുമടുത്ത ആശുപത്രി ലിസ്റ്റ് ചെയ്യുകയും അവിടേക്ക് ആംബുലന്‍സ് ഡയറക്ട് ചെയ്യുകയും ചെയ്യും. ആംബുലന്‍സിന്റെ സഞ്ചാരം തത്സമയം കണ്ട്രോള് റൂമില്‍ ട്രാക്ക് ചെയ്യുന്നുമുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടമായി മൊബൈല്‍ ആപ്പ് പുറത്തിറക്കും. ആംബുലന്‍സിന്റെ ഡ്രൈവര്‍മാര്‍ക്ക് മൈബൈലില്‍ നേരിട്ട് അലെര്‍ട്ട് ലഭിക്കാനും ലൊക്കേഷന്‍ മനസിലാക്കാനും സാധിക്കുന്ന വിധത്തിലാണ് ആപ്പ് പുറത്തിറക്കാന്‍ ആലോചിക്കുന്നത്.