കടലിനടിയില്‍ ഡാറ്റാ സെന്ററുമായി മൈക്രോസോഫ്റ്റ്. സ്കോട്ട്ലന്‍ഡിലെ ഓക്നി ദ്വീപിനോട് ചേര്‍ന്നാണ് അണ്ടര്‍വാട്ടര്‍ ഡാറ്റാ സെന്റര്‍ സ്ഥാപിച്ചത്. സബ് സീ ഡാറ്റാ സെന്ററുകളുടെ സാധ്യത പഠിക്കുന്ന പ്രൊജക്ട് നാട്ടിക്കിന്റെ ഭാഗമാണ് പരീക്ഷണം. തീരപ്രദേശങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ ഇന്റര്‍നെറ്റ് എത്തിക്കാനാകുമെന്നും ക്ലൗഡ് സേവനങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കാനാകുമെന്നും മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടുന്നു.
ഷിപ്പിംഗ് കണ്ടെയ്നര്‍ രൂപത്തിലുളള പ്രോട്ടോടൈപ്പിലാണ് ആദ്യ പരീക്ഷണം. അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്ന ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 40 അടി നീളമുളള കണ്ടെയ്നറില്‍ 864 സെര്‍വ്വറുകളും കൂളിംഗ് സംവിധാനവുമുണ്ട്. റിന്യൂവബിള്‍ എനര്‍ജി സോഴ്സില്‍ നിന്നാണ് ഡാറ്റാ സെന്ററിന് ആവശ്യമായ പവര്‍ സപ്ലൈ നല്‍കുന്നത്. മൈക്രോസോഫ്റ്റിന്റെ റിസര്‍ച്ച് വിഭാഗമാണ് പ്രൊജക്ടിന് പിന്നില്‍. കപ്പലുകളുടെ അടിഭാഗത്ത് ഉപയോഗിക്കുന്ന ഭാരമുളള വസ്തുവിലൂടെ കണ്ടെയ്നറുകളുടെ ബാലന്‍സിംഗ് ഉറപ്പിക്കും.
ഇന്റര്‍നെറ്റ് വ്യാപകമാകുന്നതോടെ വര്‍ദ്ധിച്ചുവരുന്ന ഡാറ്റാസെന്റര്‍ ഡിമാന്റിനും പദ്ധതി പരിഹാരമൊരുക്കും. ലോകത്ത് പകുതിയിലധികം ജനങ്ങളും തീരപ്രദേശങ്ങളുടെ 120 മൈല്‍ പരിസരങ്ങളിലാണ് താമസിക്കുന്നത്. അതുകൊണ്ടു തന്നെ പരീക്ഷണം ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് മൈക്രോസോഫ്റ്റ്. കടലില്‍ 117 അടി താഴ്ചയിലാണ് ഡാറ്റാ സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ക്ലൗഡ് കംപ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചറിനും വേഗം പകരുന്നതാണ് പദ്ധതിയെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.