പൂര്‍വവിദ്യാര്‍ഥി സംഗമങ്ങള്‍ക്ക് കേരളത്തില്‍ ഗ്ലാമറും താരപരിവേഷവും കിട്ടിയത് ക്ലാസ്‌മേറ്റ്‌സ് എന്ന പൃഥ്വിരാജ് ചിത്രമിറങ്ങിയതോടെയാണ്. നൊസ്റ്റാള്‍ജിയ ധാരാളമുള്ള പഴയ കലാലയമുറ്റത്തേക്ക് ഒരു വട്ടം കൂടി തിരിച്ചുപോകാനുള്ള പൂര്‍വവിദ്യാര്‍ഥികളുടെ ആഗ്രഹത്തിന് പിന്തുണ നല്‍കുകയാണ് തരുണ്‍ ഉദയരാജും അനൂപ് ജോണും ഫൗണ്ടേഴ്‌സായ Flockforge എന്ന സ്റ്റാര്‍ട്ടപ്പ്.
പൂര്‍വവിദ്യാര്‍ഥികളെ ഒരുമിപ്പിക്കാന്‍
സ്‌കൂളുകളിലെയും കോളേജുകളിലെയും അലുമ്നി അസോസിയേഷനുകളുമായി കണക്ട് ചെയ്ത് പൂര്‍വവിദ്യാര്‍ഥികളെ ഒരുമിപ്പിച്ച് കൊണ്ടുവരുകയെന്ന ലക്ഷ്യത്തിലാണ് Flockforge ആരംഭിച്ചതെന്ന് ഫൗണ്ടര്‍ തരുണ്‍ ഉദയരാജ് പറഞ്ഞു. ഇതിനായി വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ഉള്‍പ്പെടുത്തി ഒരുക്കിയ പ്ലാറ്റ്ഫോമാണ് Flockforge.
അലുമ്നികള്‍ക്ക് പലതും ചെയ്യാന്‍ കഴിയും
പൂര്‍വ വിദ്യാര്‍ഥികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒത്തുകൂടുമ്പോള്‍ അവര്‍ക്ക് കോളേജിനോ സ്‌കൂളിനോ സമൂഹത്തിനോ വേണ്ടി എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കാറുണ്ട്. ഈ ചിന്തയാണ് Flockforge എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാന്‍ പ്രചോദനമായത്. തിരുവനന്തപുരം സിഇടിയിലെ പൂര്‍വവിദ്യാര്‍ഥികളാണ് തരുണും അനൂപും. സിഇടിയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് തരുണ്‍ അതേ കോളേജിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്ന അനൂപ് ജോണുമായി കണ്ടുമുട്ടുന്നതും ആ കൂടിക്കാഴ്ച Flockforge എന്ന സ്റ്റാര്‍ട്ടപ്പാകുന്നതും.
തൊഴിലവസരങ്ങളും ഒരുക്കും
മെഡിക്കല്‍ കോളേജ്, ലൊയോള സ്‌കൂള്‍, കേന്ദ്രീയ വിദ്യാലയ തുടങ്ങിയയിടങ്ങളിലും Flockforge സേവനം ലഭ്യമാകുന്നുണ്ട്. അലുമ്‌നി അസോസിയേഷനുകള്‍ നടക്കുമ്പോള്‍ പൂര്‍വവിദ്യാര്‍ഥികളെ കോര്‍ഡിനേറ്റ് ചെയ്യുക, സ്ഥലം തീരുമാനിക്കുക, അലുമ്‌നികളുടെ സംഭവനകള്‍ കോളേജിനോ സ്‌കൂളിനോ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളാണ് Flockforge ചെയ്യുന്നത്. അലുമ്‌നികള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനും സാധിക്കും. കേരളത്തില്‍ പഠിക്കാന്‍ മിടുക്കരായതും എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ വിദ്യാര്‍ഥികള്‍ക്കായി ഒരു സ്‌കോളര്‍ഷിപ്പും സിഇടിയിലെ അലുമ്‌നി അസോസിയേഷന്‍ നല്‍കുന്നുണ്ട്. നിലവില്‍ 600 വിദ്യാര്‍ഥികള്‍ ഈ സ്‌കോളര്‍ഷിപ്പിന്റെ ഭാഗമാണ്.