ഒരു സംരംഭത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസില്‍ ഉയരുന്ന ചോദ്യമാണ് ഇന്‍വെസ്റ്റ്‌മെന്റ്. കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങി നല്ല ലാഭമുണ്ടാക്കാവുന്ന ഐഡിയകള്‍ നിരവധിയാണ്. ഏറ്റവും ഡിമാന്റുളള മേഖലകളാണെന്നതാണ് ഈ ബിസിനസിന്റെ ലൈഫ്. കുറഞ്ഞ മുതല്‍മുടക്കില്‍ എളുപ്പം തുടങ്ങാന്‍ കഴിയുന്ന എട്ട് സംരംഭക ആശയങ്ങള്‍ പരിചയപ്പെടാം.
ബ്രേക്ക് ഫാസ്റ്റ് ജോയിന്റ്
നഗരങ്ങളില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്ന ആശയമാണിത്. രാവിലെ 5 മുതല്‍ 9 മണിവരെ മാത്രം തുറക്കുന്ന ബ്രേക്ക്ഫാസ്റ്റ് ജോയിന്റുകള്‍ക്ക് വലിയ മുതല്‍മുടക്ക് ആവശ്യമില്ല. ഫുഡ് വില്‍ക്കാനുള്ള ലോക്കല്‍ അതോറിറ്റി ലൈസന്‍സാണ് പ്രധാനമായി വേണ്ടത്. യൂസ്ഡ് ഫര്‍ണീച്ചറുകള്‍ വാങ്ങിയാല്‍ ഇന്‍വെസ്റ്റ്മെന്റ് കുറയും.
രാവിലെ മാത്രം റെന്റുചെയ്യാവുന്ന സ്ഥലം ലഭിച്ചാല്‍ കട വാടകയും കുറയ്ക്കാം. സാധാരണ ജോലിക്ക് ഒപ്പം കൊണ്ടുപോകാവുന്ന ഒരു ബിസിനസ് കൂടിയാണിത്.
ട്രാവല്‍ ഏജന്‍സി
നെറ്റ്വര്‍ക്കിങ്ങിനുള്ള കഴിവും പ്ലീസിങ്ങായി ഇടപെടാനുമാകണം. ടെക്‌നോളജി വളര്‍ന്നതോടെ വീട്ടില്‍ ഇരുന്നുകൊണ്ട് ഒരു ട്രാവല്‍ ഏജന്‍സി നടത്താനുള്ള സാധ്യത ഇന്നുണ്ട്. ഹോസ്റ്റ് ഏജന്‍സി എന്ന് ഗൂഗിള്‍ ചെയ്താല്‍ വേണ്ട വിവരങ്ങള്‍ ലഭിക്കും. എആര്‍സി, സിഎല്‍ഐഎ, അയാട്ട തുടങ്ങിയ അപ്രൂവലുകളെക്കുറിച്ചും ഓണ്‍ലൈനില്‍ അറിയാം. അപ്രൂവലുകള്‍ക്കുള്‍പ്പെടെ തുടക്കത്തില്‍ കുറഞ്ഞ മുതല്‍മുടക്ക് മാത്രം മതി.
വെഡ്ഡിംഗ് കണ്‍സള്‍ട്ടന്റ്
വിവാഹ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മാനേജ് ചെയ്യുന്ന ഏജന്‍സിക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ സാധ്യത വര്‍ദ്ധിച്ചുവരികയാണ്.
വിവാഹവുമായി ബന്ധപ്പെട്ട ബജറ്റ് പ്ലാനിംഗിനും നല്ല സാധ്യതയാണ് ഇന്ന്. ഓഫീസ് ഇന്‍വെസ്റ്റ്മെന്റ് മാത്രമാണ് വേണ്ടി വരുന്നത്. ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി പരസ്യം നല്‍കി ബിസിനസ് വിപുലപ്പെടുത്താം.
ഓണ്‍ലൈന്‍ ബേക്കറി
ചെറിയ നിലയില്‍ തുടങ്ങി ഓവന്‍ഫ്രഷ് പോലെ ഈ മേഖലയില്‍ മികച്ച ഇന്‍വെസ്റ്റ്മെന്റ് നേടിയ ബ്രാന്‍ഡുകള്‍ നിരവധിയാണ്. മികച്ച ബിസിനസ് പൊട്ടന്‍ഷ്യല്‍ ഉളള ഓണ്‍ലൈന്‍ ഫുഡ് ഇന്‍ഡസ്ട്രിയില്‍ ബേക്ക്ഡ് ഫുഡ് ഇന്‍ഡസ്ട്രിക്ക് സാധ്യതകളേറെയാണ്. ഓണ്‍ലൈന്‍ ബേക്കറി നടത്തി വരുമാനമുണ്ടാക്കുന്നവര്‍ നിരവധിയാണ്.
ഫുഡ് സേഫ്റ്റി എഫ്എസ്എസ്എഐ രജിസ്ട്രേഷനുകള്‍ വേണം. ബേക്കറി സാധനങ്ങള്‍ ബേക്ക് ചെയ്ത് തോര്‍ഡ് പാര്‍ട്ടി സോഴ്സ് ചെയ്തും വില്‍ക്കാം. ബിസിനസിന്റെ രീതിയും ഉല്‍പ്പന്നവും അനുസരിച്ച് ക്യാപിറ്റല്‍ കോസ്റ്റ് മാറാം.
ജ്യൂസ് കിയോസ്‌ക്
ഫ്രഷ് ജ്യൂസ് കിയോസ്‌കുകള്‍ക്ക് വലിയ ഡിമാന്റാണ് ഇന്ന്. കുറഞ്ഞ ഇന്‍വെസ്റ്റ്മെന്റില്‍ കൂടുതല്‍ ലാഭമെന്നതാണ് ഇതിന്റെ പ്രത്യേകത. വിലപിടിപ്പുളള മെഷീനുകള്‍ വേണ്ട, കൈയ്യിലുളള പണം അനുസരിച്ച് റോ മെറ്റീരിയല്‍സ് വാങ്ങാം. ഇലക്ട്രിസിറ്റി ചാര്‍ജ് ഉള്‍പ്പെടെ മാസംതോറും കുറഞ്ഞ ചെലവില്‍ ഷോപ്പ് റണ്‍ ചെയ്യാം. ജനത്തിരക്കുളള മേഖലകള്‍ നോക്കി തുടങ്ങിയാല്‍ കച്ചവടവും കൂടും.
തയ്യല്‍ നിസാരമല്ല
നഗരങ്ങള്‍ കേന്ദ്രീകരിച്ചുളള തയ്യല്‍ കേന്ദ്രങ്ങള്‍ക്ക് ഡിമാന്റ് വര്‍ദ്ധിക്കുകയാണ്. തയ്യല്‍ മെഷീനും സ്ഥലത്തിനും മാത്രം ഇന്‍വെസ്റ്റ് ചെയ്താല്‍ മതി. സെല്‍ഫ് മെയ്ഡ് ഫാഷന്‍ ഡിസൈനുകള്‍ക്കും ഇന്ന് പ്രിയം കൂടുകയാണ്. അതുകൊണ്ടുതന്നെ ഈ സാധ്യതയും പ്രയോജനപ്പെടുത്താം. വിവാഹ മാര്‍ക്കറ്റുകള്‍ ലക്ഷ്യമിട്ടാല്‍ റെഗുലര്‍ ബിസിനസ് ഉറപ്പിക്കാം.
ബ്ലോഗിംഗ്
കുറഞ്ഞ ചെലവില്‍ പ്രഫഷണല്‍ ബ്ലോഗിംഗ് തുടങ്ങാം. മികച്ച ആശയങ്ങളും നല്ല ഭാഷയും ഉളളവര്‍ക്ക് തിളങ്ങാം. അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുളള മാര്‍ഗങ്ങളിലൂടെ അധികവരുമാനമുണ്ടാക്കാം. ഇന്റര്‍നെറ്റ് എക്സ്പെന്‍സ് മാത്രം മാനേജ് ചെയ്താല്‍ മതി. ബ്ലോഗ് കണ്ടെന്റുകളിലൂടെ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കുന്നവര്‍ ഉണ്ട്. ഡൊമെയ്ന്‍ എക്‌സ്‌പെന്‍സും ഹോസ്റ്റിംഗ് ചാര്‍ജും മാത്രമാണ് തുടക്കത്തില്‍ മുടക്കേണ്ടി വരുന്നത്.
ഓണ്‍ലൈന്‍ ട്യൂഷനും കോഴ്സുകളും
ഓണ്‍ലൈന്‍ ട്യൂഷനെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ സബ്ജക്ടുകളില്‍ ഇത്തരം ക്ലാസുകള്‍ നടത്താം. കുട്ടികള്‍ക്ക് താല്‍പര്യമുളള പാഠ്യേതര വിഷയങ്ങളില്‍ ഓണ്‍ലൈന്‍ കോഴ്സുകളും നടത്താം. കരകൗശലവിദ്യകള്‍ പോലുളള ഔട്ട് ഓഫ് സിലബസ് സബ്ജക്ടുകളും തെരഞ്ഞെടുക്കാം. വെബ്സൈറ്റ് ഉണ്ടെങ്കില്‍ പെയ്ഡ് വേര്‍ഷന്‍ സ്റ്റഡി മെറ്റീരിയലുകളും പബ്ലീഷ് ചെയ്യാം. വെബ്സൈറ്റ് ഉള്‍പ്പെടെയുളള പ്ലാറ്റ്ഫോം ഒരുക്കുന്നതിന്റെ ചെലവ് മാത്രമാണ് വരിക.