കേരള സ്റ്റാര്‍ട്ടപ്പ് മിഷന് രാജ്യത്തെ മറ്റ് ഇന്‍കുബേറ്ററുകള്‍ക്ക് മാതൃകയാണെന്ന് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളുടെ ദേശീയസംഘടനയായ ഇന്ത്യന്‍ സയന്‍സ് ആന്റ് ടെക്നോളജി എന്‍ട്രപ്രണേഴ്സ് പാര്‍ക്ക് ആന്റ് ബിസിനസ് ഇന്‍കുബേറ്റേഴ്സ് അസോസിയേഷന് (ISBA) പ്രസിഡന്റ് ഡോ.കെ.സുരേഷ് കുമാര്‍. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിലും അവയുടെ വിജയം ഉറപ്പാക്കുന്നതിലും ഇന്‍കുബേഷന്‍ സെന്ററുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. അതെല്ലാം കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ നിന്ന് പഠിക്കാനാകണമെന്ന് ഇസ്ബ വാര്‍ഷിക സമ്മേളനത്തില്‍ ഡോ.കെ.സുരേഷ് കുമാര്‍ പറഞ്ഞു.
ക്വാളിറ്റിയുള്ള ഡീലുകള്‍ നടക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം
കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടന്ന ഇസ്ബ പ്രീ കോണ്‍ഫറന്‍സ് യോഗത്തില്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ക്വാളിറ്റിയുള്ള ഡീലുകളാണ് നടക്കുന്നതെന്ന് ISBA വൈസ് പ്രസിഡന്റ് ഡോ.എ.ബാലചന്ദ്രന് Channeliamനോട് പറഞ്ഞു.
രാജ്യത്തെ ഇന്‍കുബേഷന്‍ സംവിധാനത്തിലുണ്ടായത് കാതലായ മാറ്റം
മൂന്ന് പതിറ്റാണ്ടുകള്‍ കൊണ്ട് രാജ്യത്തെ ഇന്‍കുബേഷന്‍ സംവിധാനത്തില്‍ കാതലായ മാറ്റമുണ്ടായെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് ഇസ്ബ പ്രീ കോണ്‍ഫറന്‍സില്‍ പറഞ്ഞു. ഭൗതിക ഉത്പന്നങ്ങളില്‍ നിന്ന് മാറി വിജ്ഞാന സംബന്ധിയായ സാങ്കേതികവിദ്യയില്‍ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങളിലാണ് ഇന്ന് സ്റ്റാര്‍ട്ടപ്പുകള്‍ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളായിരുന്നു ആദ്യകാലത്തെ സ്റ്റാര്‍ട്ടപ്പുകളുടെയും ഇന്‍കുബേറ്ററുകളുടെയും പ്രധാനവെല്ലുവിളിയെങ്കില് ഇപ്പോള്‍ അത് നിക്ഷേപ സാധ്യതകളാണെന്ന് ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. നിക്ഷേപം കണ്ടെത്തുന്നതിന് എന്തെല്ലാം മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നത് യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വിഷയങ്ങളില്‍ ചര്‍ച്ച
പുതിയ ഇന്‍കുബേറ്ററുകളുടെ പ്രവര്‍ത്തനത്തിലെ സങ്കീര്‍ണതകള്‍, സീഡ് ഫണ്ട് മാനേജ്മെന്റ്, ഫാബ് ലാബുകളും മേക്കര്‍ സംവിധാനങ്ങളും എന്നീ മൂന്നു വിഷയങ്ങളിലാണ് ഇസ്ബ പ്രീ കോണ്‍ഫറന്‍സില്‍ ചര്‍ച്ചകള്‍ നടന്നത്. പുതിയ ഇന്‍കുബേറ്ററുകളുടെ പ്രവര്‍ത്തനത്തിലെ സങ്കീര്‍ണതകള്‍ എന്ന വിഷയത്തില്‍ മുംബൈ സെന്റര്‍ ഫോര്‍ ഇന്‍കുബേഷന്‍ ആന്‍ഡ് ബിസിനസ് ആക്സിലറേഷന്റെ സിഇഒയായ പ്രസാദ് എം മേനോന്, എന്‍ഐടി കോഴിക്കോട്ടെ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററിന്റെ മാനേജരായ പ്രീതി എം എന്നിവര്‍ സംസാരിച്ചു.
സീഡ് ഫണ്ട് മാനേജ്മെന്റ് എന്ന വിഷയത്തില്‍ ബോംബെ ഐഐടിയിലെ സൊസൈറ്റി ഫോര്‍ ഇന്നോവേഷന്‍ ആന്റ് ഓന്‍ട്രപ്രണര്‍ഷിപ്പ് മാനേജര്‍ പ്രസാദ് ഷെട്ടി, പുണെയിലെ നിക്ഷേപകരായ വെഞ്ച്വര്‍ സെന്റര്‍ ഇന്ത്യയുടെ മാനേജര്‍ ശ്രുതി ദേവസ്ഥലി, അഹമ്മദാബാദ് ഐഐഎമ്മിലെ സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍കുബേഷന്‍ ആന്‍ഡ് ഒന്‍ട്രപ്രണര്‍ഷിപ്പ് വൈസ് പ്രസിഡന്റ് വിപുല്‍ പട്ടേല്‍ എന്നിവര്‍ സംസാരിച്ചു.
മേക്കര്‍വില്ലേജിലെ കമ്പനികളുടെ പ്രദര്‍ശനവും
ഫാബ് ലാബുകളും മേക്കര്‍ സംവിധാനങ്ങളും എന്ന വിഷയത്തില്‍ റിസര്‍ച്ച് ഇന്നോവേഷന്‍ ഇന്‍കുബേഷന്‍ ഡിസൈന്‍ ലാബ് സിഇഒ ഗൗരംഗ് ഷെട്ടി, ബംഗളുരുവിലെ ആര്ട്ട്ലാബ് ഫൗണ്ടേഷന് ഡയറക്ടര്‍ പവന് കുമാര്‍ ഗുപ്ത, ഡിസൈന്‍ തിങ്കേഴ്സ് ഗ്രൂപ്പിന്റെ മാനേജിംഗ് പാര്‍ട്ട്ണര്‍ അദിതി ഗുപ്ത എന്നിവരാണ് സംസാരിച്ചത്.
ഇലക്ട്രോണിക് ഹാര്ഡ്വെയര് ഇന്‍കുബേറ്ററായ മേക്കര്‍വില്ലേജിലെ കമ്പനികളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. മേക്കര്‍വില്ലേജിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സിഇഒ പ്രസാദ് ബാലകൃഷ്ണന് നായര്‍ അവതരണം നടത്തി.