ട്രാന്‍സ്പോര്‍ട്ടിങ് സെക്ടറില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി ഇലോണ്‍ മസ്കിന്റെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. ഭൂമിക്കടിയിലൂടെയുളള ടണല്‍ നെറ്റ്വര്‍ക്കിലൂടെ പുതിയ യാത്രമാര്ഗമൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ടണല്‍ ലോഞ്ച് ചെയ്തു. ഇലോണ്‍ മസ്കിന്റെ ദ ബോറിങ് കമ്പനി നിര്‍മിച്ച 1.83 കിലോമീറ്റര്‍ ദൂരമുളള ടണലിലാണ് ഡെമോ സര്‍വ്വീസ് നടത്തിയത്. നഗരങ്ങളിലെ ട്രാഫിക് തിരിക്ക് കുറയ്ക്കാനുളള ഉചിതമായ സൊല്യൂഷനായി ചൂണ്ടിക്കാട്ടിയാണ് ഇലോണ്‍ മസ്ക് ആശയം മുന്നോട്ടുവെയ്ക്കുന്നത്.
പ്രത്യേകം സജ്ജീകരിച്ച തുരങ്കങ്ങളിലൂടെ അതിവേഗത്തില്‍ സുരക്ഷിതയാത്ര ഉറപ്പുനല്‍കുന്ന പദ്ധതി ഭാവിയില്‍ തിരക്കില്ലാത്ത ചെലവ് കുറഞ്ഞ യാത്രാമാര്‍ഗമായി മാറുമെന്നാണ് വിലയിരുത്തല്‍. ഹൈ സ്പീഡ് ഭൗമാന്തര്‍ നെറ്റ്വര്‍ക്കിന്റെ ആദ്യ ചുവടുവെയപാണെന്ന് ഇലോണ്‍ മസ്ക് അഭിപ്രായപ്പെട്ടു. ഇലോണ്‍ മസ്കിന്റെ Boring Company, SpaceX കമ്പനികളുടെ ആസ്ഥാനമായ Hawthorne ന് സമീപമുളള ടണലിലാണ് ഡെമോ റൈഡ് നടത്തിയത്. മണിക്കൂറില്‍ 241 കിലോമീറ്റര്‍ വരെ വേഗത്തില്‍ ടണലിലൂടെ സഞ്ചരിക്കാം.
റോഡില്‍ ഉപയോഗിക്കുന്ന അതേ വാഹനത്തിലായിരുന്നു ഡെമോ റൈഡ്. ഇലവേറ്റര്‍ ഉപയോഗിച്ച് വാഹനം താഴേക്ക് ഇറക്കും. ഗൈഡ് വീല്‍ ഉപയോഗിച്ച് ടണലിലേക്ക് ഘടിപ്പിക്കും. ഗൈഡ് വീലിന്റെ സഹായത്തോടെയാണ് ട്രാക്കിലൂടെ വാഹനം അതിവേഗത്തില്‍ സഞ്ചരിക്കുന്നത്. സ്ഥലമെത്തിയാല്‍ ഇലവേറ്ററില്‍ കൂടി മുകളിലേക്ക്. പിന്നീട് സാധാരണ നിലയില്‍ റോഡിലൂടെ സഞ്ചാരം തുടരാം . ഇന്റേണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്‍പ്പെടെ 10 മില്യന്‍ ഡോളറാണ് ടണലിന്റെ നിര്‍മാണച്ചെലവ്.