2015 ലെ ചെന്നൈ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ രൂപം കൊണ്ട കൂട്ടായ്മ. സഹവര്‍ത്തിത്വത്തിന്റെയും ഹെല്‍പിന്റെയും സേവനത്തിന്റെയും വലിയ പാഠമാണ് അന്‍പോട് കൊച്ചി ഇന്ന് പകര്‍ന്ന് നല്‍കുന്നത്. അന്നത്തെ പരിശ്രമത്തില്‍ കേവലം ആറ് ദിവസങ്ങള്‍ക്കുളളില്‍ 25 ട്രക്കുകളില്‍ ചെന്നൈയിലേക്ക് സാധനങ്ങള്‍ എത്തി. ആ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തിലും അന്‍പോട് കൊച്ചി ആശ്വാസമൊരുക്കിയത്.
പ്രളയം ദുരിതം വിതച്ച ആദ്യനാളുകള്‍ മുതല്‍ ക്യാമ്പുകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ക്ക് ആവശ്യമുളള വസ്തുക്കള്‍ എത്തിച്ചും മറ്റും സജീവമായിരുന്നു അന്‍പോടു കൊച്ചി ടീം. പ്രളയത്തില്‍ പെട്ട് സഹായമഭ്യര്‍ത്ഥിച്ചു വിളിക്കുന്നവര്‍ക്കായി കൊച്ചിയില്‍ ക്ലൗഡ് ടെലിഫോണ്‍ സര്‍വ്വീസ് ഉള്‍പ്പെടെയുളള സേവനങ്ങളും അന്‍പോട് കൊച്ചിയുടെ വോളന്റിയര്‍മാര്‍ ഒരുക്കി. വിദ്യാര്‍ത്ഥികള്‍ മുതല്‍ സ്വകാര്യസ്ഥാപനങ്ങളില്‍ വര്‍ക്ക് ചെയ്യുന്നവരും ചലച്ചിത്ര, സാംസ്കാരിക പ്രവര്‍ത്തകരുമൊക്കെ അന്‍പോട് കൊച്ചിയുടെ വോളന്റിയര്‍ വര്‍ക്കില്‍ സജീവമായിരുന്നു.
കേവലം കുറച്ചു ദിവസങ്ങള്‍ കൊണ്ട് അവസാനിപ്പിക്കേണ്ടതല്ല റിലീഫ് വര്‍ക്കുകളെന്ന നിലപാടിലാണ് അന്‍പോട് കൊച്ചിയിലെ ടീം മെമ്പേഴ്സ്. പ്രളയം സര്‍വ്വവും നശിപ്പിച്ച വീടുകള്‍ ഐഡന്റിഫൈ ചെയ്ത് അവര്‍ക്കായി കൂടുതല്‍ സഹായമെത്തിച്ച് കേരളത്തിന്റെ റീബില്ഡിംഗിലും ഇവര്‍ സജീവസാന്നിധ്യമാകുന്നു. പഠനോപകരണങ്ങളും മറ്റും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചും വരും നാളുകളില്‍ ഇവര്‍ പ്രവര്‍ത്തിക്കും.
ചെന്നൈയ്ക്ക് വേണ്ടിയുളള റിലീഫ് വര്‍ക്കില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് കൊച്ചിയില്‍ ഒട്ടേറെ പദ്ധതികള്‍ അന്‍പോട് കൊച്ചി നടപ്പിലാക്കി. എന്റെ കുളം എറണാകുളം പ്രൊജക്ടിന്റെ ഭാഗമായി 300 ലധികം കുളങ്ങള്‍ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കി, പഠിക്കാം പഠിപ്പിക്കാം പോലുളള പദ്ധതികളിലൂടെ നിരവധി കുട്ടികള്‍ക്ക് തുണയായി, നഗരത്തെ മോടിപിടിപ്പിക്കാനുളള സുന്ദരി കൊച്ചി തുടങ്ങിയ പ്രൊജക്ടുകള്‍ ഇതിന്റെ ഭാഗമാണ്. ചലച്ചിത്ര താരങ്ങളായ ഇന്ദ്രജിത്തും പൂര്‍ണിമയും ഉള്‍പ്പെടെയുളളവരാണ് അന്‍പോട് കൊച്ചിക്ക് നേതൃത്വം നല്‍കുന്നത്.