സ്റ്റാര്‍ട്ടപ്പ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്മെന്റേഴ്സിനെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കി. നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് തീരുമാനം. വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം ആദായനികുതി വകുപ്പും അംഗീകരിക്കുകയായിരുന്നു. നിക്ഷേപത്തിന് ശേഷം സ്റ്റാര്‍ട്ടപ്പുകളുടെ ഓഹരി മൂലധനവും ഷെയര്‍ പ്രീമിയവും 10 കോടി രൂപയില്‍ കവിയാന്‍ പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ. ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എച്ച്എന്‍ഐ നെറ്റ് വര്‍ക്കുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കുന്നതാണ് തീരുമാനം.
സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെയും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിന്റെയും ദീര്‍ഘകാലമായുളള ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. സ്റ്റാര്‍ട്ടപ്പുകളുടെ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രോത്സാഹിപ്പിക്കാനും നീക്കം വഴിയൊരുക്കും. ഇന്‍കം ടാക്സ് ആക്ടിലെ സെക്ഷന്‍ 56 ലെ സബ് സെക്ഷനുകള്‍ അനുസരിച്ചാണ് നികുതിയിളവ് ലഭിക്കുക. ഏപ്രില്‍ 11 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് തീരുമാനം നടപ്പിലാകുക.
ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന് ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞ മാസം ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ചാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. യഥാര്‍ത്ഥ മാര്‍ക്കറ്റ് വാല്യു മനസിലാക്കുന്നതിനായി മര്‍ച്ചന്റ് ബാങ്കര്‍മാരെക്കൊണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ ഓഹരി മൂല്യനിര്‍ണയം നടത്തണമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.