ഇലക്ട്രിക്കല്‍ വാഹനങ്ങളിലേക്ക് രാജ്യം ചുവടുവെയ്ക്കുമ്പോള്‍ ഇന്ത്യന്‍ നിരത്തുകളില്‍ കണ്ണുവെയ്ക്കുകയാണ് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ബൈസിക്കിള്‍ ബ്രാന്‍ഡ് Tezlaa. പ്രകൃതിസൗഹൃദവും ഫ്യുയല്‍ എഫിഷ്യന്റുമായ ഈ ഇലക്ട്രിക് ബൈസിക്കിളിന് സവിശേഷതകള്‍ ഏറെയുണ്ട്.
കൊച്ചിയിലെ ഇലക്ട്രോണിക്ക് ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിലെ സ്മാഡോ ലാബ്സ് എന്ന സ്റ്റാര്‍ട്ടപ്പാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ഇ-ബൈസിക്കിള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്. മിഥുന്‍ വി ശങ്കര്‍, ജിഷ്ണു പി, അഷിന്‍ എന്നീ മൂന്ന് ചെറുപ്പക്കാരാണ് ടെസ്ലയുടെ ആശയത്തിന് പിന്നില്‍. ടെസ്ലയുടെ ലോഞ്ച് കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടന്നു.
ഒരു സൈക്കിള്‍ യുഗം വീണ്ടും വരണമെന്ന ചിന്തയില്‍ നിന്നാണ് ഇലക്ട്രിക് ബൈസിക്കിള്‍ നിര്‍മ്മിച്ചതെന്ന് Smado ലാബ്സ് സിഇഒ മിഥുന്‍ വി ശങ്കര്‍ Channeliamനോട് പറഞ്ഞു. ആല്‍ഫ, ആല്‍ഫ പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് സൈക്കിള്‍ ഇറക്കുന്നത്. 2 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 50 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്നതാണ് ആല്‍ഫ മോഡല്‍. ആല്‍ഫ പ്രോയില്‍ 100 കിലോമീറ്റര്‍ വരെയും യാത്ര ചെയ്യാം. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്യുമ്പോള്‍ 1.7 യൂണിറ്റ് കറന്റാണ് ചെലവാകുക. അതിന്റെ ചിലവെന്ന് പറയുന്നത് രണ്ട് രൂപയാണ്. 2 രൂപയ്ക്ക് 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്ന് CTO ജിഷ്ണു പി പറഞ്ഞു.
ഫോള്‍ഡ് ചെയ്ത് എവിടേക്കും കൊണ്ടുപോകാം, റസ്റ്റ് ആന്റ് ഡസ്റ്റ് പ്രൂഫാണ്, രണ്ട് പ്രൈസ് വേരിയന്റുകളില്‍ അവയ്ലബിളുമാണ്.ആല്‍ഫയുടെ വില 49,500 രൂപയാണ്, ആല്‍ഫ പ്രോയുടേത് 69,500 രൂപയും. 2 വര്‍ഷത്തെ വാറന്റിയും ഓള്‍ കേരള സര്‍വീസും ഇവര്‍ ഉറപ്പാക്കുന്നു. ഇതിനൊപ്പം ഗവണ്‍മെന്റ് സബ്സിഡിയും ലഭിക്കുമെന്ന് COO അഷിന്‍ വ്യക്തമാക്കി.
ബാറ്ററിയും മോട്ടറും അലുമിനിയം അലോയ് ഫ്രെയിമിലാണുണ്ടാക്കിയിരിക്കുന്നത്. ബാറ്ററി റിമൂവ് ചെയ്ത് വീടിനകത്തോ ഓഫീസിലോ കൊണ്ടുപോയി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 21 ഗിയറുള്ള സൈക്കിള്‍, ആക്സിലറേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ബൈക്ക്, പ്രായമായവര്‍ക്ക് ഉപയോഗിക്കാവുന്ന പെഡല്‍ അസിസ്റ്റന്റ് മോഡ് എന്നിങ്ങനെ മൂന്ന് മോഡുകളില്‍ ഇ-ബൈസിക്കിള്‍ ഉപയോഗിക്കാം.
രാജ്യമാകെ ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള ഷിഫ്റ്റിന് തയ്യാറെടുക്കുമ്പോള്‍ കേരളത്തില്‍ നിന്ന് ആ ദൗത്യത്തിലേക്ക് ഇ-ബൈസിക്കിളിലൂടെ ചുവടുവെച്ച Tezlaaയുടെ മാര്‍ക്കറ്റ് സാധ്യത വളരെ വലുതാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളാണ് മാര്‍ക്കറ്റിംഗിനായി Tezlaa ഉപയോഗിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ Tezlaaയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം.