കേരളം നേരിട്ട ഏറ്റവും വലിയ നാച്വറല്‍ കലാമിറ്റിയുടെ തീവ്രത സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിനെ പിടിച്ചുലച്ചപ്പോള്‍ സംരംഭക സമൂഹവും ഒരു അതിജീവിനത്തിന് തയ്യാറെടുക്കുകയാണ്. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്ക് നികത്താവുന്നതിലും അപ്പുറം കോടികളുടെ നഷ്ടമാണ് വെളളപ്പൊക്കത്തില്‍ ഉണ്ടായതെങ്കില്‍ കേരളത്തിന്റെ ഏറ്റവും വലിയ ബിസിനസ് ഹാപ്പനിംങ് ടൈമായ ഓണം പ്രളയജലത്തില്‍ ഒഴുകിയതോടെ നേരിട്ട ഭീമമായ റവന്യൂ ലോസ് സംസ്ഥാനത്തിന്റെ എക്കോണമിയെയും ഗ്രോത്തിനേയും ആഴത്തില്‍ ബാധിക്കും.
ലോണ്‍ റീ ഷെഡ്യൂളിങ്ങും ഇളവുകളും കൂടാതെ നഷ്ടം നേരിട്ട ബിസിനസുകളുടെ പുനരുദ്ധാരണത്തിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണമെന്ന് കെഎസ്ഐഡിസി ഡയറക്ടറും പ്രമുഖ വ്യവസായിയുമായ ഇ.എസ് ജോസ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലും ഏറെക്കുറെ നിലച്ചുപോയ മാര്‍ക്കറ്റിലും വീണ്ടും ചലനങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ ഇത്തരം നടപടികള്‍ അനിവാര്യമാണ്. ബിസിനസുകാര്‍ ഓണം മുന്‍നിര്‍ത്തി സ്റ്റോക്ക് ചെയ്തിരുന്ന മിക്ക സാധനങ്ങളും വെളളം കയറി നശിച്ചുപോയതായും ഇ.എസ് ജോസ് പറഞ്ഞു.
കേരളത്തിന്റെ 30 ശതമാനം ബിസിനസും നടക്കുന്നത് ഓണം സീസണിലാണെന്ന് ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്മാന് നവാസ് മീരാന്‍ ചൂണ്ടിക്കാട്ടുന്നു. ആ സമയത്ത് വന്ന ദുരന്തം ബിസിനസ് കമ്മ്യൂണിറ്റിക്ക് ഇരുട്ടടിയാണ് നല്‍കിയത്. എന്നാല്‍ ഇപ്പോഴുണ്ടായ നഷ്ടം വരുംസമയത്ത് ബിസിനസിലൂടെ തിരിച്ചുപിടിക്കാനുളള ശ്രമമാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂട്ടായ പരിശ്രമമുണ്ടെങ്കില്‍ ഇപ്പോഴത്തെ കണ്ണീരൊപ്പാന്‍ കഴിയുമെന്ന് വി ഗാര്‍ഡ് ഫൗണ്ടറും ചെയര്‍മാനുമായ കൊച്ചൗസേഫ് ചിറ്റിലപ്പിളളി ചൂണ്ടിക്കാട്ടി.
പ്രളയം കേരളത്തിന്റെ ടൂറിസം മേഖലയെയും ബാധിക്കുമെന്ന് ടിസിഎസ് വൈസ് പ്രസിഡന്റ് ദിനേശ് തമ്പി അഭിപ്രായപ്പെട്ടു. ടൂറിസം മേഖലകളായ വയനാടും ഇടുക്കിയുമുള്പ്പെടെയുളള പ്രദേശങ്ങളിലെ റോഡുകള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. വീടുള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടുവരുന്നതിനൊപ്പം സംസ്ഥാനത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഈ മേഖലകളില്‍ പുനര്‍നിര്‍മാണത്തില്‍ അടിയന്തര പ്രാധാന്യം നല്‍കണമെന്ന് ദിനേശ് തമ്പി അഭിപ്രായപ്പെട്ടു. സമാനമായ അഭിപ്രായങ്ങളാണ് ഈ മേഖലയില്‍ നിന്നുളള മറ്റ് പലരും പങ്ക് വെയ്ക്കുന്നത്.
ശൂന്യതയില്‍ നിന്ന് വലിയ ബിസിനസ് സ്വപ്നങ്ങള്‍ വെട്ടിപ്പിടിച്ച സംരംഭകരുടെ നാടാണ് കേരളം. നഷ്ടങ്ങളിലും ആത്മവിശ്വാസമാണ് അതിജീവനത്തിന്റെ ആദ്യപാഠമെന്ന് ഇവരുടെ ചരിത്രം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. നഷ്ടത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞു കൊണ്ടു തന്നെ, കേരളത്തെ റീബില്‍ഡ് ചെയ്യാന്‍ ഞങ്ങള്‍ മുന്നിലുണ്ടെന്ന് ഉറച്ച വാക്കുകളില്‍ എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റി പറയുമ്പോള്‍ അത് ദുരിതബാധിതരായ ഒരു ജനതയ്ക്ക് മുഴുവന്‍ ആത്മവിശ്വാസവും പ്രതീക്ഷയും നല്കുന്നു.