110 വര്‍ഷത്തെ ചരിത്രമുളള യുഎസ് കാര്‍നിര്‍മാണ കമ്പനിയായ ജനറല്‍ മോട്ടോര്‍സില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പദവിയിലെത്തുന്ന ആദ്യ വനിത. ഫോര്‍ച്യണ്‍ 500 കമ്പനികളിലെ അറുപത്തിനാല് വനിതാ സിഎഫ്ഒമാരുടെ പട്ടികയിലേക്കാണ് ചെന്നൈയില്‍ നിന്നുളള 39 കാരി ദിവ്യ സൂര്യദേവ്‌റയും ഇടംപിടിച്ചത്. സങ്കീര്‍ണമായ വെല്ലുവിളികള്‍ പോലും ആസ്വദിക്കാനുളള കഴിവാണ് നേട്ടത്തിന് പിന്നിലെന്ന് ദിവ്യ സൂര്യദേവ്‌റ പറയുമ്പോള്‍ ചെന്നൈയിലെ ബാല്യകാലത്തിന്റെ അനുഭവങ്ങളും അതിലുണ്ട്.
മൈലാപ്പൂരിലെ സിന്‍ഡിക്കേറ്റ് ബാങ്കിലെ ജീവനക്കാരിയായിരുന്നു ദിവ്യയുടെ അമ്മ. അച്ഛന്‍ നേരത്തെ മരിച്ചതിനാല്‍ ദിവ്യയെയും രണ്ട് സഹോദരിമാരെയും വളര്‍ത്താന്‍ അമ്മ നന്നായി കഷ്ടപ്പെട്ടു. സെന്റ് ജോണ്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസം. അമ്മയ്ക്ക് പ്രതീക്ഷ മുഴുവന്‍ പഠിക്കാന്‍ മിടുക്കിയായ സൂര്യ ദേവ്‌റയിലായിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ മാസ്റ്റര്‍ ബിരുദം. സ്റ്റുഡന്റ് വായ്പയുടെ തണലില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ. ദിവ്യയുടെ സ്വപ്‌നങ്ങള്‍ പുതിയ ആകാശം കണ്ടുതുടങ്ങിയത് അവിടെയാണ്.
വേള്‍ഡ് ബാങ്കില്‍ ഇന്റേണ്‍ഷിപ്പിന് ശേഷം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ യുബിഎസിനൊപ്പം തുടക്കം. 2005 ല്‍ ജനറല്‍ മോട്ടോര്‍സിലേക്ക്. ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റിലെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ് 2013 ല്‍ ജനറല്‍ മോട്ടോര്‍സിന്റെ അസറ്റ് മാനേജ്‌മെന്റ് വിഭാഗം സിഇഒയും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായി ദിവ്യയെ നിയമിച്ചു. ഫോര്‍ച്യൂണ്‍ മാഗസിന്റെ 40 അണ്ടര്‍ 40 പട്ടികയിലും ഇടംപിടിച്ച ദിവ്യ 2017 ല്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് ഫിനാന്‍സ് വൈസ് പ്രസിഡന്റായി. അവിടെ നിന്നാണ് സിഎഫ്ഒ പദവിയിലേക്ക് എത്തുന്നത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ദിവ്യ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് കൂടിയാണ്.
സെല്‍ഫ് ഡ്രൈവിംഗ് ടെക് സ്റ്റാര്‍ട്ടപ്പായ ക്രൂയിസിനെ ജിഎം ഏറ്റെടുത്തതിലും സോഫ്റ്റ്ബാങ്ക് ഇന്‍വെസ്റ്റ്‌മെന്റ് ലഭിച്ചതിലും റൈഡ് ഹെയ്‌ലിംഗ് സര്‍വ്വീസായ ലിഫ്്റ്റിലെ നിക്ഷേപത്തിലുമൊക്കെ ദിവ്യ നിര്‍ണായ റോളാണ് വഹിച്ചത്. കമ്പനിയുടെ നേതൃനിരയിലേക്ക് കൂടുതല്‍ വനിതകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗം കൂടിയാണ് തീരുമാനമെന്ന് ജനറല്‍ മോട്ടോര്‍സ് സിഇഒ മേരി ബറ വ്യക്തമാക്കി.