Real Heroes

ആമസോണിന്റെ കഥ, ഫൗണ്ടര്‍ ജെഫിന്റെയും

ഓണ്‍ലൈന്‍ ബുക്ക് സെല്ലിംഗ് പ്ലാറ്റ്‌ഫോമായി ആരംഭിച്ച ആമസോണിനെ ബിസിനസ് ഡൈവേഴ്‌സിഫിക്കേഷനിലൂടെ ലോകത്തെ ഒന്നാം നമ്പര്‍ കമ്പനിയായി വളര്‍ത്തിയ എന്‍ട്രപ്രണര്‍. പരാജയപ്പെടുമെന്നും കടംകയറുമെന്നും നിക്ഷേപകര്‍ വിലയിരുത്തിയ ആശയമാണ് കഠിനാധ്വാനത്തിലൂടെ ജെഫ് ബെസോസ് മികച്ച വിജയമാതൃകയാക്കി ലോകത്തിന് കാണിച്ചുകൊടുത്തത്. യുഎസ് ടെക്‌നോളജി എന്‍ട്രപ്രണര്‍, ഫിലാന്ത്രോപ്പിസ്റ്റ്, ഇന്‍വെസ്റ്റര്‍ തുടങ്ങി വിവിധ തലങ്ങളില്‍ പേരെടുത്ത ജെഫ് ബെസോസിന്റെ ബിസിനസ് തന്ത്രങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ന് കോര്‍പ്പറേറ്റ് ലോകം.

വീടിനോട് ചേര്‍ന്ന ഗാരേജില്‍ ഭാര്യയുമൊത്ത് ജെഫ് ബെസോസ് തുടങ്ങിയ സംരംഭമാണ് ആമസോണ്‍. തുടക്കത്തില്‍ പണം റെയ്‌സ് ചെയ്യാന്‍ അറുപത് നിക്ഷേപകരെ ജെഫ് ബെസോസ് നേരില്‍ കണ്ടു. നാല്‍പത് പേരും നോ പറഞ്ഞപ്പോള്‍ ബാക്കിയുളളവരെ ഒപ്പം ചേര്‍ത്ത് യാത്ര തുടങ്ങി. ഇന്റര്‍നെറ്റ് വഴിയുളള ബിസിനസിനെ സംശയത്തോടെയാണ് പല നിക്ഷേപകരും വിലയിരുത്തിയത്. ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ തുടങ്ങിയ ആമസോണ്‍ ഇന്ന് കൊമേഴ്‌സ്യല്‍ ഹ്യൂമന്‍ സ്‌പെയ്‌സ് ഫ്‌ളൈറ്റിലേക്ക് വരെയെത്തി. ലോകത്തെ അതിസമ്പന്നന്‍മാരുടെ പട്ടികയിലും മുന്‍പിലാണ് ജെഫ് ബെസോസ്.

സ്‌കൂള്‍ കാലം മുതല്‍ സയന്‍സിനോടും ടെക്‌നോളജിയോടും അഭിനിവേശം പുലര്‍ത്തിയിരുന്നു ജെഫ് ബെസോസ്. കംപ്യൂട്ടറുകളോട് തോന്നിയ താല്‍പര്യത്തില്‍ കംപ്യൂട്ടര്‍ സയന്‍സിലും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിലും ബിരുദം സ്വന്തമാക്കി. അതിന് ശേഷം വാള്‍ സ്ട്രീറ്റിലെ പല കമ്പനികളിലായി ജോലി ചെയ്ത ശേഷമാണ് ആമസോണിന് തുടക്കമിട്ടത്. ലോസ് ആഞ്ചലസില്‍ അമേരിക്കന്‍ ബുക്ക് സെല്ലേഴ്‌സ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതോടെയാണ് ജെഫ് ബെസോസിന്റെ മനസില്‍ ബുക്ക് സെല്ലിംഗിനായി ഓണ്‍ലൈന്‍ സംരംഭമെന്ന ആശയം പിറന്നത്. പുസ്തകങ്ങള്‍ വാങ്ങാന്‍ ആളുകള്‍ക്ക്
പൊതുവായ ഒരിടമില്ലെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ഈ ആശയം. പുസ്തകകച്ചവടത്തില്‍ പരമ്പരാഗത രീതിയില്‍ പബ്ലീഷേഴ്‌സ് മേധാവിത്വം പുലര്‍ത്തിയിരുന്ന കാലത്താണ് ജെഫ് ബെസോസ് പുതിയ കച്ചവട രീതി അവതരിപ്പിച്ചത്.

1995 ലാണ് ആമസോണ്‍ പൂര്‍ണമായി ഓണ്‍ലൈന്‍ ബിസിനസിലേക്ക് ഇറങ്ങുന്നത്. ആമസോണ്‍ നദിയുടെ പശ്ചാത്തലത്തിലും ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യ അക്ഷരത്തില്‍ തുടങ്ങുന്നുവെന്ന പ്രത്യേകതയുമാണ് ആമസോണ്‍ എന്ന പേരിലേക്ക് എത്തിച്ചത്. മുന്നൂറു സുഹൃത്തുക്കളെ പല സ്ഥലങ്ങളില്‍ നിന്നായി ഓര്‍ഡര്‍ ചെയ്യിപ്പിച്ചായിരുന്നു ആദ്യ പരീക്ഷണം. അത് വിജയിച്ചതോടെ ആമസോണ്‍ പൊതുജനങ്ങള്‍ക്കായി വാതില്‍ തുറന്നു. മൂന്നാം വര്‍ഷം ഐപിഒ വഴി വിപണിയില്‍ വിസ്‌ഫോടനം സൃഷ്ടിച്ചു. 2002 ല്‍ വസ്ത്രവിപണിയെക്കൂടി ആമസോണിന്റെ പരിധിയില്‍ കൊണ്ടുവന്നു. 2006 ല്‍ 10.7 ബില്യന്‍ ഡോളറായിരുന്നു ആമസോണിന്റെ വാര്‍ഷിക വില്‍പന.

2013 ല്‍ 250 മില്യന്‍ യുഎസ് ഡോളറിന് വാഷിംഗ്ടണ്‍ പോസ്റ്റ് ജെഫ് ബെസോസ് സ്വന്തമാക്കി. എയ്‌റോ സ്‌പെയ്‌സ് കമ്പനിയായ ബ്ലൂ ഒറിജിനും ഇതിനിടെ തുടക്കമിട്ടു. ആമസോണ്‍ വെബ് സര്‍വ്വീസസിലൂടെ ലോകത്തെ ഏറ്റവും വലിയ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വ്വീസ് പ്രൊവൈഡറായും ആമസോണ്‍ മാറിക്കഴിഞ്ഞു.

Leave a Reply

Close
Close