ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്സുമെല്ലാം ദൈംനംദിന ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചെറുതല്ല. ഉപഭോക്താവ് എന്ന നിലയില്‍ മനുഷ്യരുടെ ജീവിതരീതി തന്നെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഹോങ്കോങ്ങ് ആസ്ഥാനമായുള്ള ബ്രിങ്ക് (BRINC) ആക്സിലറേറ്റര്‍ മാനേജിംഗ് ഡയറക്ടര്‍ സിമോണ്‍ ഷാങ് അഭിപ്രായപ്പെടുന്നു. ചാനല്‍ അയാം ഡോട്ട് കോമിനോട് സംസാരിക്കവേയാണ് ടെക്നോളജിയും മെഷീന്‍സും മനുഷ്യജീവിതത്തില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സിമോണ്‍ ഷാങ് ചൂണ്ടിക്കാട്ടിയത്. ഉപഭോക്താവെന്ന നിലയില്‍ നിങ്ങള്‍ക്ക് ആവശ്യമുളളത് ശരിയായ സമയത്ത് തരുന്നുണ്ടോയെന്ന് ഓരോ നിമിഷവും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലൂടെ ഉറപ്പ് വരുത്തുകയാണ്. നോട്ടിഫിക്കേഷനിലൂടെയും മറ്റും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അത് കൃത്യമായി നിര്‍വ്വഹിക്കുന്നു.
മനുഷ്യന് വേണ്ടി ചിന്തിച്ച് തീരുമാനങ്ങളെടുക്കാന്‍ മെഷീന്‍സിന് കഴിയുമോയെന്നതിലേക്കാണ് ഈ ഗവേഷണങ്ങള്‍ എത്തുന്നത്. ഡാറ്റാ അനലൈസിംഗ് ആണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ നടക്കുന്നത്. ഡീപ്പ് ലേണിംഗും ബിഗ് ഡാറ്റാ അനാലസിസും നല്‍കുന്നത് എറര്‍ ഫ്രീ റിസള്‍ട്ടാണ്. ചൈനയിലെ ഫാക്ടറികളില്‍ പ്രൊഡക്ടിവിറ്റി കൂട്ടുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ ഈ ടെക്നോളജികള്‍ ഇംപ്ലിമെന്റ് ചെയ്യുകയും റിസള്‍ട്ട് ഉണ്ടാക്കുകയും ചെയ്തതാണ്.
ഹ്യൂമന്‍ ബ്രെയിനിന് സമാനമായ ചിപ്പ് IBM ഡെവലപ്പ് ചെയ്തതു പോലെ മനുഷ്യചിന്തയെ മെഷീനിലേക്ക് മാറ്റുന്ന തരത്തിലുളള പരീക്ഷണങ്ങള്‍ക്കാണ് ലോകം ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് സിമോണ്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യശരീരത്തേക്കാള്‍ പെര്‍ഫെക്ട് മെഷീന് ലോകത്തില്ല. എന്നാല്‍ അത് റോബോട്ടിനെവെച്ച് എങ്ങനെ റീപ്ലെയിസ് ചെയ്യാമെന്ന ഇന്നവേഷനാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിമോണ്‍ കൂട്ടിച്ചേര്‍ത്തു.
മേക്കര്‍ വില്ലേജ് സംഘടിപ്പിച്ച ഹാര്ഡ്ടെക്ക് കൊച്ചിയുടെ ഭാഗമായിട്ടാണ് സിമോണ്‍ ഷാങ് കേരളത്തിലെത്തിയത്. ചൈന, ബാര്‍സിലോണ എന്നിവിടങ്ങളില്‍ ഡിസൈനിംഗ് വര്‍ക്ക്ഷോപ്പുകളും പരിശീലനവും ബ്രിങ്ക് സംഘടിപ്പിക്കുന്നുണ്ട്.