ഇലക്ട്രിക് വാഹന വിപ്ലവത്തിനൊപ്പം സഞ്ചരിക്കാന്‍ ഒരുങ്ങി കേരളത്തിന്റെ സ്വന്തം കെഎസ്ആര്‍ടിസിയും. പരീക്ഷണാര്‍ത്ഥമുളള ആദ്യ ഇലക്ട്രിക് ബസ് സര്‍വ്വീസിന് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി തുടക്കം കുറിച്ചു. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും കോഴിക്കോടും അഞ്ച് ദിവസം വീതം ബസ് സര്‍വ്വീസ് നടത്തും. ഡീസല്‍ ബസുകളെക്കാള്‍ ചെലവ് കുറയുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പരിസ്ഥിതി മലിനീകരണം ഇല്ലെന്നതും വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക നഷ്ടം കുറയ്ക്കാന്‍ ഇലക്ട്രിക് ബസുകള്‍ക്ക് സാധിക്കുമോയെന്നാണ് പ്രധാനമായും നോക്കുന്നത്. രണ്ടരക്കോടി രൂപയാണ് ഒരു ബസിന്റെ വില. അതുകൊണ്ടുതന്നെ പരീക്ഷണ സര്‍വ്വീസ് വിജയിച്ചാല്‍ കൂടുതല്‍ ബസുകള്‍ വാടകയ്ക്ക് എടുക്കുന്നതുള്‍പ്പെടെയുളള ഓപ്ഷനുകളാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. സിറ്റി എസി ലോ ഫ്ളോര്‍ ബസുകളുടെ ചാര്‍ജാണ് നിലവില്‍ ഈടാക്കുന്നത്. സ്വകാര്യ കമ്പനിയാണ് പരീക്ഷണ ഓട്ടത്തിനായി ബസ് വിട്ടുനല്‍കിയത്. ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുളള വൈദ്യുതി കെഎസ്ആര്‍ടിസി നല്‍കും.
ഒരു തവണ ചാര്‍ജ് ചെയ്ത ബാറ്ററികള്‍ ഉപയോഗിച്ച് 350 കിലോമീറ്റര്‍ വരെ സര്‍വ്വീസ് നടത്താം. സുരക്ഷ കണക്കിലെടുത്ത് ഇത് കെഎസ്ആര്‍ടിസി 300 കിലോമീറ്റര്‍ വരെയാക്കി ചുരുക്കിയിട്ടുണ്ട്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാവുന്ന ബസില്‍ സിസിടിവി, ജിപിഎസ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ട്.