ഇന്ത്യയിലെ ആദ്യ കൊമേഴ്സ്യല്‍ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ EyeROV TUNA കൊച്ചിയില്‍ ലോഞ്ച് ചെയ്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സപ്പോര്‍ട്ടോടെ കൊച്ചി മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത ഐറോവ് സ്റ്റാര്‍ട്ടപ്പ് ആണ് EyeRov TUNA എന്ന റോബോട്ടിക്ക് ഡ്രോണ്‍ ലോഞ്ച് ചെയ്തത്. റിമോട്ടഡ്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ വിഭാഗത്തില്‍ പെടുന്ന ഐറോവ് ട്യൂണയ്ക്ക് ഡിആര്‍ഡിഒ സ്ഥാപനമായ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. മേക്കര്‍ വില്ലേജില്‍ നടന്ന ചടങ്ങില്‍ തെരുമോ പെന്‍പോള്‍ സ്ഥാപകന്‍ സി ബാലഗോപാല്‍ റോബോട്ടിക്ക് ഡ്രോണ്‍ ഔപചാരികമായി പുറത്തിറക്കി. എന്‍പിഒഎല്ലിന്റെ ഗവേഷണങ്ങള്‍ക്കായിട്ടാണ് ട്യൂണ ഉപയോഗിക്കുക. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥില്‍ നിന്നും എന്‍പിഒഎല്‍ ഡയറക്ടര്‍ എസ് കേദാര്‍നാഥ് ഷേണായി ഐറോവ് റോബോട്ട് ഏറ്റുവാങ്ങി.
തുറമുഖങ്ങള്‍, അണക്കെട്ടുകള്‍, ആണവനിലയങ്ങള്‍ തുടങ്ങിയവയുടെ സുരക്ഷ പരിശോധിക്കാനും നേവിയുടെ മൈന്‍ കണ്ടെത്തല്‍, സമുദ്രപഠനം, രക്ഷാപ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലും ഐറോവ് ട്യൂണ പ്രയോജനകരമാണ്. മുങ്ങല്‍ വിദഗ്ധരുടെ സേവനം വേണ്ടി വരുന്ന ജോലികള്‍ ഈസിയായി നിര്‍വ്വഹിക്കാന്‍ ഈ ഡ്രോണുകള്‍ക്ക് കഴിയും. കപ്പലുകളുടെ അടിത്തട്ട്, കടലിനടിയിലെ കേബിളുകള്‍, പാലങ്ങളുടെ തൂണുകള്‍ തുടങ്ങിയവയുടെ തത്സമയ എച്ച്ഡി വിഡിയോകള്‍ ട്യൂണയിലൂടെ ചിത്രീകരിക്കാനാകും. ഐറോവ് ഫൗണ്ടര്‍മാരായ ജോണ്‍സ് ടി. മത്തായി, കണ്ണപ്പ പളനിയപ്പന്‍ പി. എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ട്യൂണ ഡെവലപ്പ് ചെയ്തത്.
യുഎസില്‍ ശ്രദ്ധേയമായ ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പ് കോംപെറ്റീഷന്, ആല്‍ഫാലാബ് ഗിയര്‍ ഇന്ത്യയില്‍ നടത്തിയ മത്സരത്തിലും ഐറോവിന്റെ ഈ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ വിജയിച്ചിരുന്നു.മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പായ ഐ റോവ് രണ്ടു വര്‍ഷങ്ങള്‍ കൊണ്ട്് കമേഷ്യല്‍ പ്രഡക്ടുമായി വരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സിഇഒ പ്രസാദ് ബാലകൃഷ്ണന് പറഞ്ഞു.മെന്റര്‍ ഗുരു എസ് ആര് നായര്‍, വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു