പ്രളയാനന്തരം കേരളത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടി പാവ (ചേറിനെ അതിജീവിച്ച കുട്ടി) ഇന്ന് മലയാളിയുടെ ഗ്ലോബല്‍ റെപ്രസെന്റേഷനാണ്.വെള്ളപ്പൊക്കത്തില്‍ സകലതും നഷ്ടപ്പെട്ട ചേന്ദമംഗലം കൈത്തറി മേഖലയിലെ ജനതയെ കൈപിടിച്ചുയര്‍ത്താന്‍ ഗോപിനാഥ് പാറയിലും ലക്ഷ്മി മേനോനും മുന്നോട്ടു വെച്ച ആശയം ഇന്ന് ലോകം മുഴുവന്‍ ഏറ്റെടുത്തുകഴിഞ്ഞു.ചേറിലും മണ്ണിലും കുമിഞ്ഞുകൂടിയ സാരികള്‍ വൃത്തിയാക്കി ചേക്കുട്ടി ചിരിക്കുന്ന മുഖവുമായി എത്തിയപ്പോള്‍ അത് കൈത്തറിമേഖലയ്ക്ക് വലിയ ആശ്വാസമായി മാറി.
ഇന്ന് ചേക്കുട്ടി നിര്‍മ്മാണം ആഗോളതലത്തില്‍ നടന്നു വരുന്നു-പുതിയ രൂപത്തിലും ഭാവത്തിലും. അതുകൊണ്ടു തന്നെ വളണ്ടിയര്ഷിപ്പില് നിന്നും എന്റര്‍പ്രൈസിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണ് ചേക്കുട്ടിയും സംഘാടകരും. ചേന്ദമംഗലത്തെ കൈത്തറിയുടെ തിരിച്ചുവരവിന് ചേക്കുട്ടിയുടെ സംഭാവന ചില്ലറയല്ല, ഫെസിലിറ്റേറ്ററായി നിന്ന് കൊണ്ട് ലോകമെമ്പാടുമുള്ളവരെ കണക്ട് ചെയ്ത് ചേക്കുട്ടിക്ക് രൂപം നല്‍കാനും, അതുവഴി കൈത്തറി മേഖലയ്ക്ക് പണമെത്തിച്ചു കൊടുക്കാനും ഇരുവര്‍ക്കും സാധിച്ചു.
കരിമ്പാടം സൊസൈറ്റി വഴി സുതാര്യത ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ പേമെന്റും, ചേന്ദമംഗത്തെ സ്ത്രീകളുടെ യൂണിറ്റിന് വലിയ താങ്ങാകാനും ചേക്കുട്ടി മോഡലിനായി. കരിമ്പാടം കോ-ഓപ്പറേറ്റീവ് യൂണിറ്റില്‍ നിന്നും കളക്ട് ചെയ്ത ചേറു നിറഞ്ഞ സാരിയില്‍ നിന്നും, ലോകമെമ്പാടും നടക്കുന്ന വര്‍ക്ക്ഷോപ്പുകളിലൂടെ വില്ക്കപ്പെട്ട ചേക്കുട്ടികളില് നിന്നും, 50 ലക്ഷത്തിലധികം രൂപ സ്വരൂപിക്കാന്‍ സാധിച്ചിട്ടുണ്ട്. ചേക്കുട്ടിയുടെ ഡിമാന്‍ഡ് അനുദിനം കൂടുകയാണ്.
കല്യാണത്തിലും,ആഘോഷങ്ങളിലും, ഹോസ്പിറ്റാലിറ്റി രംഗത്തും ചേക്കുട്ടിയുടെ പുതിയ ബിസിനസ് സാധ്യത കണ്ടെത്തുകയാണ് ഫൗണ്ടര്‍മാരായ ഗോപിനാഥ് പാറയിലും ലക്ഷമിയും. ഡിഫ്രന്‍ഡ്ലി ഏബിള്ഡായവര്ക്ക് വരുമാന മാര്‍ഗമായി ചേക്കുട്ടിയെ മാറ്റുന്നതിന്റെ ആദ്യപടിയായി കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ശാരീരിക അവശതയുള്ളവര്‍ക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ പണം സമ്പാദിക്കാനും ഇതുവഴി സാധിക്കും. ചേക്കുട്ടി പുസ്തകരൂപത്തില്‍ കുഞ്ഞുങ്ങളിലേക്കും എത്തിക്കഴിഞ്ഞു. ഫൗണ്ടര്‍മാരായ ഗോപിനാഥ് പാറയിലും ലക്ഷ്മിയും ചേക്കുട്ടിയുടെ ഭാവിയെക്കുറിച്ച് ചാനല്‍ അയാമിനോട് മനസ്സു തുറക്കുന്നു