ഗുജറാത്തില്‍ നര്‍മ്മദയില്‍ 182 മീറ്ററില്‍ (597 അടി) ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റി യാഥാര്‍ത്ഥ്യമാകുമ്പോള്‍ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് അത് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. രാജ്യത്തെ പ്രധാന ടൂറിസം സ്‌പോട്ടുകളിലൊന്നായി വരും കാലത്ത് Statue of unity മാറും. 2,989 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച സ്റ്റാച്യൂ ഓഫ് യൂണിറ്റി വരുമാനമാര്‍ഗമാക്കാന്‍ ഗുജറാത്ത് ടൂറിസം കൗണ്‍സിലും വിപുലമായ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
ദിവസവും ദിവസവും 10,000 ടൂറിസ്റ്റുകളെയാണ് സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പ്രതീക്ഷിക്കുന്നത്. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയിലും ചൈനയിലെ സ്പ്രിങ് ടെമ്പിള്‍ ബുദ്ധയിലുമൊക്കെ ദൃശ്യമാകുന്ന സന്ദര്‍ശകരുടെ തിരക്ക് ഇവിടെയും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. 7 മില്യന്‍ ടൂറിസ്റ്റുകളാണ് ഓരോ വര്‍ഷവും ഈഫല്‍ ടവര്‍ കാണാനെത്തുന്നത്. ദുബായിലെ ബുര്‍ജ്ജ് ഖലീഫയില്‍ 2 മില്യന്‍ ടൂറിസ്റ്റുകളും. സ്റ്റാച്യു ഓഫ് യൂണിറ്റിയിലെത്തുന്ന ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ 30 മിനിറ്റ് ലേസര്‍ ഷോയും 17 കിലോമീറ്റര്‍ ദൂരത്തില്‍ വാലി ഓഫ് ഫ്‌ളവേഴ്‌സും ഒരുക്കിയിട്ടുണ്ട്.
സന്ദര്‍ശകരുടെ താമസത്തിനായി 3 സ്റ്റാര്‍ ഹോട്ടലുകളും ടെന്റ് സിറ്റികളും സജ്ജീകരിച്ചുകൊണ്ടിരിക്കുന്നു.
നിലവില്‍ താജ്മഹലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുളള ചരിത്ര സ്മാരകം. 8 മില്യന്‍ ടൂറിസ്റ്റുകളില്‍ നിന്ന് 25 കോടി രൂപയാണ് താജ്മഹലില്‍ നിന്നുളള വരുമാനം. സ്റ്റാച്യു ഓഫ് യൂണിറ്റി ടൂറിസം മേഖലയുടെ മുന്‍നിരയിലേക്ക് ഉയര്‍ത്തുക വഴി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് ടൂറിസം വകുപ്പിന്റെ പദ്ധതി. പ്രതിമയ്ക്കുളളില്‍ നെഞ്ച് വരെ 135 മീറ്റര്‍ ഉയരത്തില്‍ ഗാലറിയും ഒരുക്കിയിട്ടുണ്ട് . പ്രത്യേകം സജ്ജീകരിച്ച ലിഫ്റ്റുകള്‍ വഴിയാണ് സന്ദര്‍ശകര്‍ ഈ ഉയരത്തിലെത്തുക.
പ്രതിമ പുറത്തുനിന്ന് കാണുന്നതിന് 120 രൂപയും ഗാലറി ഉള്‍പ്പെടെ കാണുന്നതിന് 350 രൂപയുമാണ് നിരക്ക്. 3,400 തൊഴിലാളികളുടെയും 250 എഞ്ചിനീയേഴ്‌സിന്റെയും അധ്വാനത്തിനൊടുവിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി യാഥാര്‍ത്ഥ്യമാക്കിയത്. 25,000 ടണ്‍ ഉരുക്ക് 90,000 ടണ്‍ സിമന്റ്, 1850 ടണ്‍ വെങ്കലം എന്നിവ ഉപയോഗിച്ചായിരുന്നു നിര്‍മാണം. രാജ്യം പദ്മഭൂഷണും പദ്മശ്രീയും നല്‍കി ആദരിച്ച റാം വാന്‍ജി സുതര്‍ എന്ന 93 കാരനായ ശില്‍പിയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി രൂപകല്‍പന ചെയ്തത്.