രാജ്യത്ത് നടപ്പിലാകുന്ന നെറ്റ് ന്യൂട്രാലിറ്റി സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നവേറ്റീവ് എന്‍ട്രപ്രണേഴ്സിനും എങ്ങനെയാണ് ഗുണകരമാകുക? ഐഒറ്റി, മൊബൈല്‍- ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകളില്‍ മികച്ച ഇന്നവേറ്റീവ് പ്രൊഡക്ടുകളുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ കടന്നുവരുന്നതിനിടെയാണ് നെറ്റ് ന്യൂട്രാലിറ്റിയും യാഥാര്‍ഥ്യമാകുന്നത്. നെറ്റ് ന്യൂട്രാലിറ്റിയില്‍ ട്രായ് സമര്‍പ്പിച്ച വ്യവസ്ഥകള്‍ ടെലികോം കമ്മീഷനും അംഗീകരിച്ചുകഴിഞ്ഞു. വമ്പന്‍ സ്ഥാപനങ്ങള്‍ക്കൊപ്പം സ്റ്റാര്‍ട്ടപ്പുകള്‍ക്കും മാര്‍ക്കറ്റില്‍ തുല്യ അവസരം തുറന്നിടുന്നതാണ് നെറ്റ് ന്യൂട്രാലിറ്റി.
പരിധിയില്ലാത്തതും വേര്‍തിരിവില്ലാത്തതുമായ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നത് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് കള്‍ച്ചറും ഇന്നവേഷനും പ്രോത്സാഹിപ്പിക്കും. എല്ലാവര്ക്കും ഒരേ വേഗത്തിലും നിലവാരത്തിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതോടെ വമ്പന്‍ കമ്പനികളുടെ കുത്തക തടയുകയും വിപണിയില്‍ ഫെയര്‍ കോംപെറ്റീഷന് (മത്സര സുതാര്യത) ഉറപ്പുവരുത്തുകയും ചെയ്യും.വമ്പന്‍ കമ്പനികളുടെ നിഴലില്‍ വളര്‍ച്ച മുരടിക്കുമെന്ന സ്റ്റാര്‍ട്ടപ്പുകളുടെ പേടി ഒഴിവാകുന്നത് കൂടുതല്‍ ഇന്നവേറ്റീവ് പ്രൊഡക്ടുകളിലേക്കായിരിക്കും വഴിതെളിക്കുക. ഇന്റര്‍നെറ്റ് ബെയ്സ്ഡ് പ്രോഡക്ടുകളും സര്‍വ്വീസുകളും നല്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതോടെ കൂടുതല്‍ സാധ്യത തെളിയും.
ഇന്റര്‍നെറ്റിലെ നിയമവിധേയമായ എല്ലാ കണ്ടെന്റുകളും സര്‍വ്വീസുകളും ഒരേ സ്പീഡിലും നിരക്കിലും എല്ലാവര്ക്കും ലഭ്യമാക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ വേര്‍തിരിവോടെ ബ്ലോക്ക് ചെയ്യാനോ ഡീഗ്രേഡ് ചെയ്യാനോ വേഗം കുറയ്ക്കാനോ മുന്‍ഗണനാക്രമത്തില്‍ സ്പീഡ് സെറ്റ് ചെയ്യാനോ പാടില്ല. ടെലികോം സേവന ദാതാക്കളെയും ഇന്റര്‍നെറ്റ് പ്രൊവൈഡേഴ്സിനെയും നേരിട്ട് ബാധിക്കുന്ന നിയമം ടെക്നോളജി സെക്ടറില്‍ പൊതുവായി മാറ്റങ്ങള്‍ ഉണ്ടാക്കും. സീറോ റേറ്റഡ് പ്ലാറ്റ്ഫോമുകള് ക്രിയേറ്റ് ചെയ്യാനുളള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനൊപ്പം മൊബൈല്‍ കമ്പനികളുടെ ഇന്റര്‍നെറ്റ് ട്രാഫിക് മാനേജ്മെന്റ് മോണിട്ടര്‍ ചെയ്യപ്പെടുകയും ചെയ്യും.
ഒരു വിഭാഗത്തെ മാത്രം ടാര്‍ഗറ്റ് ചെയ്ത് കണ്ടെന്റുകളും സര്‍വ്വീസുകളും ക്രിയേറ്റ് ചെയ്യുന്നതില്‍ നിന്ന് മൊബൈല്‍ കമ്പനികളെയും ഇന്റര്‍നെറ്റ് പ്രൊവൈഡേഴ്സിനെയും സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളെയും നിയമം കര്‍ശനമായി വിലക്കുന്നു. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴയുള്‍പ്പെടെയുളള നടപടികളാണ് നിയമം നിര്‍ദ്ദേശിക്കുന്നത്. ഓട്ടോണമസ് കാറുകള്‍, റിമോട്ട് സര്‍ജറി തുടങ്ങി ഏതാനും മേഖലകളെ നെറ്റ് ന്യൂട്രാലിറ്റിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നു.സേവനങ്ങളും പ്രൊഡക്ടുകളും ഇന്റര്‍നെറ്റ് അധിഷ്ടിതമായി മാറുമ്പോള്‍ ഈ മേഖലയിലെ കുത്തക തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ട്രായ് നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തി ട്രാഫിക് മാനേജ്മെന്റ് റൂളുകളില്‍ മാറ്റം വരുത്താനുളള അധികാരം ടെലികോം ഡിപ്പാര്‍ട്ട്മെന്റിനുണ്ട്. നെറ്റ് ന്യൂട്രാലിറ്റി നടപ്പാക്കുന്നത് പരിശോധിക്കാനായി പ്രത്യേക സമിതിയും രൂപീകരിക്കും. സര്‍ക്കാര്‍ തലത്തില്‍ നിന്നുളള പ്രതിനിധികളെ കൂടാതെ ടെലികോം കമ്പനികളുടെയും ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്സിന്റെയും പ്രതിനിധികളും സമിതിയില്‍ ഉണ്ടാകും.