യൂണികോണ്‍ ക്ലബ്ബിലെ യുഎസിന്റെയും ചൈനയുടെയും മേധാവിത്വം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തകര്‍ക്കുകയാണ്. 2018 ല്‍ ഇതുവരെ മൂന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണ്‍ ക്ലബ്ബില്‍ ഇടംനേടിയത്. ഇന്ത്യയില്‍ നിന്നുളള പതിനഞ്ച് ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ ഈ പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. ബെംഗലൂരു ആസ്ഥാനമായുളള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പ് സ്വിഗ്ഗിയാണ് ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ നിന്നും യൂണികോണ്‍ ക്ലബ്ബിലെത്തിയത്.
സീരീസ് ജി ഫണ്ടിംഗില്‍ 210 മില്യന്‍ ഡോളര്‍ റെയ്സ് ചെയ്തതോടെയാണ് സ്വിഗ്ഗിയുടെ വാല്യൂ 1 ബില്യന്‍ ഡോളര്‍ കവിഞ്ഞത്. സീരീസ് എഫ് റൗണ്ടില്‍ 100 മില്യന്‍ ഡോളറും സീരീസ് ഇ റൗണ്ടില്‍ 80 മില്യന്‍ ഡോളറും സ്വിഗ്ഗി റെയ്സ് ചെയ്തിരുന്നു. മാര്‍ച്ചില്‍ ബൈജൂസും ഏപ്രിലില്‍ പേടിഎം മാളും യൂണികോണ്‍ ക്ലബ്ബില്‍ ഇടംപിടിച്ചതിന് പിന്നാലെയാണ് സ്വിഗ്ഗിയും ഈ സ്പെയ്സ് ഉറപ്പിച്ചത്. ടെക്നോളജി സെക്ടറിലെ വമ്പന്‍ നിക്ഷേപകരായ നാസ്പേര്‍സ് വെഞ്ചേഴ്സ്. ഹോങ്കോംഗ് ആസ്ഥാനമായ ഇന്‍വെസ്റ്റ്മെന്റ് കമ്പനി ഡിഎസ്ടി ഗ്ലോബല്‍ തുടങ്ങിയവരായിരുന്നു സ്വിഗ്ഗിയിലെ നിക്ഷേപകര്‍.
മൊബൈല്‍ അഡ്വവര്‍ടൈസിംഗ് പ്ലാറ്റ്ഫോമായ ഇന്മോബിയാണ് 2011 ല്‍ യൂണികോണ്‍ ക്ലബ്ബിലെത്തിയ ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. 2014 ഓഗസ്റ്റില്‍ തുടങ്ങിയ സ്വിഗ്ഗി മൂന്ന് വര്‍ഷവും 10 മാസവും മാത്രമെടുത്താണ് യൂണികോണ്‍ സ്റ്റാറ്റസിലെത്തിയത്. 2015 ല്‍ 8.4 ബില്യന്‍ ഡോളറും 2016 ല്‍ 4.06 ബില്യന്‍ ഡോളറുമായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സെക്ടറിലെ നിക്ഷേപം. എന്നാല്‍ 2017 ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 820 ഡീലുകളിലായി 13.7 ബില്യന്‍ ഡോളറാണ് നിക്ഷേപമായി വന്നത്. നിലവിലെ ക്വാര്‍ട്ടര്‍ കണക്കുകള്‍ നോക്കുമ്പോള്‍ 2018 ല്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തില്‍ 20 ശതമാനത്തിലധികം വര്‍ദ്ധനയ്ക്കാണ് സാധ്യത.
2017 ല്‍ ഇ കൊമേഴ്സിലും ഇന്റര്‍നെറ്റ് സര്‍വ്വീസിലും സജീവമായ ഇന്‍ഫിബീം മാത്രമാണ് ഇന്ത്യയില്‍ നിന്ന് യൂണികോണ്‍ ക്ലബ്ബിലെത്തിയത്. 2016 ല്‍ പേടിഎം, മെസേജിംഗ് പ്ലാറ്റ്ഫോമായ ഹൈക്ക്, ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്സായ ഷോപ്പ് ക്ലൂസ് തുടങ്ങി മൂന്ന് സ്ഥാപനങ്ങള്‍ ഈ നേട്ടം കൈവരിച്ചിരുന്നു. 35,000 ത്തിലധികം റെസ്റ്ററന്റുകള്‍ ഇന്ന് സ്വിഗ്ഗിയുടെ നെറ്റ്വര്‍ക്കിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നിരട്ടിയാണ് സ്വിഗ്ഗിയുടെ വരുമാനത്തില്‍ വര്‍ദ്ധനയുണ്ടായത്.
ഫ്ളിപ്പ്കാര്‍ട്ട്, ഒല, സൊമാറ്റോ തുടങ്ങി പതിനഞ്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണ്‍ ക്ലബ്ബില്‍ ഇതുവരെ ഇടംനേടിയിട്ടുളളത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമിട്ട് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് ഇന്ന് കൂടുതലായി കടന്നുവരുന്നുണ്ട്. അതുകൊണ്ടു തന്നെ ഇനിയുളള നാളുകളില്‍ കൂടുതല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണ്‍ സ്റ്റാറ്റസിലെത്തുമെന്നാണ് നിക്ഷേപകരുടെ വിലയിരുത്തല്‍.