Real Heroes

ഫാഷന്‍ ഡിസൈനിംഗില്‍ വിസ്മയം നെയ്ത് സബ്യസാചി മുഖര്‍ജി

ഫാഷന്‍ ഡിസൈനറാകാന്‍ പതിനഞ്ചാമത്തെ വയസില്‍ വീട് വിട്ടിറങ്ങി. ഗോവയില്‍ ഹോട്ടലില്‍ വെയിറ്ററായും മറ്റും ജോലി ചെയ്തു. അങ്ങനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ പരീക്ഷ എഴുതാനുള്ള തുക കണ്ടെത്തി. പഠനത്തിന് ശേഷം സ്വന്തം ലേബലില്‍ ഫാഷന്‍ സ്റ്റോര്‍ തുറന്നു. പറഞ്ഞുവരുന്നത് ഇന്ത്യ, അല്ല ലോകം മുഴുവന്‍ ആരാധകരുള്ള ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയെ കുറിച്ചാണ്. ആര്‍ക്കും പ്രചോദനം നല്‍കുന്ന അദ്ദേഹത്തിന്റെ സംരംഭക ജീവിതകഥയെ കുറിച്ചാണ്.

പഠിക്കാന്‍ വീടുവിട്ടിറങ്ങി, കടം വാങ്ങി ഫാഷന്‍ സ്റ്റോര്‍ തുറന്നു

ബംഗാളി ഇടത്തരം കുടുംബത്തില്‍ ജനിച്ച സബ്യസാചി മുഖര്‍ജിയ്ക്ക് ചെറുപ്പം മുതലേ നിറങ്ങളോടും വസ്ത്രങ്ങളോടും താത്പര്യമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം NIFTല്‍ പഠിക്കണമെന്ന സബ്യസാചിയുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. അങ്ങനെയാണ് വീടുവിട്ടിറങ്ങിയത്. NIFTലെ ഗ്രാജ്യുവേഷനുശേഷം സഹോദരിയില്‍ നിന്ന് കടം വാങ്ങിയ 20,000 രൂപ കൊണ്ട് സ്വന്തം ലേബലില്‍ ഒരു ഫാഷന്‍ സ്റ്റോര്‍ സബ്യസാചി ആരംഭിച്ചു. അഞ്ച് വര്‍ഷത്തോളം രാപ്പകലില്ലാതെ അധ്വാനിച്ചാണ് ഫാഷന്‍ ലോകത്ത് ഒരിടം നേടാന്‍ സബ്യസാചിയ്ക്ക് സാധിച്ചത്.

2006ല്‍ കരിയറില്‍ വഴിത്തിരിവ്

2002ല്‍ ആദ്യമായി ഇന്ത്യന്‍ ഫാഷന്‍ വീക്കില്‍ സബ്യസാചി ഭാഗമായി. അദ്ദേഹത്തിന്റെ വിമണ്‍സ് വെയറിന് മികച്ച അഭിപ്രായവും അഭിനന്ദനവും ലഭിച്ചു. 2003ല്‍ സിംഗപ്പൂരില്‍ നടന്ന മെഴ്‌സിഡസ് ബെന്‍സ് ന്യൂ ഏഷ്യ ഫാഷന്‍ വീക്കില്‍ ഗ്രാന്‍ഡ് വിന്നര്‍ അവാര്‍ഡിന് അര്‍ഹനായി. പിന്നീട് നിരവധി ഫാഷന്‍ ഇവന്റുകളില്‍ പങ്കെടുത്ത സബ്യസാചിയുടെ കരിയറില്‍ വഴിത്തിരിവുണ്ടായത് 2006ലാണ്. ഓക്‌സഫോഡ് യൂണിവേഴ്‌സിറ്റി ആന്വല്‍ ബ്ലാക് ടൈ ചാരിറ്റി ഡിന്നര്‍ ഫാഷന്‍ ഷോയില്‍ Nair sisters എന്ന കളക്ഷന്‍ അവതരിപ്പിക്കാന്‍ സബ്യസാചിയ്ക്ക് ക്ഷണം ലഭിച്ചു. ലോകം മുഴുവന്‍ സബ്യസാചി എന്ന ഇന്ത്യന്‍ ഫാഷന്‍ ഡിസൈനറെ തിരിച്ചറിയാനുള്ള ഒരു തുടക്കമായിരുന്നു അത്. ന്യൂയോര്‍ക്ക് ഫഷന്‍ വീക്ക്, ലണ്ടന്‍ ഫാഷന്‍ വീക്ക്, ബ്രൈഡല്‍ ഏഷ്യ, ക്വാലാ ലംപൂര്‍ ഫാഷന്‍ വീക്ക്, മിയാമി ഫാഷന്‍ വീക്ക് തുടങ്ങി നിരവധി ഇവന്റുകളില്‍ സബ്യസാചി ഭാഗമായി. ആകര്‍ഷണീയവും വേറിട്ടതുമാണ് സബ്യസാചി എന്ന ലേബലില്‍ പുറത്തിറങ്ങുന്ന വസ്ത്രങ്ങള്‍.

സാമൂഹ്യപ്രവര്‍ത്തകനായ എന്‍ട്രപ്രണര്‍

മുര്‍ഷിദാബാദിലെ നെയ്ത്തുതൊഴിലാളികളെ സഹായിക്കാനായി സേവ് ദി സാരി എന്ന പേരില്‍ ആരംഭിച്ച പദ്ധതി സബ്യസാചി എന്ന എന്‍ട്രപ്രണറിലെ സാമൂഹ്യപ്രവര്‍ത്തകനെ കാണിച്ചു തരുന്നു. 3500 രൂപ വിലയില്‍ വില്‍പ്പന നടത്തുന്ന സാരിയുടെ മുഴുവന്‍ വരുമാനവും നെയ്ത്തുതൊഴിലാളികളിലേക്ക് എത്തുന്നു. ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായി ബച്ചനും വിദ്യ ബാലനും ഇതിന് പിന്തുണ നല്‍കുന്നു.

ബ്ലാക്കിലൂടെ ബോളിവുഡിലേക്ക്

സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിലൂടെ സബ്യസാചി ബോളിവുഡിന്റെ തിളക്കമുള്ള ഡിസൈനറായി. മികച്ച കോസ്റ്റിയൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‌കാരമാണ് 2005ല്‍ സബ്യസാചിയ്ക്ക് ബ്ലാക്ക് നേടിക്കൊടുത്തത്. ബാബൂല്‍, രാവണ്‍, പാ, നോ വണ്‍ കില്‍ഡ് ജസീക്ക, ഇംഗ്ലീഷ് വിന്‍ഗ്ലീഷ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ സബ്യസാചിയുടെ കയ്യൊപ്പ് പതിഞ്ഞു.

ബോളിവുഡ് വിവാഹങ്ങള്‍ക്ക് തിളക്കമേകി സബ്യസാചി

അനുഷ്‌ക-വിരാട് കോലി, ദീപിക പദുകോണ്‍, ബിപാഷ ബസു, വിദ്യ ബാലന്‍, സാമന്ത, ഇഷ അംബാനി തുടങ്ങിയവരുടെ വിവാഹ വസ്ത്രങ്ങള്‍ക്ക് തിളക്കം നല്‍കിയത് സബ്യസാചിയുടെ കരവിരുതാണ്

എന്‍ട്രപ്രണര്‍ഷിപ്പിന്റെ ഡിസൈന്‍ മനസിലാക്കിയ സംരംഭകന്‍

കഴിഞ്ഞ 15 വര്‍ഷം കൊണ്ട് തന്റെ ഡിസൈനുകളിലൂടെ ഇന്ത്യന്‍ കൈത്തറിയെ മുന്നോട്ട് നയിക്കാന്‍ സബ്യസാചി ശ്രമിച്ചിട്ടുണ്ട്. ഖാദി, കോട്ടണ്‍, സില്‍ക്ക് കൈത്തറി വസ്ത്രങ്ങള്‍ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തില്‍ ഇടം നേടാന്‍ സബ്യസാചിയ്ക്ക് സാധിച്ചത് ‘എന്‍ട്രപ്രണര്‍ഷിപ്പിന്റെ ഡിസൈന്‍’ മനസിലാക്കിയടത്താണ്.

Leave a Reply

Back to top button